കെഎസ്ആര്‍ടിസി ദീര്‍ഘദൂര സര്‍വീസുകള്‍ ഇന്ന് മുതല്‍; യാത്ര ഇരുന്ന് മാത്രം

Update: 2021-06-09 00:51 GMT

തിരുവനന്തപുരം: ലോക്ക് ഡൗണില്‍ ഇളവ് നല്‍കിയ സാഹചര്യത്തില്‍ കെഎസ്ആര്‍ടിസി ദീര്‍ഘദൂര സര്‍വീസുകള്‍ ഇന്ന് മുതല്‍ പുനരാരംഭിക്കും. പരിമിതമായ ദീര്‍ഘദൂര സര്‍വീസുകളാവും നടത്തുക. സംസ്ഥാനത്ത് കൊവിഡ് രണ്ടാം വ്യാപനം തുടങ്ങിയതോടെ മെയ് എട്ടിന് കെഎസ്ആര്‍ടിസി സര്‍വീസുകള്‍ അവസാനിപ്പിച്ചിരുന്നു. രോഗവ്യാപനം കുറഞ്ഞതിനെത്തുടര്‍ന്നാണ് കെഎസ്ആര്‍ടിസി സര്‍വീസുകള്‍ പുനരാരംഭിക്കാന്‍ ചീഫ് സെക്രട്ടറി അനുമതി നല്‍കിയത്.

യാത്രക്കാരുടെ ലഭ്യതയ്ക്ക് അനുസരിച്ചായിരിക്കും സര്‍വീസുകളെന്ന് ഗതാഗത മന്ത്രി ആന്റണി രാജു രാജു അറിയിച്ചു. സര്‍വീസുകളെക്കുറിച്ചുള്ള വിവരങ്ങള്‍ 'എന്റെ കെഎസ്ആര്‍ടിസി' മൊബൈല്‍ ആപ്പിലും www.keralartc.com എന്ന വെബ്‌സൈറ്റിലും ലഭിക്കും. ടിക്കറ്റുകള്‍ ഓണ്‍ലൈനിലൂടെ റിസര്‍വ് ചെയ്യാം. നാഷണല്‍ ഹൈവേ, എംസി റോഡ്, മറ്റ് പ്രധാന സ്റ്റേറ്റ് ഹൈവേകള്‍ എന്നിവിടങ്ങളിലൂടെയാണു സര്‍വീസുകള്‍ നടത്തുന്നത്.

ഓര്‍ഡിനറി, ബോണ്ട് തുടങ്ങിയ ഇപ്പോഴത്തെ സര്‍വീസുകള്‍ നിലവിലുള്ളതുപോലെ തുടരും. കര്‍ശന നിയന്ത്രണമുള്ള 12, 13 തിയ്യതികളില്‍ ദീര്‍ഘദൂര സര്‍വീസുകളുണ്ടാവില്ല. യാത്രക്കാര്‍ ആവശ്യമുള്ള രേഖകള്‍ കരുതണം. കൊവിഡ് പ്രോട്ടോക്കോള്‍ പാലിച്ചായിരിക്കും സര്‍വീസുകള്‍ എന്നതിനാല്‍ ബസ്സുകളില്‍ ഇരുന്നുമാത്രമേ യാത്ര അനുവദിക്കൂ. ലോക്ക് ഡൗണ്‍ പിന്‍വലിക്കുന്ന 17ന് ദീര്‍ഘദൂര സര്‍വീസുകള്‍ പൂര്‍ണമായും പുനരാരംഭിക്കുമെന്നും ഗതാഗത മന്ത്രി അറിയിച്ചു.

Tags:    

Similar News