രമണ്‍ ശ്രീവാസ്തവയെ വിശ്വസിച്ചവര്‍ക്കെല്ലാം പണികിട്ടിയിട്ടുണ്ട്; ചാരക്കേസ് അടക്കം ഓര്‍മിപ്പിച്ച് കെ മുരളീധരന്‍ എംപി

മുന്‍മുഖ്യമന്ത്രി കെ കരുണാകരന്റെ പടിയിറക്കത്തില്‍ മുഖ്യപങ്ക് വഹിച്ചയാളാണ് രമണ്‍ ശ്രീവാസ്തവ. രാജ്യദ്രാഹിയെന്ന് വിളിച്ചവര്‍ തന്നെ ശ്രീവാസ്തവയെ തലയിലേറ്റി നടക്കുകയാണ്.

Update: 2020-12-01 10:59 GMT

കോഴിക്കോട്: കെഎസ്എഫ്ഇയിലെ വിജിലന്‍സ് റെയ്ഡിന് പിന്നില്‍ പ്രവര്‍ത്തിച്ചത് മുഖ്യമന്ത്രിയുടെ പോലിസ് ഉപദേശകന്‍ രമണ്‍ ശ്രീവാസ്തവയാണെന്ന ആരോപണങ്ങളോട് പ്രതികരിച്ച് കെ മുരളീധരന്‍ എംപി. രമണ്‍ ശ്രീവാസ്തവയെ വിശ്വസിച്ചവര്‍ക്കെല്ലാം പണികിട്ടിയിട്ടുണ്ടെന്നും ശ്രീവാസ്തവ മന്ത്രിമാരേക്കാള്‍ ശക്തനായി മാറിയെന്നും കെ മുരളീധരന്‍ പറഞ്ഞു. മുന്‍ മുഖ്യമന്ത്രി കെ കരുണാകരന്‍ ഉള്‍പ്പെടെ ശ്രീവാസ്തവയെ വിശ്വസിച്ചവര്‍ക്കൊക്കെ പണികിട്ടിയിട്ടുണ്ട്.

ഐഎസ്ആര്‍ഒ ചാരക്കേസ് ഓര്‍മിപ്പിച്ചായിരുന്നു മുരളീധരന്റെ പരാമര്‍ശം. മുന്‍മുഖ്യമന്ത്രി കെ കരുണാകരന്റെ പടിയിറക്കത്തില്‍ മുഖ്യപങ്ക് വഹിച്ചയാളാണ് രമണ്‍ ശ്രീവാസ്തവ. രാജ്യദ്രാഹിയെന്ന് വിളിച്ചവര്‍ തന്നെ ശ്രീവാസ്തവയെ തലയിലേറ്റി നടക്കുകയാണ്. വര്‍ഷങ്ങള്‍ക്ക് മുമ്പ് കരുണാകരന്‍ ഭരിക്കുന്ന കാലയളവില്‍ പിണറായി വിജയന്‍ എംഎല്‍എ ആയിരുന്നപ്പോഴാണ് ചാരമുഖ്യന്‍ രാജിവയ്ക്കുക, ശ്രീവാസ്തവയെ അറസ്റ്റുചെയ്യുക എന്ന മുദ്രാവാക്യം ഉയര്‍ന്നത്.

ആ ശ്രീവാസ്തവ ഇപ്പോള്‍ പിണറായിയുടെ ഏറ്റവും വലിയ വിശ്വസ്തനായി. ശിവശങ്കറുണ്ടാക്കിയ പരിക്കിനൊപ്പം ശ്രീവാസ്തവ കൂടിയായാല്‍ പിണറായിക്കത് തിരിച്ചടിയാവുമെന്നും മുരളീധരന്‍ വ്യക്തമാക്കി. ഏറെ കോളിളക്കം സൃഷ്ടിച്ച ഐഎസ്ആര്‍ഒ ചാരക്കേസിന്റെ സമയത്ത് ദക്ഷിണമേഖലാ ഐജിയായിരുന്ന ശ്രീവാസ്തവയക്ക് കേസിലെ പ്രതികളുമായി ബന്ധമുണ്ടെന്ന് ആരോപണമുയര്‍ന്നിരുന്നു.

Tags:    

Similar News