യുഎപിഎ അറസ്റ്റ്: പോലിസിന്റെ ലക്ഷ്യം ദുരൂഹം; രൂക്ഷവിമര്‍ശനവുമായി സിപിഐ മുഖപത്രം

പന്തീരാങ്കാവ് അറസ്റ്റിന്റെ പിന്നാമ്പുറം അത്യന്തം സംശയകരമായി തുടരുന്ന അട്ടപ്പാടി മഞ്ചിക്കണ്ടി വനാന്തരത്തിലെ വ്യാജ ഏറ്റുമുട്ടലാണെന്ന കാര്യത്തില്‍ സംശയമില്ല. വിദ്യാര്‍ഥികളെ പിടികൂടി കരിനിയമം ചുമത്തിയതോടെ കാടിനുള്ളിലെ കൊടുംക്രൂരതയുടെ വാര്‍ത്തകള്‍ വഴിതിരിഞ്ഞുവെന്നത് ശ്രദ്ധേയം.

Update: 2019-11-04 03:07 GMT

തിരുവനന്തപുരം: കോഴിക്കോട് മാവോവാദി ബന്ധമാരോപിച്ച് യുഎപിഎ ചുമത്തി യുവാക്കളെ അറസ്റ്റുചെയ്ത സംഭവത്തില്‍ പോലിസിനെതിരേ രൂക്ഷവിമര്‍ശനമുന്നയിച്ച് സിപിഐ മുഖപത്രമായ ജനയുഗം. 'യുഎപിഎ സര്‍ക്കാരിനുനേരെയുള്ള ചൂണ്ടുവിരലായിക്കൂടാ' എന്ന തലക്കെട്ടില്‍ ജനയുഗം പ്രസിദ്ധീകരിച്ച മുഖപ്രസംഗത്തിലാണ് സര്‍ക്കാരിനെയും പോലിസിനെതിരേ ആഞ്ഞടിച്ചിരിക്കുന്നത്. പാലക്കാട് മഞ്ചിക്കണ്ടിയിലെ തണ്ടര്‍ബോള്‍ട്ടിന്റെ മാവോവാദി വേട്ടയിലും കോഴിക്കോട്ടെ യുവാക്കളുടെ അറസ്റ്റിലും പോലിസിന്റെ നടപടിയെ സിപിഐ നിശിതമായി വിമര്‍ശിച്ചിരുന്നു. മുന്നണിയിലെ പ്രധാന കക്ഷിയായ സിപിഐ പോലിസിനെതിരേ പരസ്യമായി രംഗത്തുവന്നിരിക്കുന്നത് ആഭ്യന്തരവകുപ്പിനെ കൂടുതല്‍ പ്രതിരോധത്തിലാക്കിയിരിക്കുകയാണ്.

ഒരു ലഘുലേഖയുടെ പശ്ചാത്തലത്തില്‍ വിദ്യാര്‍ഥികള്‍ക്ക് മാവോവാദി ബന്ധമുണ്ടെന്ന് പോലിസ് ആവര്‍ത്തിക്കുന്നതിന്റെ പിന്നിലെ ലക്ഷ്യം ദുരൂഹമാണെന്ന് മുഖപ്രസംഗം കുറ്റപ്പെടുത്തുന്നു. വസ്തുതാപരമായ യാതൊരു അന്വേഷണവും ഇക്കാര്യത്തില്‍ നടന്നിട്ടില്ല എന്നത് പകല്‍പോലെ സത്യവുമാണ്. അതുകൊണ്ടുതന്നെയാണ് എന്ത് മാനദണ്ഡമനുസരിച്ചാണ് ഈയൊരു അറസ്റ്റ് എന്ന ചോദ്യത്തിന് വിശദീകരണമില്ലാത്തത്. സിപിഎം സംസ്ഥാന നേതൃസമിതിയും നേതാക്കളും യുവജനസംഘടനയുമെല്ലാം ഈ വിദ്യാര്‍ഥികള്‍ക്കെതിരേ യുഎപിഎ ചുമത്തിയതിനെതിരേ പ്രതികരിച്ചിട്ടുമുണ്ട്. എന്നിരുന്നാലും പന്തീരാങ്കാവ് അറസ്റ്റിന്റെ പിന്നാമ്പുറം അത്യന്തം സംശയകരമായി തുടരുന്ന അട്ടപ്പാടി മഞ്ചിക്കണ്ടി വനാന്തരത്തിലെ വ്യാജ ഏറ്റുമുട്ടലാണെന്ന കാര്യത്തില്‍ സംശയമില്ല.  വിദ്യാര്‍ഥികളെ പിടികൂടി കരിനിയമം ചുമത്തിയതോടെ കാടിനുള്ളിലെ കൊടുംക്രൂരതയുടെ വാര്‍ത്തകള്‍ വഴിതിരിഞ്ഞുവെന്നത് ശ്രദ്ധേയം. വനത്തില്‍ പോലിസും തണ്ടര്‍ബോള്‍ട്ടും ഇപ്പോഴും കാവലുണ്ട്.

സ്ഥിതിഗതികള്‍ പരിശോധിക്കാനും പഠിക്കാനുമെത്തിയ സിപിഐ നേതാക്കളെയും ജനപ്രതിനിധികളെയും ഇവര്‍ തടഞ്ഞ സംഭവമുണ്ടായി. അവിടെ അധിവസിക്കുന്നവരെല്ലാം ഭീതിയോടെയാണ് നാളുകള്‍ തള്ളിനീക്കുന്നത്. വായനയും ചിന്തയും ജീവിതശീലമാക്കിയവര്‍ കേരളത്തിലെ പോലിസിനെ ഭയക്കുന്ന സ്ഥിതിവിശേഷം ഉണ്ടായിക്കൂടാ. വായനാമുറിയിലെ പുസ്തകങ്ങളുടെ പേരില്‍ തീവ്രവാദിയും ഭീകരവാദിയുമായി കരിനിയമം ചാര്‍ത്തുന്നത് ന്യായീകരിക്കാനാവില്ല. എന്റെ സത്യാന്വേഷണ പരീക്ഷണം വായിക്കുന്ന തീവ്രമാവോവാദിയെ ഗാന്ധിയനായി കാണുന്നതിലും അര്‍ഥമില്ല. ആരാണ് മനുഷ്യരെ വെടിവച്ചുകൊല്ലാനും ലഘുലേഖയുടെ പേരില്‍ അറസ്റ്റിനും കരിനിയമം ചുമത്തി തുറുങ്കിലടപ്പിക്കാനും പോലിസിന് അധികാരം നല്‍കിയതെന്ന സംശയം സര്‍ക്കാരിന് മുന്നില്‍ ചൂണ്ടുവിരലായി നിന്നുകൂടാ.

സമൂഹത്തിന്റെ ചോദ്യത്തിന് മറുപടി പറയേണ്ടത് ഭരണകൂടമാണെന്ന ബോധ്യം പോലിസ് ഉദ്യോഗസ്ഥരില്‍ ഇല്ലാതെപോയിരിക്കുന്നു. ഇത് യുഎപിഎയുടെ കാര്യത്തില്‍ മാത്രമല്ലെന്നത് സംശയകരവുമാണ്. കേരളം പോലുള്ള ജനാധിപത്യ സംസ്ഥാനത്തെ പോലിസിന് എളുപ്പത്തില്‍ എടുത്തുയര്‍ത്താനാവുന്ന ഒന്നല്ല കേന്ദ്രസര്‍ക്കാരിന്റെ ഈ വിവിധോദ്ദേശ്യ കരിനിയമം. എന്നാല്‍, അതിരുവിട്ട് അതെടുത്തു പ്രയോഗിച്ചതിന്റെ അലയൊലികളാണ് ഇന്ന് കേരളത്തെയാകെ അമ്പരപ്പിച്ചിട്ടുള്ളത്. വിഷയത്തെ രാഷ്ട്രീയമായി സര്‍ക്കാരിനെതിരേ തിരിച്ചുവിടാന്‍ അവസരമൊരുക്കിക്കൂടാ. അതിന് പോലിസ് ഉദ്യോഗസ്ഥരുടെ നിഗൂഢമായ നീക്കങ്ങളെ നിരീക്ഷിക്കേണ്ടിയിരിക്കുന്നുവെന്നും മുഖപ്രസംഗം മുന്നറിയിപ്പ് നല്‍കുന്നു. 

Tags:    

Similar News