ഡെലിവറി ഓര്‍ഡര്‍ നിര്‍ത്തിവെച്ച് കെഎസ്ആര്‍ടിസി; പാഴ്സല്‍ ആയി പച്ചക്കറികളും മത്സ്യവും വേണ്ട

കൊച്ചി: '16 മണിക്കൂറിനുള്ളില്‍ കേരളത്തില്‍ എവിടെയും എത്തിക്കും' കെഎസ്ആര്‍ടിസിയുടെ കൊറിയര്‍ ആന്റ് പാഴ്സല്‍ സംരംഭത്തിന്റെ ടാഗ്ലൈന്‍ ഇതാണ്. പാഴ്സല്‍ സര്‍വീസ് ക്ലിക്ക് ആകാന്‍ ഈ ടാഗ് ലൈന്‍ സഹായിച്ചതോടെ, പച്ചക്കറികള്‍, മത്സ്യം തുടങ്ങി പെട്ടെന്ന് കേടാകുന്ന വസ്തുക്കളുമായി പാഴ്സല്‍ കൗണ്ടറിന് മുന്നില്‍ ഉപഭോക്താക്കള്‍ ക്യൂ നില്‍ക്കുന്നതിന് ഇത് കാരണമായി. പെട്ടെന്ന് കേടാകുന്ന വസ്തുക്കള്‍ വേഗത്തില്‍ ഡെലിവറി ചെയ്യുമെന്ന പ്രതീക്ഷയാണ് ഉപഭോക്താക്കളെ കെഎസ്ആര്‍ടിസിയുടെ പാഴ്സല്‍ സര്‍വീസിലേക്ക് ആകര്‍ഷിച്ചത്. എന്നാല്‍ ഇത്തരം പാഴ്സല്‍ സംബന്ധിച്ച് പരാതികള്‍ ഉയര്‍ന്നതോടെ പെട്ടെന്ന് കേടാകുന്ന വസ്തുക്കളുടെ ഡെലിവറി ഓര്‍ഡര്‍ സ്വീകരിക്കുന്നത് നിര്‍ത്തിവെച്ചിരിക്കുകയാണ് കെഎസ്ആര്‍ടിസി.
കഴിഞ്ഞ 11 മാസത്തിനുള്ളില്‍ പാഴ്സല്‍ സര്‍വീസിലൂടെ എട്ടു കോടി രൂപയുടെ വരുമാനമാണ് കെഎസ്ആര്‍ടിസി നേടിയത്. അതിനിടെ എളുപ്പം കേടാകുന്ന വസ്തുക്കളുടെ ഡെലിവറിയുമായി ബന്ധപ്പെട്ട് പരാതികള്‍ ഉയര്‍ന്നതോടെയാണ് ഇവയുടെ ഓര്‍ഡര്‍ സ്വീകരിക്കുന്നത് കെഎസ്ആര്‍ടിസി നിര്‍ത്തിവെച്ചത്. '2023 മധ്യത്തിലാണ് കൊറിയര്‍ സേവനം ആരംഭിച്ചത്.
പാഴ്സല്‍ സര്‍വീസിലൂടെ ശരാശരി പ്രതിമാസ വരുമാനം 50 ലക്ഷമായി വര്‍ദ്ധിച്ചു. വൈറ്റില ഹബ്ബിലെ പാഴ്‌സല്‍ കൗണ്ടര്‍ ആണ് ഏറ്റവും മികച്ച പ്രകടനം കാഴ്ചവെയ്ക്കുന്നത്. പ്രതിമാസം 30 ലക്ഷം രൂപയുടെ വരുമാനമാണ് ഈ കൗണ്ടറില്‍ നിന്ന് ലഭിക്കുന്നത്. ഇപ്പോള്‍ ഏറ്റവും കൂടുതല്‍ ഡെലിവറി ചെയ്യുന്നത് മെഷീന്‍ പാര്‍ട്സുകളാണ്.