കെഎസ്ആര്‍ടിസി പണിമുടക്ക് മാറ്റിവയ്ക്കില്ലെന്ന് സമരസമിതി

Update: 2019-01-16 11:12 GMT

തിരുവനന്തപുരം: കെഎസ്ആര്‍ടിസിയില്‍ ഇന്നു അര്‍ധരാത്രി മുതല്‍ ആരംഭിക്കാനിരിക്കുന്ന സമരം മാറ്റിവെക്കില്ലെന്ന് ജീവനക്കാരുടെ സംയുക്ത സമരസമിതി വ്യക്തമാക്കി. കെഎസ്ആര്‍ടിസിക്കും ജീവനക്കാര്‍ക്കും എതിരായ പരിഷ്‌കരണത്തിനെതിരെയാണ് സമരമെന്ന് നേതാക്കള്‍ കൂട്ടിച്ചേര്‍ത്തു. കോടതിവിധിക്ക് എതിരല്ല യൂനിയന്റെ തീരുമാനം. ആര് ചര്‍ച്ചയ്ക്ക് വിളിച്ചാലും പോവുമെന്നും നേതാക്കള്‍ വ്യക്തമാക്കി. നാളെ രാവിലെ 10ന് ലേബര്‍ കമ്മീഷന്‍ ഓഫീസില്‍ ചര്‍ച്ച നടത്തുമെന്ന് മന്ത്രി എ കെ ശശീന്ദ്രനും അറിയിച്ചു. അതേസമയം, കെഎസ്ആര്‍ടിസി ജീവനക്കാരുടെ അനിശ്ചിതകാല പണിമുടക്ക് ഹൈക്കോടതി തടഞ്ഞിരുന്നു. ഒത്തുതീര്‍പ്പ് ചര്‍ച്ചയില്‍ പങ്കെടുക്കാനും കോടതി തൊഴിലാളികള്‍ക്ക് നിര്‍ദേശം നല്‍കി.

ചര്‍ച്ചകളില്‍ തീരുമാനമായ ശേഷം മാത്രമേ തുടര്‍നടപടികളെ കുറിച്ച് ആലോചിക്കാവു എന്ന കര്‍ശന നിര്‍ദേശമാണ് കോടതി സമരക്കാര്‍ക്ക് നല്‍കിയിരുന്നത്. തൊഴിലാളി പ്രശ്നങ്ങള്‍ പരിഹരിക്കാനുള്ള വേദികള്‍ അതിനായി ഉപയോഗിക്കണം. നാളത്തെ ചര്‍ച്ചയ്ക്ക് ആവശ്യമായ സജ്ജീകരണങ്ങള്‍ ഒരുക്കാന്‍ കെഎസ്ആര്‍ടിസിയോടും കോടതി ആവശ്യപ്പെട്ടു. ഹൈക്കോടതി എംഡി ടോമിന്‍ തച്ചങ്കരിക്കും ഹൈക്കോടതിയുടെ ഭാഗത്ത് നിന്ന് വിമര്‍ശനമുണ്ടായിരുന്നു. സമരക്കാര്‍ നേരത്തെ നോട്ടീസ് നല്‍കിയിട്ടും ചര്‍ച്ചയ്ക്ക് വിളിക്കാന്‍ വൈകിയെന്ന കാരണത്താലാണ് തച്ചങ്കരിയെ കോടതി വിമര്‍ശിച്ചത്. പ്രശ്നങ്ങള്‍ പരിഹരിക്കാന്‍ മുന്‍കൈ എടുക്കേണ്ടത് മാനേജ്മെന്റാണെന്നും കോടതി ചൂണ്ടിക്കാട്ടി. കേസ് ചൊവ്വാഴ്ച വീണ്ടും പരിഗണിക്കും.


Tags:    

Similar News