കുട്ടനാട് ഉപതിരഞ്ഞെടുപ്പ് ഏപ്രിലില്‍: സീറ്റില്‍ തര്‍ക്കം തുടരുന്നു

ജോസ്-ജോസഫ് ഗ്രൂപ്പുകളുമായി ശനിയാഴ്ച കോണ്‍ഗ്രസ് ചര്‍ച്ച നടത്തും. തമ്മിലടിച്ച് പാലാ ആവര്‍ത്തിക്കരുതെന്ന് കഴിഞ്ഞ യുഡിഎഫ് യോഗത്തില്‍ കേരള കോണ്‍ഗ്രസ്സിലെ ഇരു വിഭാഗത്തോടും കോണ്‍ഗ്രസ് ആവശ്യപ്പെട്ടിരുന്നു.

Update: 2020-02-27 06:30 GMT

തിരുവനന്തപുരം: കുട്ടനാട് ഉപതിരഞ്ഞെടുപ്പ് ഏപ്രിലില്‍ നടന്നേക്കുമെന്ന് മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസര്‍ ടിക്കാറാം മീണ. സാമ്പത്തിക വര്‍ഷാവസാനം ആയതിനാല്‍ മാര്‍ച്ചില്‍ തിരഞ്ഞെടുപ്പിന് സാധ്യതയില്ലെന്നും കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷന്‍ എന്ത് തീരുമാനിച്ചാലും സംസ്ഥാനം സജ്ജമെന്നും ടിക്കാറാം മീണ പറഞ്ഞു.

അതേസമയം, കുട്ടനാട് സീറ്റ് ഏറ്റെടുക്കുന്നതില്‍ കോണ്‍ഗ്രസില്‍ പ്രാഥമിക ധാരണയായെന്നായിരുന്നു കോണ്‍ഗ്രസ് നേതാവ് രമേശ് ചെന്നിത്തല പറഞ്ഞത്. ഇത് സംബന്ധിച്ച പ്രഖ്യാപനം ഘടകകക്ഷികളുമായുള്ള ചര്‍ച്ചയ്ക്ക് ശേഷമാകും ഉണ്ടാവുകയെന്നും കുട്ടനാട് സീറ്റ് അടക്കമുള്ള കാര്യങ്ങളില്‍ ഉഭയകക്ഷി ചര്‍ച്ചയിലൂടെ പരിഹാരം കാണുമെന്ന് കോണ്‍ഗ്രസ് നേതാവ് രമേശ് ചെന്നിത്തല പറഞ്ഞിരുന്നു. എന്നാല്‍ യുഡിഎഫില്‍ ഇക്കാര്യത്തില്‍ തര്‍ക്കം തുടരുകയാണെന്നാണ് പുതിയ വിവരം.

നിലവില്‍ കേരള കോണ്‍ഗ്രസ് എമ്മിനാണ് ഈ സീറ്റുള്ളത്. എന്നാല്‍ കേരള കോണ്‍ഗ്രസ് എമ്മിലെ തര്‍ക്കങ്ങളെ തുടര്‍ന്ന് സീറ്റ് ഏറ്റെടുക്കുന്ന കാര്യം കോണ്‍ഗ്രസ് പരിഗണിക്കുന്നുണ്ട്. ഇതിനെതിരെ ഇരു വിഭാഗവും രംഗത്തുവന്നിട്ടുണ്ട്. സ്ഥാനാര്‍ത്ഥിയെ നിര്‍ണ്ണയിക്കാന്‍ ജോസ് വിഭാഗം കുട്ടനാട്ടില്‍ പ്രത്യേക ഉപസമിതി യോഗം ചേര്‍ന്നു. സീറ്റ് വെച്ചുമാറാന്‍ തയ്യാറല്ലെന്ന് ജോസഫ് വിഭാഗവും വ്യക്തമാക്കി. ജോസ്-ജോസഫ് ഗ്രൂപ്പുകളുമായി ശനിയാഴ്ച കോണ്‍ഗ്രസ് ചര്‍ച്ച നടത്തും. തമ്മിലടിച്ച് പാലാ ആവര്‍ത്തിക്കരുതെന്ന് കഴിഞ്ഞ യുഡിഎഫ് യോഗത്തില്‍ കേരള കോണ്‍ഗ്രസ്സിലെ ഇരു വിഭാഗത്തോടും കോണ്‍ഗ്രസ് ആവശ്യപ്പെട്ടിരുന്നു.

വിജയസാധ്യത മുന്‍നിര്‍ത്തിയാണ് സീറ്റ് ഏറ്റെടുക്കാന്‍ കോണ്‍ഗ്രസ് ആലോചിക്കുന്നത്. എന്നാല്‍ ജോസ് കെ മാണി വിഭാഗം സീറ്റ് തങ്ങളുടേതാണെന്ന അവകാശവാദവുമായി മുന്നോട്ട് പോവുകയാണ്. ചങ്ങനാശ്ശേരി എസ്ബി കോളജ് അധ്യാപകന്‍ ഷാജോ കണ്ടകുടി, ജില്ലാപഞ്ചായത്തംഗം ബിനു ഐസക്ക് രാജു എന്നിവരെ സ്ഥാനാര്‍ത്ഥി പരിഗണനയ്ക്കായി ഹൈപ്പവര്‍ കമ്മിറ്റിക്ക് വിട്ടു. സീറ്റ് തങ്ങള്‍ക്ക് അവകാശപ്പെട്ടതാണെന്ന് നിലപാടില്‍ ഉറച്ചു നില്‍ക്കുകയാണ് പി ജെ ജോസഫും.

അതേ സമയം കൂട്ടനാട് സീറ്റ് സംബന്ധിച്ച് ആശങ്കയില്ലെന്നും ചര്‍ച്ചയിലൂടെ പരിഹരിക്കാന്‍ കഴിയുമെന്നും കെപിസിസി അധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രനന്‍ പറഞ്ഞു. ഈ മാസം 29 ന് കൊച്ചിയില്‍ ചേരുന്ന യുഡിഎഫ് യോഗത്തില്‍ ഇരുവിഭാഗവുമായി കോണ്‍ഗ്രസ് പ്രത്യേകം ചര്‍ച്ച നടത്തും. വിട്ടു വീഴ്ചയ്ക്ക് തയ്യാറാകണമെന്നതാണ് പ്രധാന ആവശ്യം.

മറുവശത്ത് എല്‍ഡിഎഫില്‍ കുട്ടനാട് സ്ഥാനാര്‍ഥി നിര്‍ണയം ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ തീരുമാനിക്കാന്‍ എന്‍സിപി കോര്‍ കമ്മിറ്റി, സംസ്ഥാന ഭാരവാഹി, നിര്‍വാഹക സമിതി യോഗങ്ങള്‍ ഇന്നു നടക്കുകയാണ്. തോമസ് ചാണ്ടിയുടെ അനുജന്‍ തോമസ് കെ തോമസിനെ സ്ഥാനാര്‍ഥിയാക്കണമെന്ന ആവശ്യം തോമസ് ചാണ്ടിയുടെ കുടുംബം ഉന്നയിച്ചിരിക്കുന്ന സാഹചര്യത്തില്‍ പാര്‍ട്ടിയിലെ എതിരഭിപ്രായം തര്‍ക്കത്തിനിടയാക്കിയേക്കാം. പാര്‍ട്ടി ജനറല്‍ സെക്രട്ടറി സലിം പി മാത്യു, സുല്‍ഫിക്കര്‍ മയൂരി എന്നീ പേരുകളും സ്ഥാനാര്‍ഥിത്വത്തിലേക്കു പറഞ്ഞു കേള്‍ക്കുന്നു.

Tags:    

Similar News