കുഞ്ഞാലിക്കുട്ടിയുമായി കൂടിക്കാഴ്ച നടത്തി; സ്ഥിരീകരിച്ച് കെ ടി ജലീല്‍

Update: 2022-02-20 14:31 GMT

മലപ്പുറം: മുസ്‌ലിം ലീഗ് നേതാവും എംഎല്‍എയുമായ പി കെ കുഞ്ഞാലിക്കുട്ടിയുമായി കൂടിക്കാഴ്ച നടത്തിയെന്ന വാര്‍ത്തകള്‍ തള്ളാതെ കെ ടി ജലീല്‍ എംഎല്‍എ. രാഷ്ട്രീയ നിലപാടുകള്‍ വേറെ, സൗഹൃദം വേറെ. പൊതുരംഗത്തുള്ളവര്‍ പരസ്പരം കാണുന്നതിലും സംസാരിക്കുന്നതിലും അസ്വാഭാവികമായി ഒന്നുമില്ലെന്നും ജലീല്‍ ഫേസ്ബുക്കില്‍ കുറിച്ചു. ഇടതുപക്ഷ രാഷ്ട്രീയത്തിന് കരുത്തുപകരുകയാണ് സമകാലിക സാഹചര്യത്തില്‍ ചിന്തിക്കുന്നവരുടെ ധര്‍മം. ഭൂരിപക്ഷ വര്‍ഗീയത തിമര്‍ത്താടുമ്പോള്‍ മതേതരവാദികള്‍ക്കും ന്യൂനപക്ഷ വിഭാഗങ്ങള്‍ക്കും വിശ്വസിച്ച് അണിനിരക്കാവുന്ന പക്ഷം ഇടതുപക്ഷമാണ്.

മര്‍ദ്ദിത ന്യൂനപക്ഷ സമുദായങ്ങളും അധസ്ഥിത പിന്നാക്ക വിഭാഗങ്ങളും ഈ യാഥാര്‍ഥ്യം മനസ്സിലാക്കി ഒറ്റക്കും കൂട്ടായും ശരിയായ ദിശയിലേക്ക് വരുന്നുണ്ട്. ഭാവിയില്‍ അത് ശക്തിപ്പെടുകയും പൂര്‍ണത പ്രാപിക്കുകയും ചെയ്യും. അന്ന് ഫാഷിസ്റ്റുകള്‍ മാത്രം ഒരു ചേരിയിലും ഫാഷിസ്റ്റ് വിരുദ്ധരെല്ലാം മറുചേരിയിലുമായി അണിനിരക്കും. അധികം വൈകാതെ അത് സംഭവിക്കുക തന്നെ ചെയ്യും. അങ്ങിനെ കേരളം ഇന്ത്യയ്ക്ക് വഴികാട്ടുമെന്നും ജലീല്‍ വ്യക്തമാക്കി. കഴിഞ്ഞ ദിവസമാണ് കുഞ്ഞാലിക്കുട്ടി- ജലീല്‍ കൂടിക്കാഴ്ച നടന്നുവെന്ന വാര്‍ത്തകള്‍ പുറത്തുവന്നത്. കുറ്റിപ്പുറത്തെ വ്യവസായിയുടെ വീട്ടിലായിരുന്നു രഹസ്യ കൂടിക്കാഴ്ച.

അടച്ചിട്ട മുറിയില്‍ നടന്ന ഒരുമണിക്കൂറോളം നീണ്ട കൂടിക്കാഴ്ചയില്‍ തനിക്കെതിരായ അഴിമതി ആരോപണങ്ങളില്‍നിന്നും പിന്‍മാറണമെന്ന് കുഞ്ഞാലിക്കുട്ടി ജലീലിനോട് അഭ്യര്‍ഥിച്ചു. പിന്നീട് തിരുവനന്തപുരത്തും ഇരുവരും തമ്മില്‍ കണ്ടുവെന്നും വാര്‍ത്തകളുണ്ടായിരുന്നു. എആര്‍ നഗര്‍ സഹകരണ ബാങ്കിനെ മറയാക്കി കുഞ്ഞാലിക്കുട്ടി 300 കോടിയുടെ കള്ളപ്പണം വെളിപ്പിച്ചെന്നും ഇതെക്കുറിച്ച് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് അന്വേഷിക്കണമെന്നും ജലീല്‍ നേരത്തെ ആരോപിച്ചിരുന്നു. കുടുംബത്തെ ഉപദ്രവിക്കരുതെന്ന് കെ ടി ജലീലിനോട് പി കെ കുഞ്ഞാലിക്കുട്ടി ആവശ്യപ്പെട്ടതായാണ് റിപോര്‍ട്ട്. എന്നാല്‍, ഈ ആരോപണം സിപിഎം ഏറ്റെടുത്തിരുന്നില്ല. അതേസമയം, കെ ടി ജലീലുമായി പി കെ കുഞ്ഞാലിക്കുട്ടി ചര്‍ച്ച നടത്തിയെന്ന വാര്‍ത്തകള്‍ മുസ്‌ലിം ലീഗ് തള്ളിയിരുന്നു.

Tags:    

Similar News