അമ്മൂമ്മയുടെ കരളായ് അഞ്ചുവയസുകാരന്‍ കൊച്ചുമകന്‍
മാവേലിക്കര സ്വദേശികളായ ദിനുരാജ്, കവിത ദമ്പതികളുടെ മകന്‍ ധീരജിന് ജന്മനാ തന്നെ വളരെ അപൂര്‍വ്വമായി മാത്രം കണ്ടുവരുന്ന 'ബിലിയറി അട്രീഷ്യ' എന്ന ഗുരുതര കരള്‍ രോഗം ബാധിച്ചിരുന്നു
കൊച്ചി: അഞ്ച് വയസുകാരന്‍ ധീരജിന് കരള്‍ പകുത്ത് നല്‍കി അറുപത്തിയൊന്ന് വയസ്സുകാരിയായ അമ്മൂമ്മ രാധാമണി.മാവേലിക്കര സ്വദേശികളായ ദിനുരാജ്, കവിത ദമ്പതികളുടെ മകന്‍ ധീരജിന് ജന്മനാ തന്നെ വളരെ അപൂര്‍വ്വമായി മാത്രം കണ്ടുവരുന്ന 'ബിലിയറി അട്രീഷ്യ' എന്ന ഗുരുതര കരള്‍ രോഗം ബാധിച്ചിരുന്നു. കഴിഞ്ഞ അഞ്ച് വര്‍ഷത്തോളം വിവിധ ചികില്‍സാരീതികള്‍ പരീക്ഷിച്ചിട്ടും കുട്ടിയുടെ ആരോഗ്യനിലയില്‍ ഒരു പുരോഗതിയും ഉണ്ടായില്ല. തുടര്‍ന്ന് കഴിഞ്ഞ മാസം ആരോഗ്യനില ഗുരുതരമായ കുട്ടിയെ ആലുവ രാജഗിരി ആശുപത്രിയിലെ കരള്‍ രോഗ വിദഗ്ദ്ധന്‍ ഡോ. സിറിയക് അബി ഫിലിപ്‌സിന്റെ അടുത്ത് എത്തിക്കുകയും ഡോക്ടറുടെ നിര്‍ദ്ദേശപ്രകാരം കരള്‍ മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയ വിദഗ്ദ്ധന്‍ ഡോ. രാമചന്ദ്രന്റെ കീഴില്‍ ചികില്‍സ തേടുകയും ചെയ്തു.
ധീരജ് രാജഗിരി ആശുപത്രിയില്‍ എത്തുമ്പോള്‍ ഗുരുതരമായ കരള്‍ രോഗം ബാധിച്ച് ശരീരമാസകലം നീര് വരുകയും, മഞ്ഞപ്പിത്തം ബാധിക്കുകയും ചെയ്തിരുന്നു. കുട്ടിയുടെ കരളിന്റെ ഇരുപത് ശതമാനം മാത്രമാണ് പ്രവര്‍ത്തനക്ഷമമായിരുന്നത്. തുടര്‍ന്ന് നടത്തിയ പരിശോധനയില്‍ കരള്‍ മാറ്റിവെയ്ക്കുകയല്ലാതെ കുട്ടിയെ ജീവിതത്തിലേക്ക് മടക്കി കൊണ്ടുവരാന്‍ വേറെ മാര്‍ഗ്ഗമൊന്നുമില്ലെന്ന് ഡോക്ടര്‍മാര്‍ സ്ഥിരീകരിച്ചു. ഡോക്ടര്‍മാരുടെ നിര്‍ദ്ദേശപ്രകാരം കരള്‍ മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയയ്ക്ക് തയ്യാറായ ധീരജിനായ് ഒരു യോജിച്ച ദാതാവിനെ കണ്ടുപിടിക്കുക എന്നതായിരുന്നു കുട്ടിയുടെ മാതാപിതാക്കള്‍ക്കുണ്ടായ പ്രധാന വെല്ലുവിളി.
തുടര്‍ന്ന് കുട്ടിയുടെ അമ്മൂമ്മ രാധാമണി സ്വന്തം പ്രായത്തെ പോലും അവഗണിച്ചുകൊണ്ട് കരള്‍ പകുത്ത് നല്‍കാന്‍ തയ്യാറാവുകയായിരുന്നു. രാജഗിരി ആശുപത്രിയിലെ കരള്‍ മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയാ വിഭാഗം മേധാവി ഡോ. രാമചന്ദ്രന്‍ നാരായണ മേനോന്റെ നേതൃത്വത്തില്‍ നടത്തിയ കരള്‍ മാറ്റ ശസ്ത്രക്രിയ്ക്ക് ശേഷം ധീരജ് ആരോഗ്യവാനായി വീട്ടിലേക്ക് മടങ്ങി. കുട്ടികളിലെ ഗുരുതരമായ കരള്‍ രോഗങ്ങള്‍ കൃത്യസമയത്ത് കണ്ടെത്തുകയും കൃത്യമായ ചികില്‍സ നല്‍കുകയും ചെയ്താല്‍ ഭാവിയില്‍ അവര്‍ക്ക് ഏതൊരാളേയും പോലെ സാധാരണ ജീവിതം നയിക്കാന്‍ ആകുമെന്ന് ഡോ. രാമചന്ദ്രന്‍ അഭിപ്രായപ്പെട്ടു.
മള്‍ട്ടി ഓര്‍ഗന്‍ ട്രാന്‍സ്പ്ലാന്റ് സര്‍ജറി വിഭാഗം മേധാവി ഡോ. രാമചന്ദ്രന്‍ നാരായണ മേനോന്‍ ഡോ. ജോസഫ് ജോര്‍ജ്ജ് , ഡോ. ജോണ്‍സ് ഷാജി മാത്യൂ, ഡോ. ഗസ്‌നഫര്‍ ഹുസൈന്‍, ഡോ. ക്രിസ് തോമസ്, ഹെപ്പറ്റോളജി വിഭാഗം ഡോ. സിറിയക് അബി ഫിലിപ്‌സ്, അനസ്‌തേഷ്യാ വിഭാഗം ഡോ. സച്ചിന്‍ ജോര്‍ജ്ജ്, ഡോ. ശാലിനി രാമകൃഷ്ണന്‍, ഡോ. ജോര്‍ജ്ജ് ജേക്കബ്ബ് മലയില്‍, പീഡിയാട്രിക് വിഭാഗം ഡോ. സെറീന മോഹന്‍ വര്‍ഗീസ് എന്നിവര്‍ ചികില്‍സയില്‍ പങ്കാളികളായി.