കേരളം ഉള്‍ക്കടല്‍ മല്‍സ്യബന്ധനത്തിന് ഉടന്‍ അനുമതി നല്‍കും: മന്ത്രി സജി ചെറിയാന്‍

ഇതിനായി മത്സ്യതൊഴിലാളികളെ സംസ്ഥാന സര്‍ക്കാര്‍ തന്നെ പരിശീലിപ്പിക്കും.ഉള്‍ക്കടല്‍ മല്‍സ്യബന്ധനത്തിന് അനുമതി നല്‍കാതെ, 12 നോട്ടിക്കല്‍ മൈല്‍ ദൂരപരിധിക്കുള്ളില്‍ വലവീശിയാലൊന്നും ആവശ്യത്തിന് മീന്‍ ലഭിക്കല്ലെന്നും മന്ത്രി സജി ചെറിയാന്‍ പറഞ്ഞു.

Update: 2022-01-06 13:56 GMT

കൊച്ചി: ഉള്‍ക്കടല്‍ മല്‍സ്യബന്ധനത്തിന് സംസ്ഥാനം ഉടന്‍ അനുമതി നല്‍കുമെന്ന് സംസ്ഥാന ഫിഷറീസ് മന്ത്രി സജി ചെറിയാന്‍.കേരള ഫിഷറീസ് സമുദ്രപഠന സര്‍വ്വകലാശാലയില്‍ (കുഫോസ്) ഫിഷറീസ് രംഗത്തും അക്വാകള്‍ച്ചര്‍ കൃഷി രീതികളിലും വരുത്തേണ്ട കാലാനുസൃത മാറ്റങ്ങളെ കുറിച്ച് ചര്‍ച്ചചെയ്യാനായി ചേര്‍ന്ന ദേശിയ സെമിനാര്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി.ഇതിനായി തിരഞ്ഞെടുത്ത മല്‍സ്യതൊഴിലാളികള്‍ക്ക് സംസ്ഥാന സര്‍ക്കാര്‍ തന്നെ പരിശീലനം നല്‍കും. ഉള്‍ക്കടല്‍ മല്‍സ്യബന്ധനത്തിന് അനുമതി നല്‍കാതെ, 12 നോട്ടിക്കല്‍ മൈല്‍ ദൂരപരിധിക്കുള്ളില്‍ വലവീശിയാലൊന്നും ആവശ്യത്തിന് മീന്‍ ലഭിക്കല്ലെന്നും മന്ത്രി സജി ചെറിയാന്‍ പറഞ്ഞു.

മലയാളിക്ക് ഭക്ഷിക്കാന്‍ ഇഷ്ടമുള്ള രുചിയുള്ള മല്‍സ്യം കൃഷിചെയ്യാനുള്ള സാങ്കേതികവിദ്യയുടെ അഭാവം, ജലാശയങ്ങളില്‍ മല്‍സ്യങ്ങള്‍ക്ക് വളരാന്‍ കഴിയാത്തവണ്ണമുള്ള അമിതമായ മാലിന്യതോത്, കര്‍ഷകന് ലാഭകരമായി കൃഷി തുടരാനുള്ള സാഹചര്യത്തിന്റെ അഭാവം, കാലാവസ്ഥ വ്യതിയാനം സൃഷ്ടിക്കുന്ന പ്രതിസന്ധികള്‍ ഈ കാരണങ്ങളാണ് കേരളത്തിലെ അക്വാകള്‍ച്ചര്‍ രംഗം നേരിടുന്ന പ്രധാന വെല്ലുവിളികളെന്നും മന്ത്രി പറഞ്ഞു. സംസ്ഥാന ഫിഷറീസ് ഡിപ്പാര്‍ട്ട്‌മെന്റിന്റെ കാര്യക്ഷതമ ഇല്ലായ്മയും സ്ഥിതിഗതി വഷളാക്കുന്നു. ക്രിയാത്മകമായ ഒരു ഫലവും നല്‍കാതെ എല്ലാവര്‍ഷവും കോടിക്കണക്കിന് രൂപ പാഴാക്കിക്കളയുന്ന വകുപ്പായിരിക്കുന്നു ഫിഷറീസ് ഡിപ്പാര്‍ട്ട്‌മെന്റ്. ഈ സ്ഥിതിക്ക് മാറ്റം ഉണ്ടാകണം, മാറേണ്ടവര്‍ മാറണമെന്നും മന്ത്രി സജി ചെറിയാന്‍ പറഞ്ഞു.

മുന്‍ഫിഷറീസ് മന്ത്രി കെ ബാബു എംഎല്‍എ അധ്യക്ഷത വഹിച്ചു. സംസ്ഥാന ഫിഷറീസ് ഡയറക്ടര്‍ ആര്‍ ഗിരിജ, കുഫോസ് വൈസ് ചാന്‍സലര്‍ ഡോ.കെ റിജി ജോണ്‍, രജിസ്ട്രാര്‍ ഡോ.ബി മനോജ്കുമാര്‍, ഫിഷറീസ് ഡീന്‍ ഡോ.റോസ്ലിന്റ് ജോര്‍ജ് പ്രസംഗിച്ചു. മുന്നൂറോളം പ്രതിനിധികള്‍ പങ്കെടുക്കുന്ന സെമിനാര്‍ വെള്ളിയാഴ്ച വൈകിട്ട് സമാപിക്കും. പരിസ്ഥിതി സൗഹൃദമായ സുസ്ഥിര മല്‍സ്യകൃഷിരീതികളിലൂടെ മല്‍സ്യ ഉല്‍പാദനം ഗണ്യമായി വര്‍ധിപ്പിക്കുകയും അതുവഴി മല്‍സ്യകര്‍ഷകരുടെ വരുമാനം വലിയതോതില്‍ ഉയര്‍ത്തുകയും ചെയ്യുന്ന തരത്തിലുള്ള മാതൃക വികസിപ്പിക്കുക എന്ന ലക്ഷ്യത്തോടെ, കുഫോസും ഫിഷറീസ് ഡിപ്പാര്‍ട്ട്‌മെന്റും സംയുക്തമായാണ് ദേശിയ സെമിനാര്‍ സംഘടിപ്പിച്ചിരിക്കുന്നത്.

Tags:    

Similar News