പുരാവസ്തു തട്ടിപ്പ്:മോന്‍സണ്‍ മാവുങ്കലിന്റെ സുഹൃത്തിന്റെ വീട്ടില്‍ നിന്നും തിമിംഗലത്തിന്റേതെന്ന് സംശയിക്കുന്ന വലിയ അസ്ഥികള്‍ പിടിച്ചെടുത്തു
വനം വകുപ്പിന്റെ നേതൃത്വത്തില്‍ മോന്‍സന്റെ വാഴക്കാലയിലെ സുഹൃത്തിന്റെ വീട്ടില്‍ നിന്നാണ് ഇവ കണ്ടെടുത്തത്.ഇവയില്‍ അലങ്കാര പണികളും നടത്തിയിട്ടുണ്ട്
കൊച്ചി: പുരാവസ്തുക്കളുടെ പേരില്‍ വന്‍ സാമ്പത്തിക തട്ടിപ്പ് നടത്തിയ കേസില്‍ അറസ്റ്റിലായ മോന്‍സണ്‍ മാവുങ്കലിന്റെ സുഹൃത്തിന്റെ വാടക വീട്ടില്‍ നിന്നും തിമിംഗലത്തിന്റേതെന്ന് സംശയിക്കുന്ന വലിയ അസ്ഥികള്‍ കണ്ടെടുത്തു.വനം വകുപ്പിന്റെ നേതൃത്വത്തില്‍ മോന്‍സന്റെ വാഴക്കാലയിലെ സുഹൃത്തിന്റെ വീട്ടില്‍ നിന്നാണ് ഇവ കണ്ടെടുത്തത്.ഇവയില്‍ അലങ്കാര പണികളും നടത്തിയിട്ടുണ്ട്.
പിടിച്ചെടുത്തത് വലിയ എതോ ജീവിയുടെ അസ്ഥികളാണെന്നാണ് പ്രാഥമികമായ അന്വേഷണത്തില്‍ വ്യക്തമാകുന്നതെന്ന് വനം വകുപ്പ് അധികൃതര്‍ പറഞ്ഞു.തുടര്‍ അന്വേഷണത്തിനായി ഇവ കോടനാട് റേഞ്ചിന് കൈമാറുമെന്നും അവിടെ നിന്നും ഇവ പരിശോധനയ്ക്കായി ലാബിലേക്ക് അയയ്ക്കുമെന്നും വനം വകുപ്പ് അധികൃതര്‍ വ്യക്തമാക്കി.
മോന്‍സന്‍ മാവുങ്കലിനെ കഴിഞ്ഞ ദിവസം ചോദ്യം ചെയ്തപ്പോള്‍ ഇത് സംബന്ധിച്ച് ക്രൈംബ്രാഞ്ചിന് ലഭിച്ച സൂചനയുടെ അടിസ്ഥാനത്തില്‍ ഫോറസ്റ്റ് അധികൃതര്‍ക്ക് വിവരം കൈമാറിയതിന്റെ അടിസ്ഥാനത്തിലായിരുന്നു പരിശോധനയെന്നാണ് വിവരം.മോന്‍സണ്‍ മാവുങ്കലിന്റെ ജീവനക്കാരന്‍ എന്ന് പരിചയപ്പെടുത്തിയ ആളാണ് ഇവ ഇവിടെ കൊണ്ടുവന്ന് വെച്ചതെന്നാണ് മോന്‍സണ്‍ മാവുങ്കലിന്റെ സുഹൃത്ത് പോലിസിന് നല്‍കിയിരിക്കുന്ന വിവരം.ശാസ്ത്രീയ പരിശോധനയ്ക്ക് ശേഷം മാത്രമെ ഇത് ഏതു ജീവിയുടെ അസ്ഥിയാണെന്ന് സ്ഥിരീകരണം ഉണ്ടാകുകയുള്ളു.