മുഖച്ഛായ മാറ്റി ലാലൂര്‍: അന്താരാഷ്ട്ര കായിക മേളകള്‍ക്ക് വേദിയാകും

നൂറ് കോടി രൂപ ചെലവഴിച്ച് ലാലൂരില്‍ ഐഎം വിജയന്റെ പേരില്‍ ഇന്റര്‍ നാഷണല്‍ സ്‌പോര്‍ട്‌സ് കോംപ്ലക്‌സിന്റെ നിര്‍മാണം പുരോഗമിക്കുകയാണ്.

Update: 2020-08-28 11:46 GMT

തൃശൂര്‍: നഗരത്തിന്റെ മാലിന്യ തൊട്ടി എന്നറിയപ്പെട്ടിരുന്ന ലാലൂര്‍ സ്വന്തം മുഖച്ഛായ മാറ്റുകയാണ്. അന്താരാഷ്ട്ര കായിക മേളകള്‍ക്ക് വേദിയൊരുക്കിയാണ് ലാലൂര്‍ മുഖം മാറ്റുന്നത്. നൂറ് കോടി രൂപ ചെലവഴിച്ച് ലാലൂരില്‍ ഐഎം വിജയന്റെ പേരില്‍ ഇന്റര്‍ നാഷണല്‍ സ്‌പോര്‍ട്‌സ് കോംപ്ലക്‌സിന്റെ നിര്‍മാണം പുരോഗമിക്കുകയാണ്.

ലാലൂരിനെ മാലിന്യവിമുക്തമാക്കുക എന്ന ലക്ഷ്യത്തില്‍ ഊന്നിയാണ് തൃശൂര്‍ കോര്‍പ്പറേഷന്റെ സ്വപ്ന പദ്ധതിയായ സ്‌പോര്‍ട്‌സ് കോംപ്ലക്‌സ് സ്‌റ്റേഡിയത്തിന്റെ നിര്‍മ്മാണം അതിവേഗം പൂര്‍ത്തിയായി കൊണ്ടിരിക്കുന്നത്.

സ്‌റ്റേഡിയം പൂര്‍ത്തീകരിച്ച് നാടിന് സമര്‍പ്പിക്കുന്നതോടെ ലോകത്തിന്റെ നാനാഭാഗത്തുനിന്നും ഫുട്‌ബോള്‍, ഇന്‍ഡോര്‍ ഗെയിംസ്, സ്വിമ്മിംഗ്, ഹോക്കി എന്നിങ്ങനെ പലവിഭാഗത്തില്‍പ്പെട്ട ധാരാളം അന്താരാഷ്ട്ര കായിക മത്സരങ്ങള്‍ ഇവിടെ വന്നു ചേരും. ഇതിന്റെ ഭാഗമായി ഇന്റര്‍നാഷണല്‍ ഷോപ്പിംഗ് മാള്‍, സ്‌പോര്‍ട്‌സ് ഹോസ്പിറ്റല്‍, ആയുര്‍വ്വേദ സ്പാ, വാക്കിംഗ് സ്ട്രീറ്റ്, സൈക്കിളിംഗ് ട്രാക്ക്, ബ്രാന്റ് ഹോട്ടല്‍സ്, മള്‍ട്ടി പ്ലക്‌സ് സിനിമാതിയേറ്റര്‍ അടക്കം ആധുനീക രീതിയിലുള്ള സംവിധാനങ്ങളോടെ സ്‌പോര്‍ട്‌സ് ടൗണ്‍ഷിപ്പ് നിര്‍മ്മിക്കുന്നതിനാണ് കോര്‍പ്പറേഷന്‍ കൗണ്‍സില്‍ യോഗത്തിന്റെ തീരുമാനം. 

Similar News