തദ്ദേശ സ്ഥാപനങ്ങളില്‍ സത്യപ്രതിജ്ഞ 21 ന്;ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് തിരഞ്ഞെടുപ്പ് 30 ന്

ഭരണ സമിതിയുടെ കാലാവധി നവംബര്‍ 11 നും ഡിസംംബര്‍ 20 നും ഇടക്കുള്ള കാലയളവില്‍ അവസാനിക്കുന്ന തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ തിരഞ്ഞെടുക്കപ്പെട്ട അംഗങ്ങളാണ് 21 ന് അധികാരമേല്‍ക്കുന്നത്. ജില്ലയിലെ മുഴുവന്‍ പഞ്ചായത്തുകളും 21 നു തന്നെ പുതിയ അംഗങ്ങള്‍ അധികാരമേല്‍ക്കും

Update: 2020-12-17 12:30 GMT

കൊച്ചി:എറണാകുളം ജില്ലയില്‍ തദ്ദേശ സ്ഥാപനങ്ങളിലെ തിരഞ്ഞെടുക്കപ്പെട്ട അംഗങ്ങളുടെ സത്യപ്രതിജ്ഞ(ദൃഢപ്രതിജ്ഞ ) ഡിസംബര്‍ 21 നു നടക്കും. ഭരണ സമിതിയുടെ കാലാവധി നവംബര്‍ 11 നും ഡിസംംബര്‍ 20 നും ഇടക്കുള്ള കാലയളവില്‍ അവസാനിക്കുന്ന തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ തിരഞ്ഞെടുക്കപ്പെട്ട അംഗങ്ങളാണ് 21 ന് അധികാരമേല്‍ക്കുന്നത്. ജില്ലയിലെ മുഴുവന്‍ പഞ്ചായത്തുകളും 21 നു തന്നെ പുതിയ അംഗങ്ങള്‍ അധികാരമേല്‍ക്കും.കൊവിഡ് മാനദണ്ഡങ്ങള്‍ കര്‍ശനമായി പാലിച്ചായിരിക്കും ചടങ്ങുകള്‍ നടത്തുക. പങ്കെടുക്കുന്നവരുടെ രജിസ്‌ട്രേഷന്‍ നടത്തിയായിരിക്കും ചടങ്ങിലേക്ക് പ്രവേശിപ്പിക്കുക.ഇതിനായി മുഴുവന്‍ തദ്ദേശ സ്ഥാപനങ്ങളിലും പ്രത്യേക കൗണ്ടര്‍ സജ്ജീകരിക്കും. കൗണ്ടറുകളില്‍ സാനിറ്റൈസര്‍ നല്‍കും.21 ന് രാവിലെ 10 ന് അതാത് പഞ്ചായത്തുകളില്‍ നടപടികള്‍ ആരംഭിക്കും.

അംഗങ്ങള്‍ കേരള പഞ്ചായത്ത് രാജ് നിയമത്തിലെ രണ്ടാം പട്ടികയിലെ ഫോറത്തിലാണ് സത്യപ്രതിജ്ഞ ചെയ്യേണ്ടത്. ഏറ്റവും പ്രായം കൂടിയ അംഗത്തെ വരണാധികാരി ആദ്യം സത്യപ്രതിജ്ഞ ചെയ്യിക്കും. തുടര്‍ന്ന് ആ അംഗം മറ്റംഗങ്ങളെ വാര്‍ഡുകളുടെ ക്രമത്തില്‍ സത്യപ്രതിജ്ഞ ചെയ്യിക്കും. തുടര്‍ന്ന് അംഗങ്ങള്‍ പ്രതിജ്ഞ രജിസ്റ്ററിലും കക്ഷി ബന്ധം തെളിയിക്കുന്ന രജിസ്റ്ററിലും ഒപ്പിടും. ഈ രജിസ്റ്ററുകള്‍ ഗ്രാമപഞ്ചായത്തില്‍ സൂക്ഷിക്കും. പിന്നീട് എല്ലാ അംഗങ്ങളുടെയും ആദ്യ യോഗം ആദ്യം പ്രതിജ്ഞ ചെയ്ത അംഗത്തിന്റെ അധ്യക്ഷതയില്‍ ചേരും. യോഗത്തില്‍ പ്രസിഡന്റ് വൈസ് പ്രസിഡന്റ് എന്നീ സ്ഥാനങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പ് സംബന്ധിച്ച സംസ്ഥാന തിരഞ്ഞെടുപ്പ് കമീഷന്റെ അറിയിപ്പ് സെക്രട്ടറി വായിക്കും.

പ്രസ്തുത തിരഞ്ഞെടുപ്പ് സംബന്ധിച്ച നിശ്ചിത മാതൃകയിലുള്ള നോട്ടീസ് വരണാധികാരി അംഗങ്ങള്‍ക്ക് നല്‍കും.ചടങ്ങുകള്‍ നിരീക്ഷിക്കാന്‍ പെര്‍ഫോമന്‍സ് ആഡിറ്റ് സൂപ്പര്‍വൈസര്‍മാരും തദ്ദേശ സ്ഥാപനങ്ങളിലുണ്ടാകും.കോര്‍പറേഷനിലും ജില്ലാ പഞ്ചായത്തിലും ജില്ലാ കലക്ടര്‍ ആണ് സത്യവാചകം ചൊല്ലി കൊടുക്കുന്നത്. കലക്ടര്‍ ആദ്യ അംഗത്തെ ദൃഢപ്രതിജ്ഞയോ സത്യപ്രതിജ്ഞയോ ചെയ്യിക്കും. തുടര്‍ന്ന് ഇയാള്‍ മറ്റംഗങ്ങളെ സത്യപ്രതിജ്ഞ ചെയ്യിക്കും. രാവിലെ 10 ന് ജില്ലാ പഞ്ചായത്തിലെയും 11.30 ന് കോര്‍പറേഷനിലെയും നടപടികള്‍ ആരംഭിക്കും. നഗരസഭകളിലും ബ്ലോക്ക് പഞ്ചായത്തുകളിലും അതാത് വരണാധികാരികളാണ് മുതിര്‍ന്ന അംഗത്തിന് സത്യപ്രതിജ്ഞാ വാചകം ചൊല്ലി കൊടുക്കുന്നത്.

കോര്‍പറേഷനിലും നഗരസഭകളിലും അധ്യക്ഷന്മാരെ 28ന് രാവിലെ 11ന് തീരുമാനിക്കും. ഉച്ചക്കു ശേഷം ഉപാധ്യക്ഷ്യന്മാരുടെ തിരഞ്ഞെടുപ്പും നടക്കും. ജില്ലാ പഞ്ചായത്തിലും ബ്ലോക്ക് പഞ്ചായത്തുകളിലും ഗ്രാമ പഞ്ചായത്തുകളിലും പ്രസിഡന്റ് തിരഞ്ഞെടുപ്പ് 30 ന് രാവിലെ 11ന് നടക്കും. ഉച്ചക്കു ശേഷം രണ്ടിന് വൈസ് പ്രസിഡന്റുമാരെയും തിരഞ്ഞെടുക്കും. തിരഞ്ഞെടുക്കപ്പെട്ട അംഗങ്ങളില്‍ നിന്നും ഓപണ്‍ ബാലറ്റ് വഴിയാണ് പ്രസിഡന്റുമാരെ തിരഞ്ഞൈടുക്കുന്നത്.

Tags:    

Similar News