എല്‍ഡിഎഫ് പ്രവേശനം: കേരള കോണ്‍ഗ്രസ് ജോസ് വിഭാഗത്തില്‍ അമര്‍ഷം പുകയുന്നു; എതിര്‍പ്പുമായി ഒരുവിഭാഗം രംഗത്ത്
ജോസിനൊപ്പമുള്ള ഇടതുവിരുദ്ധരെ യുഡിഎഫില്‍ നിലനിര്‍ത്താന്‍ കോണ്‍ഗ്രസ് ശ്രമം തുടങ്ങി. ഇടതുമുന്നണിയിലേക്കുപോവാന്‍ താത്പര്യമില്ലാത്തവരുമായി കോണ്‍ഗ്രസ് ചര്‍ച്ചകള്‍ ആരംഭിച്ചു. എല്‍ഡിഎഫില്‍ ചേക്കേറിയാല്‍ ജോസ് പക്ഷത്ത് വിള്ളലുണ്ടാവുമെന്നാണ് യുഡിഎഫ് ഉറപ്പിക്കുന്നത്. ജോസിനൊപ്പം പോവാന്‍ ആഗ്രഹിക്കാത്തവരെ മുന്നണിയില്‍ പ്രത്യേകവിഭാഗമായി പരിഗണിക്കാനും കോണ്‍ഗ്രസ് തയ്യാറാണ്.
കോട്ടയം: കേരള കോണ്‍ഗ്രസ് (എം) ജോസ് വിഭാഗത്തിന് എല്‍ഡിഎഫിലേക്ക് ചേക്കേറാനുള്ള തടസ്സങ്ങള്‍ നീങ്ങിയെങ്കിലും പാര്‍ട്ടിക്കുള്ളിലെ ഒരുവിഭാഗത്തിന്റെ എതിര്‍പ്പ് പുതിയ വെല്ലുവിളിയാവുന്നു. യുഡിഎഫില്‍നിന്ന് പുറത്തുവന്ന് സ്വതന്ത്രനിലപാട് സ്വീകരിച്ചുവന്ന ജോസ് കെ മാണി എല്‍ഡിഎഫിലേക്ക് പോവുന്നുവെന്ന് ഏതാണ്ട് ഉറപ്പായ സ്ഥിതിക്കാണ് പാര്‍ട്ടിക്കുള്ളില്‍ അമര്‍ഷം പുകഞ്ഞുതുടങ്ങിയത്. ബാര്‍ കോഴക്കേസിന്റെ പേരില്‍ കെ എം മാണിയെ നിരന്തരമായി വേട്ടയാടുകയും രാഷ്ട്രീയജീവിതത്തില്‍ കരിനിഴല്‍ വീഴ്ത്തുകയും ചെയ്ത ഇടതുമുന്നണിയിലേക്ക് കേരള കോണ്‍ഗ്രസ് പോവുന്നത് അംഗീകരിക്കാനാവില്ലെന്നാണ് ഒരുവിഭാഗത്തിന്റെ നിലപാട്.
ജോസഫ് എം പുതുശ്ശേരി ഉള്‍പ്പെടെ ഒട്ടേറെ നേതാക്കള്‍ക്ക് എല്‍ഡിഎഫ് പ്രവേശനത്തോട് താത്പര്യമില്ലെന്നാണു വിവരം. ബാര്‍ കോഴക്കേസില്‍ കെ എം മാണിക്ക് സംരക്ഷണവലയം തീര്‍ത്ത യുഡിഎഫിനൊപ്പം കേരള കോണ്‍ഗ്രസ് തുടരണമെന്ന അഭിപ്രായമാണ് ഇവര്‍ക്കുള്ളത്. പാര്‍ട്ടി പ്രവര്‍ത്തകരും ചില നേതാക്കളും ഇത്തരമൊരു അഭിപ്രായം പാര്‍ട്ടി നേതൃത്വത്തെ അറിയിച്ചുകഴിഞ്ഞു. ഇടതുമുന്നണിയിലേക്ക് പോയാല്‍ പാര്‍ട്ടിക്കുള്ളില്‍ വീണ്ടുമൊരു പിളര്‍പ്പുണ്ടാവുമോയെന്നാണ് ജോസ് കെ മാണി അടക്കമുള്ളവരുടെ ആശങ്ക. അങ്ങനെ വന്നാല്‍ ജോസ് വിഭാഗത്തിലെ ഇടതുവിരോധമുള്ളവര്‍ പി ജെ ജോസഫിനൊപ്പം പോവാനുള്ള സാധ്യതയാണ് കൂടുതല്‍. യുഡിഎഫില്‍ തുടര്‍ന്നാലും പി ജെ ജോസഫ് വിഭാഗത്തിനാവും മേല്‍ക്കൈയെന്ന് ജോസ് പക്ഷം കരുതുന്നു. അതുകൊണ്ടുതന്നെ എല്‍ഡിഎഫിലെ ശക്തമായ സാന്നിധ്യമാണ് അവര്‍ ലക്ഷ്യമിടുന്നത്.
ജോസ് വിഭാഗത്തിന്റെ ഇടതുമുന്നണി ബാന്ധവത്തിനെതിരേ കെ എം മാണിയുടെ നിഴലായി കൂടെയുണ്ടായിരുന്ന പേഴ്‌സനല്‍ സ്റ്റാഫായിരുന്ന സിബി മാത്യു പുത്തേട്ടിന്റെ ഫെയ്‌സ്ബുക്ക് കുറിപ്പ്് ഇപ്പോള്‍ ചര്‍ച്ചയാവുകയാണ്. മാണിസാര്‍ ചോരനീരാക്കി കെട്ടിപ്പടുത്ത കേരളാ കോണ്‍ഗ്രസ് പ്രസ്ഥാനത്തെ എന്തിന്റെ പേര് പറഞ്ഞായാലും അദ്ദേഹത്തിന്റെ രാഷ്ട്രീയ എതിരാളികള്‍ക്കു മുന്നില്‍ തന്നെ കേവലം സ്ഥാനമാനങ്ങള്‍ക്കുവേണ്ടി അടിയറവുവയ്ക്കാന്‍ തയ്യാറെടുക്കുന്നവരോട് എനിക്ക് സഹതാപം മാത്രമാണെന്ന് സിബി മാത്യു പറയുന്നു. 'ബാര്‍ കോഴ അഴിമതിയുടെ പേരും പറഞ്ഞ് നിയമസഭയിലടക്കം അക്രമങ്ങള്‍ അഴിച്ച്ുവിട്ട് മാണിസാറിന്റെ മരണംവരെ നിരന്തരം വേട്ടയാടിയവര്‍. മിസ്റ്റര്‍ മാണി, കെടാത്ത തീയും ചാവാത്ത പുഴുവുമുള്ള നിത്യനരകത്തിലേക്ക് പോവുമെന്ന് പറഞ്ഞവര്‍.
കെ എം മാണിയുടെ വീട്ടില്‍ നോട്ടെണ്ണുന്ന മെഷീനുണ്ടെന്ന് പറഞ്ഞവര്‍, കെ എം മാണിയെ അഴിമതിയുടെ പര്യായമാക്കി മാറ്റി മന്ത്രിസ്ഥാനം രാജിവപ്പിച്ചവര്‍. മാണി സാറിന്റെ സ്വപ്നപദ്ധതിയായ കാരുണ്യ പദ്ധതിയോട് പോലും കാരുണ്യം കാണിക്കാത്തവര്‍. അവരോട് എന്തിന്റെ പേരുപറഞ്ഞ് സമരസപ്പെടാന്‍ അവശേഷിക്കുന്ന കേരളാ കോണ്‍ഗ്രസ് വിഭാഗത്തിന് കഴിയും. മാണിസാര്‍ മരിക്കുമ്പോഴും ഒപ്പത്തിനൊപ്പമുണ്ടായിരുന്ന വ്യക്തിയെന്ന നിലയില്‍ അടിച്ചുറച്ചുതന്നെ പറയട്ടെ, ബാര്‍ കോഴ വിഷയം മാണി സാറിന്റെ രാഷ്ട്രീയജീവിതത്തിലെ ഏറ്റവും വലിയ കരിനിഴലായിരുന്നു. ആ രാഷ്ട്രീയ കൊടുങ്കാറ്റിലും ഉലയാതെ സാറിനെ നിയമസഭക്കകത്തും പുറത്തും സംരക്ഷിച്ചത് കോണ്‍ഗ്രസ് പാര്‍ട്ടിയും യുഡിഎഫുമായിരുന്നു.
എന്നാല്‍, ഇപ്പോള്‍ രാഷ്ര്ടീയമായി എതിര്‍ക്കുന്നവരെ വെറുപ്പിച്ച് അവരെ കൂടുതല്‍ അകറ്റാനും ആജന്‍മശത്രുക്കളാക്കി മാറ്റാനും വെമ്പല്‍ കൊള്ളുന്ന ഇന്നത്തെ നേതൃത്വസമീപനത്തിലാണ് കേരളാ കോണ്‍ഗ്രസ് പ്രസ്ഥാനത്തിന്റെ ശാപം കുടികൊള്ളുന്നത്'- സിബി മാത്യു കുറിപ്പില്‍ വ്യക്തമാക്കുന്നു. സിബി മാത്യുവിന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റിനെ പിന്തുണച്ച് ജോസ് കെ മാണിക്കൊപ്പമുള്ളവര്‍ അടക്കം നിരവധി പേരാണ് രംഗത്തെത്തിയിരിക്കുന്നത്. കുറിപ്പിന് താഴെ കമന്റായി അവര്‍ ഇക്കാര്യം രേഖപ്പെടുത്തിയിട്ടുമുണ്ട്. ജോസ് വിഭാഗത്തിലുള്ളവരില്‍ പലരും സിബി മാത്യുവിനെ വിളിച്ച് അഭിനന്ദനം അറിയിക്കുകയും ചെയ്തിട്ടുണ്ട്. ഇടതുമുന്നണിയിലേക്ക് പോവുന്നതിനോട് എതിര്‍പ്പുള്ള വലിയൊരു വിഭാഗം ജോസ് കെ മാണി പക്ഷത്തുണ്ടെന്ന് സിബി മാത്യു തേജസ് ന്യൂസിനോട് പറഞ്ഞു.
ഇപ്പോഴത്തെ അവസ്ഥയില്‍ തനിക്ക് വലിയ വിഷമമുണ്ട്. അവര്‍ യുഡിഎഫ് മനസുള്ളവരാണ്. പലരും ജോസഫ് പക്ഷത്തേക്ക് പോവും. അല്ലാത്തവര്‍ രാഷ്ട്രീയം ഉപേക്ഷിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. അതേസമയം, ജോസിനൊപ്പമുള്ള ഇടതുവിരുദ്ധരെ യുഡിഎഫില്‍ നിലനിര്‍ത്താന്‍ കോണ്‍ഗ്രസ് ശ്രമം തുടങ്ങി. ഇടതുമുന്നണിയിലേക്കുപോവാന്‍ താത്പര്യമില്ലാത്തവരുമായി കോണ്‍ഗ്രസ് ചര്‍ച്ചകള്‍ ആരംഭിച്ചു.
എല്‍ഡിഎഫില്‍ ചേക്കേറിയാല്‍ ജോസ് പക്ഷത്ത് വിള്ളലുണ്ടാവുമെന്നാണ് യുഡിഎഫ് ഉറപ്പിക്കുന്നത്. ജോസിനൊപ്പം പോവാന്‍ ആഗ്രഹിക്കാത്തവരെ മുന്നണിയില്‍ പ്രത്യേകവിഭാഗമായി പരിഗണിക്കാനും കോണ്‍ഗ്രസ് തയ്യാറാണ്. സ്വന്തം പക്ഷത്തെ വിമതനീക്കം മനസ്സിലാക്കിത്തന്നെയാണു ജോസ് തല്‍ക്കാലം സ്വതന്ത്രനിലപാട് ആവര്‍ത്തിച്ചത്. തദ്ദേശതിരഞ്ഞെടുപ്പില്‍ സിപിഎമ്മുമായി ധാരണയില്‍ നീങ്ങാനും പിന്നീട് മുന്നണിമാറ്റം പ്രഖ്യാപിക്കാനുമാണു ആലോചന. ജോസ് പക്ഷത്തെ അതൃപ്തരെ കൂടെക്കൂട്ടാന്‍ പി ജെ ജോസഫും തന്ത്രങ്ങള്‍ ആരംഭിച്ചിട്ടുണ്ട്.
തിരഞ്ഞെടുപ്പ് കമ്മീഷന്‍ രണ്ടില ചിഹ്‌നം അനുവദിച്ചുകൊടുത്തത് ജോസ് പക്ഷത്തിന് കൂടുതല്‍ കരുത്ത് പകര്‍ന്നിട്ടുണ്ട്. ഇതിന്റെ ചുവടുപിടിച്ച് കൂറുമാറ്റവും അയോഗ്യതയും ആയുധമാക്കി ജോസഫിനൊപ്പമുള്ളവരെ അടക്കം കൂടുതല്‍ പേരെ ഒപ്പംകൂട്ടാനാണ് ജോസ് പക്ഷത്തിന്റെ നീക്കം. സിപിഐയുടെ എതിര്‍പ്പ് അല്‍പം അയഞ്ഞതിനെത്തുടര്‍ന്ന് ജോസ് പക്ഷത്തെ ഇടതുമുന്നണിയിലെത്തിക്കാനുള്ള ചര്‍ച്ചകള്‍ സിപിഎം വേഗത്തിലാക്കിയിട്ടുണ്ട്. പാലാ വിട്ടുകൊടുക്കില്ലെന്നു മാണി സി കാപ്പന്‍ വ്യക്തമാക്കിയെങ്കിലും അതൊന്നും വകവയ്ക്കാതെയാണു സിപിഎമ്മിന്റെ നീക്കങ്ങള്‍.