പന്തീരാങ്കാവ് യുഎപിഎ അറസ്റ്റ്: അലനും താഹയും ജാമ്യത്തിനായി ഇന്ന് ഹൈക്കോടതിയെ സമീപിക്കും
ജാമ്യാപേക്ഷ തള്ളിയ കോഴിക്കോട് ജില്ലാ പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതി വിധി ചോദ്യംചെയ്താണ് ഹൈക്കോടതിയെ സമീപിക്കുന്നത്.
കോഴിക്കോട്: പന്തീരാങ്കാവില്‍ മാവോവാദി ബന്ധമാരോപിച്ച് യുഎപിഎ ചുമത്തി പോലിസ് അറസ്റ്റുചെയ്ത അലന്‍ ഷുഹൈബും താഹാ ഫസലും ഇന്ന് ഹൈക്കോടതിയില്‍ ജാമ്യഹരജി സമര്‍പ്പിക്കും. ജാമ്യാപേക്ഷ തള്ളിയ കോഴിക്കോട് ജില്ലാ പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതി വിധി ചോദ്യംചെയ്താണ് ഹൈക്കോടതിയെ സമീപിക്കുന്നത്. പ്രതികള്‍ക്കെതിരേ പ്രഥമദൃഷ്ട്യാ കുറ്റം നിലനില്‍ക്കുമെന്ന് വ്യക്തമാക്കിയാണ് കീഴ്‌ക്കോടതി ജാമ്യാപേക്ഷ തള്ളിയത്. യുഎപിഎ നിലനില്‍ക്കുന്നതിനാല്‍ ജാമ്യം നല്‍കാനാവില്ലെന്നും കോടതി ഉത്തരവില്‍ വ്യക്തമാക്കിയിരുന്നു. കേസില്‍ കൂടുതല്‍ അന്വേഷണം നടത്തേണ്ടതുണ്ടെന്നും പ്രതികള്‍ പുറത്തിറങ്ങുന്നത് അന്വേഷണത്തെ ബാധിക്കുമെന്നും പ്രോസിക്യൂഷനും നിലപാടെടുത്തു.
അതേസമയം, കേസ് കെട്ടിച്ചമച്ചതാണെന്നും പ്രതികള്‍ക്കെതിരേ മതിയായ തെളിവുകള്‍ ഹാജരാക്കാന്‍ പ്രോസിക്യൂഷന് കഴിഞ്ഞിട്ടില്ലെന്നുമാണ് ഹരജിക്കാരുടെ വാദം. പോലിസ് പിടിച്ചെടുത്ത പുസ്തകങ്ങള്‍ വിപണിയില്‍ ലഭ്യമായിട്ടുള്ളതാണെന്നും പ്രതിഭാഗം അഭിഭാഷകര്‍ കോടതിയില്‍ ചൂണ്ടിക്കാട്ടിയിരുന്നു. പ്രതികളെ കസ്റ്റഡിയില്‍ വാങ്ങാനായി അന്വേഷണസംഘം കോടതിയില്‍ അപേക്ഷ നല്‍കിയിട്ടുണ്ട്. അറസ്റ്റിലായവരെക്കൊണ്ട് സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിലെത്തിച്ച് തെളിവെടുപ്പ് നടത്താനുള്ള തയ്യാറെടുപ്പിലാണ് അന്വേഷണസംഘം. രക്ഷപ്പെട്ട മൂന്നാമനായി തിരച്ചില്‍ ഊര്‍ജിതമാക്കിയതായും പോലിസ് പറയുന്നു.