വീണ്ടും സ്ത്രീധന പീഡനം:കൊച്ചിയില്‍ യുവതിക്ക് ഭര്‍തൃവീട്ടുകാരുടെ ക്രൂര മര്‍ദ്ദനം;പിതാവിന്റെ കാല് തല്ലിയൊടിച്ചു
എറണാകുളം ചക്കരപറമ്പ് സ്വദേശിനി ഡയാനയ്ക്കും പിതാവ് ജോര്‍ജ്ജിനുമാണ് ക്രൂര മര്‍ദ്ദനമേറ്റത്. എറണാകുളം പച്ചാളം സ്വദേശി ജിപ്‌സണും കുടുംബത്തിനുമെതിരെയാണ് ഭാര്യ ഡയാനയും പിതാവ് ജോര്‍ജ്ജും പരാതിയുമായി രംഗത്ത് വന്നിരിക്കുന്നത്.സംഭവത്തില്‍ നടപടിയാവശ്യപ്പെട്ട് നാട്ടുകാരുടെ നേതൃത്വത്തില്‍ ആക്ഷന്‍ കൗണ്‍സില്‍ രൂപീകരിച്ച് കൊച്ചി സിറ്റി പോലിസ് കമ്മീഷണര്‍ക്ക് പരാതി നല്‍കി
കൊച്ചി: കൊച്ചിയില്‍ സ്തീധനത്തിന്റെ പേരില്‍ യുവതിക്കും പിതാവിനും ഭര്‍തൃവീട്ടുകാരുടെ ക്രൂര പീഡനം. സ്വര്‍ണാഭരണം നല്‍കാത്തിന്റെ പേരില്‍ തന്നെ മര്‍ദ്ദിച്ചത് ചോദിക്കാന്‍ ചെന്ന പിതാവിന്റെ കാല് ഭര്‍ത്താവ് തല്ലിയൊടിച്ചതായി യുവതി.എറണാകുളം ചക്കരപറമ്പ് സ്വദേശിനി ഡയാനയ്ക്കും പിതാവ് ജോര്‍ജ്ജിനുമാണ് ക്രൂര മര്‍ദ്ദനമേറ്റത്. എറണാകുളം പച്ചാളം സ്വദേശി ജിപ്‌സണും കുടുംബത്തിനുമെതിരെയാണ് ഭാര്യ ഡയാനയും പിതാവ് ജോര്‍ജ്ജും പരാതിയുമായി രംഗത്ത് വന്നിരിക്കുന്നത്.സംഭവത്തില്‍ നടപടിയാവശ്യപ്പെട്ട് നാട്ടുകാരുടെ നേതൃത്വത്തില്‍ ആക്ഷന്‍ കൗണ്‍സില്‍ രൂപീകരിച്ച് കൊച്ചി സിറ്റി പോലിസ് കമ്മീഷണര്‍ക്ക് പരാതി നല്‍കി.
ഭര്‍ത്താവിനും വീട്ടുകാര്‍ക്കും ആവശ്യം തന്റെ സ്വര്‍ണമായിരുന്നുവെന്നുവെന്ന് ഡയാന മാധ്യമ പ്രവര്‍ത്തകരോട് പറഞ്ഞു.തന്റെ വീട്ടില്‍ നിന്നും കൊടുത്തത് 50 പവന്‍ സ്വര്‍ണമായിരുന്നു. ബാക്കിയുള്ള ഷെയര്‍ പിന്നീട് നല്‍കാമെന്നായിരുന്നു പറഞ്ഞിരുന്നത്.വിവാഹം കഴിഞ്ഞ് മൂന്നാം ദിവസം തന്നെ ഭര്‍ത്താവ് ജിപ്‌സണും മാതാവും തന്നോട് സ്വര്‍ണം ആവശ്യപ്പെട്ടു.എന്നാല്‍ താന്‍ നല്‍കിയില്ല. അന്നു മുതല്‍ ഇവര്‍ തന്നെ ശാരീരികമായി ഉപദ്രവം ആരംഭിച്ചുവെന്ന് ഡയാന പറഞ്ഞു.ഭക്ഷണം പോലും തനിക്ക് ഇവര്‍ തരാതെയായി.ഭര്‍ത്താവ് ജിപ്‌സണ്‍ തന്റെ വായ് പൊത്തിപ്പിടിച്ച് ക്രൂരമായി മര്‍ദ്ദിക്കുമായിരുന്നുവെന്ന് കരഞ്ഞുകൊണ്ട് ഡയാന പറഞ്ഞു.
വായ്‌പൊത്തിപ്പിടിക്കുന്നതിനാല്‍ തനിക്ക് കരയാന്‍ പോലും കഴിയാറില്ലായിരുന്നു.ജിപ്‌സണ്‍ മര്‍ദ്ദിക്കുന്ന വിവരം താന്‍ ജിപ്‌സന്റെ അമ്മയോട് പറഞ്ഞപ്പോള്‍ സ്വര്‍ണം നല്‍കാനായിരുന്നു പറഞ്ഞിരുന്നത്.തുടര്‍ന്ന് തങ്ങളുടെ വിവാഹം നടത്തിയ വൈദികനെ താന്‍ സമീപിച്ചു. ഇദ്ദേഹം ജിപ്‌സണ്‍ന്റെ കൂട്ടുകാരനായിരുന്നു. അദ്ദേഹം കൂടി ഇടപെട്ടായിരുന്നു വിവാഹം നടത്തിയത്. തന്നെ ജിപ്‌സണ്‍ മര്‍ദ്ദിക്കുന്ന വിവരം വൈദികനോട് പറഞ്ഞുവെങ്കിലും ഫലമുണ്ടായില്ല. പോലിസിലും പരാതിപ്പെടാന്‍ സമ്മതിച്ചില്ല.തുടര്‍ന്ന് തന്റെ വീട്ടിലെത്തി കാര്യം പറഞ്ഞതിനെ തുടര്‍ന്ന്് ജിപ്‌സണുമായി സംസാരിക്കാന്‍ ചെന്നപ്പോഴാണ് പിതാവിനെയും ക്രൂരമായി മര്‍ദ്ദിച്ചതെന്ന് ഡയാന പറഞ്ഞു.
ജിപ്‌സണും അദ്ദേഹത്തിന്റെ പിതാവും ചേര്‍ന്ന് തന്റെ പിതാവിനെ ക്രൂരമായി മര്‍ദ്ദിച്ച് കാല് തല്ലിയൊടിക്കുകയായിരുന്നു.പിതാവിന്റെ വാരിയെല്ലും പൊട്ടിയിട്ടുണ്ടെന്ന് ഡയാന പറഞ്ഞു.തന്റെ പിതാവിന് എഴുന്നേറ്റ് നടക്കാന്‍ പോലും കഴിയാത്ത അവസ്ഥയിലാക്കിയെന്നും ഡയാന പറഞ്ഞു.മര്‍ദ്ദന വിവരം ചൂണ്ടിക്കാട്ടി ജൂലൈ 17 ന് പോലിസില്‍ പരാതി നല്‍കിയെങ്കിലും നാളിതുവരെ നടപടിയുണ്ടായില്ലെന്നും ഡയാന പറഞ്ഞു.നാട്ടുകാരുടെ നേതൃത്വത്തില്‍ ആക്ഷന്‍ കൗണ്‍സില്‍ രൂപീകരിച്ച് വിഷയത്തില്‍ ഇപ്പോള്‍ വീണ്ടും കൊച്ചി സിറ്റി പോലിസ് കമ്മീഷണര്‍ക്ക് പരാതി നല്‍കിയിട്ടുണ്ടെന്നും ഡയാന പറഞ്ഞു.
ജിപ്‌സന്റെ രണ്ടാം വിവാഹമായിരുന്നു. ആദ്യ ഭാര്യയെയും ജിപ്‌സണ്‍ കൂരമായി മര്‍ദ്ദിക്കുമായിരുന്നുവെന്ന് ഇപ്പോഴാണ് അറിഞ്ഞതെന്നും ഡയാന പറഞ്ഞു.ജിപ്‌സന്റെ ആദ്യ വിവാഹം പ്രണയവിവാഹമായിരുന്നു. താനുമായുള്ള വിവാഹം മാട്രിമോണിയല്‍ വഴിയിയാരുന്നുവെന്നും ഡയാന പറഞ്ഞു.തന്നെ വിവാഹം കഴിച്ചത് പണത്തിനു വേണ്ടിയായിരുന്നുവെന്ന് ജിപ്‌സണ്‍ പറയാറുണ്ടായിരുന്നുവെന്നും ഡയാന പറഞ്ഞു.തന്റെ വീട്ടുകാരുമായി ഫോണില്‍ പോലും സംസാരിക്കാന്‍ അനുവദിക്കാറില്ലായിരുന്നു. വീട്ടുകാര്‍ വിളിക്കുമ്പോള്‍ തന്നെ അടുത്തിരുന്ന് തനിക്ക് ഇവിടെ സുഖമാണെന്ന് പറയാന്‍ പറഞ്ഞ് ജിപ്‌സണ്‍ ഭീഷണിപ്പെടുത്തുമായിരുന്നു
.ജിപ്‌സന്റെ അടുത്ത ഒരു ബന്ധു പോലീസില്‍ എസ് ഐ ആണ്. അദ്ദേഹമുള്ളതിനാല്‍ പരാതിയുമായി പോലിസില്‍ പോയിട്ടും കാര്യമില്ലെന്നും തങ്ങള്‍ രക്ഷപെടുമെന്നും ജിപ്‌സണ്‍ തന്നോട് പറയാറുണ്ടായിരുന്നുവെന്നും ഡയാന പറഞ്ഞു.തന്നെ മനപ്പൂര്‍വ്വം ചതിക്കുകയായിരുന്നു.സ്വര്‍ണം കിട്ടാനായി അദ്ദേഹം തന്നെ കൊല്ലുമായിരുന്നുവെന്നും ഡയാന പറഞ്ഞു. സ്ത്രീധനമായി നല്‍കിയ സ്വര്‍ണം മകള്‍ കൊടുക്കാതെ വന്നതോടെയാണ് ഭര്‍ത്താവ് ജിപ്‌സണ്‍ ക്രൂരമായി മര്‍ദ്ദിച്ചതെന്ന് പിതാവ് ജോര്‍ജ്ജ് മാധ്യമ പ്രവര്‍ത്തകരോട് പറഞ്ഞു.തന്നെയും ക്രൂരമായി മര്‍ദ്ദിച്ചു. വിവാഹം കഴിഞ്ഞ് മൂന്നാം ദിവസം മുതല്‍ മകളെ മര്‍ദ്ദിക്കാന്‍ തുടങ്ങി.തന്റെ മകള്‍ക്ക് നീതി കിട്ടണമെന്നും ജോര്‍ജ്ജ് പറഞ്ഞു.