ബാലരാമപുരത്ത് രണ്ടുപതിറ്റാണ്ട് ബിജെപി ഭരിച്ച വാര്‍ഡ് പിടിച്ചെടുത്ത് എസ് ഡിപിഐ

ബാലരാമപുരം ഗ്രാമപ്പഞ്ചായത്ത് ടൗണ്‍ വാര്‍ഡില്‍നിന്ന് മല്‍സരിച്ച എസ് ഡിപിഐ സ്ഥാനാര്‍ഥി സക്കീര്‍ ഹുസൈന്‍ 62 വോട്ടുകളുടെ ഭൂരിപക്ഷത്തിനാണ് ബിജെപി സ്ഥാനാര്‍ഥി എ എസ് സുധാകറിനെ പരാജയപ്പെടുത്തിയത്. സക്കീര്‍ ഹുസൈന് 318 വോട്ടും സുധാകറിന് 256 വോട്ടുമാണ് ലഭിച്ചത്.

Update: 2020-12-16 10:39 GMT

തിരുവനന്തപുരം: തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പില്‍ ബാലരാമപുരം ഗ്രാമപ്പഞ്ചായത്തില്‍ എസ് ഡിപിഐ സ്ഥാനാര്‍ഥിക്ക് തിളക്കമാര്‍ന്ന വിജയം. രണ്ടുപതിറ്റാണ്ടുകാലമായി ബിജെപി കൈവശംവച്ചിരുന്ന വാര്‍ഡ് പിടിച്ചെടുത്താണ് എസ് ഡിപിഐ കരുത്തുകാട്ടിയത്. ബാലരാമപുരം ഗ്രാമപ്പഞ്ചായത്ത് ടൗണ്‍ ഏഴാം വാര്‍ഡില്‍നിന്ന് മല്‍സരിച്ച എസ് ഡിപിഐ സ്ഥാനാര്‍ഥി സക്കീര്‍ ഹുസൈന്‍ 62 വോട്ടുകളുടെ ഭൂരിപക്ഷത്തിനാണ് ബിജെപി സ്ഥാനാര്‍ഥി എ എസ് സുധാകറിനെ പരാജയപ്പെടുത്തിയത്. സക്കീര്‍ ഹുസൈന് 318 വോട്ടും സുധാകറിന് 256 വോട്ടുമാണ് ലഭിച്ചത്.

കോണ്‍ഗ്രസ് സ്ഥാനാര്‍ഥി എ എം സുധീറിന് 162 ഉം എല്‍ഡിഎഫ് സ്ഥാനാര്‍ഥി എം എച്ച് സലീമിന് 139 ഉം വോട്ടുകള്‍ ലഭിച്ചു. സ്വതന്ത്രസ്ഥാനാര്‍ഥിയായിരുന്ന നിസാമുദ്ദീന് ആറ് വോട്ടുകള്‍ ലഭിച്ചിട്ടുണ്ട്. കഴിഞ്ഞ 20 വര്‍ഷമായി വാര്‍ഡില്‍ തുടര്‍ച്ചയായി ബിജെപിയാണ് ജയിച്ചുവരുന്നത്. വാര്‍ഡ് വിഭജനത്തിനുശേഷം നടന്ന തിരഞ്ഞെടുപ്പിലാണ് എല്‍ഡിഎഫിന്റെ കൈവശമായിരുന്ന സീറ്റ് ബിജെപി പിടിച്ചെടുക്കുന്നത്.

ആദ്യം സ്വതന്ത്രനെ രംഗത്തിറക്കിയാണ് ബിജെപി വാര്‍ഡില്‍ ഏറ്റുമുട്ടിയത്. അതിനുശേഷം 15 വര്‍ഷമായി ബിജെപി സ്വന്തം സ്ഥാനാര്‍ഥിയെയാണ് മല്‍സരിപ്പിച്ചത്. 2010 ലെ തദ്ദേശ തിരഞ്ഞെടുപ്പില്‍ ബിജെപിക്കെതിരേ മല്‍സരിച്ച എസ് ഡിപിഐ 11 വോട്ടിനാണ് പരാജയപ്പെടുന്നത്. 2015 ലെ തിരഞ്ഞെടുപ്പില്‍ എട്ടുവോട്ടിന്റെ മാത്രം കുറവില്‍ എസ് ഡിപിഐയ്ക്ക് സീറ്റ് നഷ്ടമായി. ഇത്തവണ വാര്‍ഡ് ഏതുവിധേനയും പിടിച്ചെടുക്കാനുള്ള തന്ത്രങ്ങള്‍ ആവിഷ്‌കരിച്ചായിരുന്നു എസ് ഡിപിഐയുടെ പ്രചാരണപ്രവര്‍ത്തനങ്ങള്‍.

എസ്ഡിപിഐ ഒറ്റയ്ക്ക് നടത്തിയ ശക്തമായ മല്‍സരത്തില്‍ ഫാഷിസത്തെ പരാജയപ്പെടുത്താന്‍ വാര്‍ഡിലെ മതേതര വോട്ടുകള്‍ ഏകീകരിക്കുകയായിരുന്നു. രണ്ടുമാസം മുമ്പുതന്നെ വാര്‍ഡ് കേന്ദ്രീകരിച്ച് നടത്തിയ ചിട്ടയായ പ്രവര്‍ത്തനങ്ങളാണ് ബിജെപി മുന്നേറ്റത്തിന് തടയിടാന്‍ കഴിഞ്ഞതെന്നാണ് പാര്‍ട്ടിയുടെ കണക്കുകൂട്ടല്‍.

Tags:    

Similar News