കെഎസ്ആര്‍ടിസി പുതിയ ബസുകള്‍ വാങ്ങും; കിഫ്ബിയിൽ നിന്നും 259 കോടി അനുവദിച്ചു
ഇലക്ട്രിക് ബസുകള്‍ വാങ്ങുന്നതിനുള്ള 27.50 കോടി രൂപ കേന്ദ്ര സര്‍ക്കാരിന്റെ ഫെയിം ടു പദ്ധതിയുടെ കീഴിലെ സബ്‌സിഡി വഴി ലഭ്യമാകും.
തിരുവനന്തപുരം: കെഎസ്ആര്‍ടിസിയ്ക്ക് പുതിയ 360 ബസുകള്‍ വാങ്ങാന്‍ ഗതാഗതവകുപ്പിന്റെ അനുമതി. ഇതിനായി കിഫ്ബിയില്‍ നിന്നും 259 കോടി രൂപ വായ്പയായി അനുവദിച്ചു. 50 ഫാസ്റ്റ് പാസഞ്ചര്‍ വൈദ്യുതി ബസുകളും, 310 സിഎന്‍ജി സൂപ്പര്‍ഫാസ്റ്റ് ബസുകളുമാണ് വാങ്ങുന്നത്. ബസുകള്‍ വാങ്ങാന്‍ 286.50 കോടി രൂപയാണ് ആകെ ചെലവ് വരുന്നത്. ഇതില്‍ ഇലക്ട്രിക് ബസുകള്‍ വാങ്ങുന്നതിനുള്ള 27.50 കോടി രൂപ കേന്ദ്ര സര്‍ക്കാരിന്റെ ഫെയിം ടു പദ്ധതിയുടെ കീഴിലെ സബ്‌സിഡി വഴി ലഭ്യമാകും. ശേഷിക്കുന്ന തുകയായ 259 കോടി രൂപ കിഫ്ബിയില്‍ നിന്നും നാല് ശതമാനം പലിശയ്ക്കാണ് നല്‍കുന്നത്.
കഴിഞ്ഞ കിഫ്ബി ബോര്‍ഡ് യോഗത്തിലാണ് കെഎസ്ആര്‍ടിസിയ്ക്ക് ബസ് വാങ്ങുന്നതിന് തുക അനുവദിക്കാന്‍ തീരുമാനമായത്. ഡല്‍ഹി മാതൃകയില്‍ തിരുവനന്തപുരത്തെ ഗ്രീന്‍ സിറ്റി ആക്കാനുള്ള ഉദ്യമത്തിന്റെ ഭാഗമായാണ് കെഎസ്ആര്‍ടിസി പദ്ധതി നടപ്പിലാക്കുന്നതെന്ന് ഗതാഗത മന്ത്രി എ. കെ ശശീന്ദ്രന്‍ പറഞ്ഞു.മൂന്നു വര്‍ഷത്തിനുള്ളില്‍ സിഎന്‍ജി ,എല്‍എന്‍ജി ഇലക്ട്രിക് ബസുകള്‍ തിരുവനന്തപുരത്ത് പൂര്‍ണമായി നടപ്പിലാക്കാനാണ് ശ്രമം. സിഎന്‍ജി പമ്പുകള്‍ സ്ഥാപിക്കുന്നതിനായി ഓയില്‍ കമ്പനികള്‍ ജില്ലയില്‍ പഠനം നടത്തി വരുന്നതായും മന്ത്രി അറിയിച്ചു. എല്‍എന്‍ജിയുടെ വില വിപണിയില്‍ വളരെ കുറവാണ്. ഇന്ത്യന്‍ ഓയില്‍ കോര്‍പറേഷന്‍ 44 രൂപയ്ക്കാണ് ഒരു കിലോ എല്‍എന്‍ജി നല്‍കുന്നത്. സിഎന്‍ജി 57. 3 രൂപയ്ക്കാണ് ലഭ്യമാകുന്നത്. നിലവില്‍ ഡീസല്‍ വാങ്ങുന്നതിന് ലിറ്ററിന് 71 രൂപ വരെ നല്‍കേണ്ടി വരുന്നു. പുതിയ സംവിധാനത്തിലേയ്ക്ക് മാറിയാല്‍ ഏകദേശം 30 ശതമാനം വരെ ഫ്യൂവല്‍ ചേഞ്ച് വഴി സാമ്പത്തിക ലാഭം ഉണ്ടാവുമെന്നാണ് കെഎസ്ആര്‍ടിസിയുടെ കണക്കുകൂട്ടല്‍.