കെഎസ്ആര്‍ടിസി എംഡിയായി എം പി ദിനേശ് ചുമതലയേറ്റു

Update: 2019-02-07 06:03 GMT

തിരുവനന്തപുരം: കെഎസ്ആര്‍ടിസിയുടെ പുതിയ എംഡിയായി എം പി ദിനേശ് ചുമതലയേറ്റു. ടോമിന്‍ തച്ചങ്കരിയെ മാറ്റിയ ഒഴിവിലാണ് എം പി ദിനേശിനെ പുതിയ എംഡിയായി കഴിഞ്ഞയാഴ്ച ചേര്‍ന്ന മന്ത്രിസഭാ യോഗം നിയമിച്ചത്. കൊച്ചി സിറ്റി പോലിസ് കമ്മീഷണറുടെ ചുമതല വഹിച്ചുവരികയായിരുന്നു. ഇന്നുരാവിലെ പത്തരയോടെ തിരുവനന്തപുരത്ത് ചീഫ് ഓഫീസിലെത്തിയാണ് ദിനേശ് ചുമതലയേറ്റത്. മുന്‍ധാരണയില്ലാതെയാണ് ചുമതല ഏറ്റെടുക്കുന്നതെന്ന് അദ്ദേഹം പ്രതികരിച്ചു. എല്ലാവരേയും സഹകരിപ്പിച്ച് മുന്നോട്ടു കൊണ്ടുപോവാനാണ് ആഗ്രഹിക്കുന്നത്. ഇതിനായി എല്ലാവരുമായും ചര്‍ച്ച നടത്തുമെന്നും അദ്ദേഹം പറഞ്ഞു.

നാല് മാസം മാത്രമാണ് ദിനേശിന് സര്‍വീസ് കാലാവധിയുള്ളത്. അതേസമയം, കോടതി ഉത്തരവിന്റെ പശ്ചാത്തലത്തില്‍ പിരിച്ചുവിട്ട എംപാനല്‍ കണ്ടക്ടര്‍മാര്‍ സെക്രട്ടേറിയറ്റിന് മുന്നില്‍ നടത്തുന്ന സത്യഗ്രഹ സമരം രാപ്പകല്‍ സമരമാക്കി മാറ്റി. 18 ദിവസമായി തുടരുന്ന സമരം രമ്യമായി പരിഹരിക്കാന്‍ സര്‍ക്കാരും മാനേജ്‌മെന്റും തയ്യാറാവണമെന്ന് താല്‍ക്കാലിക കണ്ടക്ടര്‍മാരുടെ കൂട്ടായ്മ ആവശ്യപ്പെട്ടു.


Tags:    

Similar News