കോൺഗ്രസിലെ പരസ്യമായ ചേരിപ്പോര്: മുല്ലപ്പള്ളി ഹൈക്കമാൻ്റിനെ അതൃപ്തി അറിയിച്ചു
കെപിസിസി ഭാരവാഹികളെ ചൊല്ലിയുളള നേതാക്കളുടെ പരസ്യ പ്രതികരണങ്ങളാണ് മുല്ലപ്പള്ളിയെ ചൊടിപ്പിച്ചത്. തദ്ദേശ, നിയമസഭാ തിരഞ്ഞെടുപ്പുകൾ നടക്കാനിരിക്കെ നേതാക്കൾ പാർട്ടിക്കുളളിലെ അഭിപ്രായ വ്യത്യാസങ്ങൾ പരസ്യമായി പറയുന്നത് ദോഷം ചെയ്യും.
തിരുവനന്തപുരം: കോൺഗ്രസിലെ പരസ്യമായ ചേരിപ്പോരിൽ കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രൻ ദേശീയ നേതൃത്വത്തെ അതൃപ്തി അറിയിച്ചു. കെപിസിസി ഭാരവാഹികളെ ചൊല്ലിയുളള നേതാക്കളുടെ പരസ്യ പ്രതികരണങ്ങളാണ് മുല്ലപ്പള്ളിയെ ചൊടിപ്പിച്ചത്. തദ്ദേശ, നിയമസഭാ തിരഞ്ഞെടുപ്പുകൾ നടക്കാനിരിക്കെ നേതാക്കൾ പാർട്ടിക്കുളളിലെ അഭിപ്രായ വ്യത്യാസങ്ങൾ പരസ്യമായി പറയുന്നത് ദോഷം ചെയ്യും. ഇതുസംബന്ധിച്ച് കടുത്ത അതൃപ്തിയാണ് അദ്ദേഹം ഹൈക്കമാൻഡിനെ അറിയിച്ചിരിക്കുന്നത്.
നേതാക്കളുടെ പരസ്യപ്രതികരണങ്ങൾ പാർട്ടിയേയും മുന്നണിയേയും ബാധിക്കുമെന്നാണ് മുല്ലപ്പള്ളിയുടെ നിലപാട്. കഴിഞ്ഞ ദിവസം യുഡിഎഫ് കൺവീനർ സ്ഥാനം ബെന്നി ബഹന്നാൻ രാജിവെച്ചിരുന്നു. തൊട്ടുപിന്നാലെ കെ മുരളീധരൻ പ്രചരണസമിതി ചെയർമാൻ സ്ഥാനം ഒഴിയുകയും ചെയ്തു. സോണിയാ ഗാന്ധിക്ക് അദ്ദേഹം നേരിട്ട് കത്തയച്ചത് സംസ്ഥാന നേതൃത്വവുമായി ആലോചിക്കാതെയാണ്. ഇത്തരത്തിൽ നേതാക്കൾ സ്വന്തം നിലയിൽ കാര്യങ്ങൾ തീരുമാനിക്കുന്നതും പ്രഖ്യാപിക്കുന്നതും പാർട്ടിക്കുളളിലെ അഭിപ്രായവ്യത്യാസങ്ങൾ പരസ്യമാക്കുന്നതും വരും തിരഞ്ഞെടുപ്പുകളിൽ തിരിച്ചടിയുണ്ടാക്കുമെന്നാണ് മുല്ലപ്പള്ളിയുടെ വിലയിരുത്തൽ. അതേസമയം, 96 പുതിയ സെക്രട്ടറിമാർ ഇന്ന് ചുമതലയേൽക്കും.