ലൈഫ് മിഷന്‍: നടന്നത് അധോലോക ഇടപാടെന്ന് സിബി ഐ ഹൈക്കോടതിയില്‍; ധാരണാ പത്രം ശിവശങ്കര്‍ ഹൈജാക്ക് ചെയ്തു
യുണിടാക് എം ഡി സന്തോഷ് ഈപ്പന്‍ ലൈഫി മിഷന്‍ കരാറുകിട്ടുന്നതിനായി ഇപ്പോള്‍ സ്വര്‍ണക്കടത്ത് കേസില്‍ അറസ്റ്റിലായി ജയിലില്‍ കിടക്കുന്ന സ്വപ്‌ന സുരേഷ്,സന്ദീപ് നായര്‍, സരിത് എന്നിവരുമായി ചര്‍ച്ച ചെയ്യുകയും അവര്‍ക്ക് കമ്മീഷന്‍ നല്‍കുകയും ചെയ്തതായി സന്തോഷ് ഇപ്പന്റെ മൊഴിയുണ്ടെന്നും സിബി ഐ അഭിഭാഷകന്‍ കോടതിയില്‍ വാദിച്ചു.മുഴുവന്‍ ഇടപാടുകളും അധോലോക രീതിയിലാണെന്നും യുണിടാക് മറ മാത്രമാണെന്നും എഫ്‌സിആര്‍എ നിലനില്‍ക്കില്ലെന്ന വാദം അംഗീകരിക്കാന്‍ കഴിയില്ലെന്നും സിബി ഐ അഭിഭാഷകന്‍ വാദിച്ചു
കൊച്ചി: ലൈഫ് മിഷനുമായി ബന്ധപ്പെട്ട് നടന്നത് അധോലോക ഇടപാണെന്നും ധാരണാ പത്രം എം ശിവശങ്കര്‍ ഹൈജാക്ക് ചെയ്‌തെന്നും സിബി ഐ ഹൈക്കോടതിയില്‍ വാദിച്ചു.ലൈഫ് മിഷന്‍ പദ്ധതിയുമായി ബന്ധപ്പെട്ട് സിബി ഐ രജിസ്റ്റര്‍ ചെയ്ത എഫ് ഐ ആര്‍ റദ്ദാക്കണമെന്നാവശ്യപ്പെട്ട് ലൈഫ് മിഷന്‍ സിഇഒ സമര്‍പ്പിച്ച ഹരജി പരിഗണിക്കവെയാണ് സിബി ഐ ഇക്കാര്യം ഹൈക്കോടതിയെ അറിയിച്ചത്.യുണിടാക് എം ഡി സന്തോഷ് ഈപ്പന്‍ ലൈഫി മിഷന്‍ കരാറുകിട്ടുന്നതിനായി ഇപ്പോള്‍ സ്വര്‍ണക്കടത്ത് കേസില്‍ അറസ്റ്റിലായി ജയിലില്‍ കിടക്കുന്ന സ്വപ്‌ന സുരേഷ്,സന്ദീപ് നായര്‍, സരിത് എന്നിവരുമായി ചര്‍ച്ച ചെയ്യുകയും അവര്‍ക്ക് കമ്മീഷന്‍ നല്‍കുകയും ചെയ്തതായി സന്തോഷ് ഇപ്പന്റെ മൊഴിയുണ്ടെന്നും സിബി ഐ അഭിഭാഷകന്‍ കോടതിയില്‍ വാദിച്ചു.
സ്വപ്‌ന സുരേഷ് യൂണിടാക് എംഡി യോട് പറഞ്ഞത് ഇത് യുഎഇ ഗവണ്‍മെന്റ് സാമ്പത്തിക സഹായം ചെയ്യുന്ന സംസ്ഥാന സര്‍ക്കാരിന്റെ പദ്ധതിയാണെന്നാണ്.ഗവണ്‍മെന്റിന്റെ എല്ലാ അനുമതിയും ശരിയാക്കാമെന്ന് സ്വപ്‌ന സുരേഷ് യൂണിടാക് എംഡിക്ക് ഉറപ്പു നല്‍കി.ഇതിനായി സ്വപ്‌ന സുരേഷ് 30 ശതമാനം കമ്മീഷന്‍ ആവശ്യപ്പെട്ടതായും യുണിടാക് എംഡിയുടെ മൊഴിയുള്ളതായും സിബി ഐ കോടതിയില്‍ പറഞ്ഞു.ടെണ്ടര്‍ നടപടിയുടെ ഭാഗമായല്ല യുണിടാകിന് കരാര്‍ ലഭിച്ചതെന്നും മറിച്ച് സ്വപ്‌ന സുരേഷ് അടക്കം കള്ളക്കടത്തു കേസില്‍ അറസ്റ്റിലായവര്‍ക്ക് കമ്മീഷന്‍ കൊടുക്കാന്‍ അവര്‍ തയാറായതിനെ തുടര്‍ന്നാണെന്നും സിബി ഐ ഹൈക്കോടതയെ അറിയിച്ചു.യഥാര്‍ഥ പ്ലാന്‍ 203 വീടുകള്‍ നിര്‍മിക്കാനായിരുന്നു. എന്നാല്‍ 100 ആക്കി കുറച്ചാല്‍ മാത്രമെ കൈക്കൂലി നല്‍കാന്‍ കഴിയുവെന്ന് യൂണിടാക് എംഡി സന്തോഷ് ഈപ്പന്‍ നിലപാടെടുത്തു.തുടര്‍ന്ന് ഉദ്യോഗസ്ഥരുമായി നടന്ന ചര്‍ച്ചയില്‍ 140 യൂണിറ്റായി ഉയര്‍ത്തിയെന്നും സിബി ഐ കോടതിയില്‍ വാദിച്ചു.
ഇതിനു ശേഷം സന്തോഷ് ഈപ്പന്‍ സ്വപ്‌ന സുരേഷുമായി സംസാരിച്ച് കമ്മീഷന്‍ 26 ശതമാനാക്കി കുറച്ചുവെന്നും സിബി ഐ ഹൈക്കോടതിയില്‍ അറിയിച്ചു. എങ്ങനെ ഇത് ടെണ്ടര്‍ ആണെന്നു പറയാന്‍ കഴിയുമെന്നും ബുദ്ധിപരമായ കളിയാണിതെന്നും സിബി ഐ വാദിച്ചു.സിബി ഐ നടത്തിയ പ്രാഥമിക അന്വേഷണത്തില്‍ വ്യക്തമായത് പണം വന്നത് യുഎഇ കോണ്‍സുലേറ്റില്‍ നിന്നാണെന്നും റെഡ് ക്രസന്റില്‍ നിന്നല്ലെന്നും സിബി ഐ കോടതിയെ അറിയിച്ചു.മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറിയായിരുന്ന എം ശിവശങ്കര്‍ ഇതുമായി ബന്ധപ്പെട്ട ചര്‍ച്ചയില്‍ പങ്കെടുത്തിരുന്നെന്നും സിബി ഐ പറഞ്ഞു.വിദേശ സംഭാവനയുടെ മറവില്‍ വലിയ വഞ്ചനയാണ് നടന്നരിക്കുന്നതെന്നും സിബി ഐ വാദിച്ചു.എഫ്സിആര്‍എ കുറ്റകൃത്യങ്ങള്‍ അന്വേഷിക്കാന്‍ സിബിഐ യോഗ്യരാണെന്ന് 2017 ല്‍ കേരള സര്‍ക്കാര്‍ തന്നെ അറിയിച്ചിട്ടുണ്ടെന്നും സിബിഐ അഭിഭാഷകന്‍ കോടതിയെ അറിയിച്ചു.
പാവപ്പെട്ടവര്‍ക്കായി ഉദ്ദേശിച്ച പണം തട്ടിയെടുക്കാനുള്ള ഗൂഡാലോചനയുണ്ടെന്ന് കേസിന്റെ വസ്തുതകള്‍ ചൂണ്ടിക്കാണിക്കുന്നു. അഴിമതി നിരോധന നിയമ പ്രകരാമുള്ള അന്വേഷണമാണ് നടത്തുന്നതെന്നും സിബിഐ അഭിഭാഷകന്‍ വ്യക്തമാക്കി.ലൈഫ് മിഷന്‍ സി ഇ ഒ കേസിലെ പ്രതിയാണോ സാക്ഷിയാണോയെന്ന് ഇപ്പോള്‍ പറയാന്‍ കഴിയില്ലെന്നും അന്വേഷണം പ്രാഥമിക ഘട്ടത്തിലാണെന്നും സിബി ഐ ഹൈക്കോടതിയെ അറിയിച്ചു.കേസ് ഡയറി സിബി ഐ കോടതിയില്‍ ഹാജരാക്കാമെന്നും കേസ് ഡയറി വായിച്ചതിനു ശേഷം മാത്രമെ കോടതി ഇതുമായി ബന്ധപ്പെട്ട് എന്തെങ്കിലും വിധത്തുള്ള ഉത്തരവ് പുറപ്പെടുവിക്കാവുമെന്ന് അഭ്യര്‍ഥിക്കുന്നതായും സിബി ഐ ്അഭിഭാഷകന്‍ കോടതിയെ അറിയിച്ചു.ഇതേ സമയം ലൈഫ് മിഷന്‍ എങ്ങനെയാണ് എഫ്‌സി ആര്‍എയുടെ പരിധിയില്‍ വരുന്നതെന്നും സിബി ഐ ഉന്നയിക്കുന്നത് പ്രകാരം അഴിമതിയുടെയും കൈക്കുലിയുടെയും പരിധിയിലാണ് വരുന്നതെന്നും അത് വിജിലന്‍സിന്റെ അന്വേഷണ പരിധിയിലാണെന്നും സര്‍ക്കാരിനു വേണ്ടി ഹാജരായ സുപ്രിം കോടതി അഭിഭാഷന്‍ കോടതിയില്‍ വാദിച്ചു.
സംസ്ഥാന സര്‍ക്കാരിന്റെ 2017 ലെ നോട്ടിഫിക്കേഷന്‍ പ്രകാരം എഫ്‌സിആര്‍എ കുറ്റങ്ങള്‍ അന്വേഷിക്കാന്‍ അനുമതിയുണ്ടെങ്കിലും അന്വേഷണത്തിന് സിബി ഐക്ക് സംസ്ഥാന സര്‍ക്കാരിന്റെ അനുമതി ആവശ്യമാണെന്നും സര്‍ക്കാരിനു വേണ്ടി ഹാജരായ അഭിഭാഷകന്‍ കോടതിയെ അറിയിച്ചു.എഫ്‌സിആര്‍എ കുറ്റങ്ങള്‍ വരാത്ത കേസില്‍ സിബി ഐക്ക് എഫ് ഐ ആര്‍ രജിസ്റ്റര്‍ ചെയ്യാന്‍ കഴിയില്ലെന്നും അദ്ദേഹം പറഞ്ഞു.സംഭാവന വന്നത് കൃത്യമായ ബാങ്കിംഗ് സംവിധാനം വഴിയാണ്.ലൈഫ് മിഷനില്‍ എഫ്‌സിആര്‍എ നിലനില്‍ക്കാത്തതിനാല്‍ കേസ് റദ്ദാക്കണമെന്നും സര്‍ക്കാരിനു വേണ്ടി ഹാജരായ അഭിഭാഷകന്‍ കോടതിയില്‍ ബോധിപ്പിച്ചു.
എന്നാല്‍ മുഴുവന്‍ ഇടപാടുകളും അധോലോക രീതിയിലാണെന്നും യുണിടാക് മറ മാത്രമാണെന്നും എഫ്‌സിആര്‍എ നിലനില്‍ക്കില്ലെന്ന വാദം അംഗീകരിക്കാന്‍ കഴിയില്ലെന്നും സിബി ഐ അഭിഭാഷകന്‍ വാദിച്ചു.സംസ്ഥാന സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ക്കെതിരായ അഴിമതി ആരോപണങ്ങളില്‍ 1989 ല്‍ കേരള സര്‍ക്കാര്‍ സിബിഐ അന്വേഷണത്തിന് അനുമതി നല്‍കിയതായും സിബിഐയുടെ അഭിഭാഷകന്‍ പറഞ്ഞു. സംസ്ഥാന വിജിലന്‍സ് ഉണ്ട് എന്നതിന്റെ പേരില്‍ സിബി ഐ യെ അതിന്റെ അധികാരങ്ങളില്‍ നിന്നും തടയാന്‍ കഴിയില്ലെന്നും സിബി ഐ അഭിഭാഷകന്‍ കോടതിയെ അറിയിച്ചു. ഇരു വിഭാഗത്തിന്റെ വാദം കേട്ട കോടതി കേസ് വിധി പറയാന്‍ മാറ്റി.