ക്രമക്കേട് ആരോപണം: കെഎസ്എഫ്ഇ മുഴുവൻ ശാഖകളിലും ആഭ്യന്തര ഓഡിറ്റ് നടത്തും
കഴിഞ്ഞ രണ്ട് വർഷത്തെ വിവരങ്ങൾ ശേഖരിച്ച് പരിശോധിക്കും.
തിരുവനന്തപുരം: വിജിലൻസ് റെയ്ഡിനെ തുടർന്ന് ക്രമക്കേട് ആരോപണങ്ങൾ ഉയർന്നതോടെ മുഴുവൻ ശാഖകളിലും ആഭ്യന്തര ഓഡിറ്റ് നടത്താനൊരുങ്ങി കെഎസ്എഫ്ഇ. വിജിലൻസ് പരിശോധന നടത്തിയ 36 യൂണിറ്റുകളിൽ കഴിഞ്ഞദിവസം കെഎസ്എഫ്ഇ ആഭ്യന്തര ഓഡിറ്റ് നടത്തിയിരുന്നു. ഇതേ തുടർന്നാണ് ശേഷിക്കുന്ന 577 ശാഖകകളിലും ഇന്നുമുതൽ ആഭ്യന്തര ഓഡിറ്റിങ് ആരംഭിക്കാൻ തീരുമാനം. കഴിഞ്ഞ രണ്ട് വർഷത്തെ വിവരങ്ങൾ പരിശോധിക്കും.
ക്രമക്കേടെന്ന് പേരിൽ അനൗദ്യോഗികമായി വിജിലൻസ് പുറത്തുവിട്ട കാര്യങ്ങളുടെ വസ്തുത ഉറപ്പിക്കാനും തെറ്റാണെന്ന് സ്ഥാപിക്കാനുമാണ് ഓഡിറ്റ് നടത്താൻ ഒരുങ്ങുന്നത്. യൂണിറ്റുകളിലെ സാമ്പത്തിക ഇടപാടുകളിൽ ഗുരുതരമായ ക്രമക്കേടുകൾ കണ്ടെത്തിയിട്ടില്ല. വിജിലൻസ് വിഭാഗം ചൂണ്ടിക്കാട്ടിയ പൊള്ളച്ചിട്ടി ഉൾപ്പെടെയുള്ള വിഷയങ്ങളുടെ വിശദാംശങ്ങൾ ശേഖരിക്കാനും നിർദേശമുണ്ട്. ചിട്ടി സെക്യൂരിറ്റി ട്രഷറിയിൽ നിക്ഷേപിക്കുന്നില്ലെന്ന ആക്ഷേപവും വിജിലൻസ് ഉയർത്തിയിരുന്നു. സെക്യൂരിറ്റിയുടെ മൂല്യനിർണയം സംബന്ധിച്ചുള്ള അപാകതകൾ പരിഹരിക്കുന്നതിന് മാനോജർമാരുടെ ഒരു സമിതി രൂപീകരിക്കാനും കെഎസ്എഫ്ഇ തീരുമാനിച്ചിച്ചിട്ടുണ്ട്.