തദ്ദേശതിരഞ്ഞെടുപ്പ്: സൂക്ഷ്മപരിശോധനയ്ക്കും കൊവിഡ് പ്രതിരോധം ഉറപ്പാക്കണം; ഉദ്യോഗസ്ഥര്‍ക്ക് സംശയ നിവാരണത്തിന് ഹെല്‍പ്പ് ഡസ്‌ക്
കൊവിഡ് രോഗികള്‍ക്കും ക്വാറന്റൈനില്‍ കഴിയുന്നവര്‍ക്കും വോട്ടുചെയ്യുന്നതിന് സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷന്റെ നിര്‍ദേശങ്ങള്‍ പാലിച്ച് നടപടികള്‍ സ്വീകരിക്കണം.
കോട്ടയം: തദ്ദേശസ്വയംഭരണ സ്ഥാപന തിരഞ്ഞെടുപ്പിനായി സമര്‍പ്പിക്കപ്പെട്ട പത്രികകളുടെ സൂക്ഷ്മപരിശോധയ്ക്കും കൊവിഡ് പ്രതിരോധ മുന്‍കരുതല്‍ ഉറപ്പാക്കണമെന്ന് ജില്ലാ കലക്ടര്‍ എം അഞ്ജന ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദേശം നല്‍കി. ജില്ലയിലെ ബ്ലോക്ക് പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും വരണാധികാരികളുടെയും ഉപവരണാധികാരികളുടെയും യോഗത്തില്‍ സംസാരിക്കുകയായിരുന്നു കലക്ടര്‍.
പത്രികകള്‍ സ്വീകരിക്കുമ്പോഴുള്ള രോഗപ്രതിരോധ ജാഗ്രത തുടര്‍ന്നുള്ള ഘട്ടങ്ങളിലും നിലനിര്‍ത്തണം. കൊവിഡ് രോഗികള്‍ക്കും ക്വാറന്റൈനില്‍ കഴിയുന്നവര്‍ക്കും വോട്ടുചെയ്യുന്നതിന് സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷന്റെ നിര്‍ദേശങ്ങള്‍ പാലിച്ച് നടപടികള്‍ സ്വീകരിക്കണം. നാമനിര്‍ദേശ പത്രികകളുടെ വിവരങ്ങള്‍ സമയബന്ധിതമായി തിരഞ്ഞെടുപ്പ് കമ്മീഷന് ലഭ്യമാക്കണം.
വരണാധികാരികള്‍ക്കും ഉപവരണാധികാരികള്‍ക്കും സംശയനിവാരണത്തിനായി കലക്ടറേറ്റില്‍ പ്രത്യേക ഹെല്‍പ്പ് ഡസ്‌ക് സജ്ജമാക്കിയിട്ടുണ്ടെന്നും കലക്ടര്‍ അറിയിച്ചു. വീഡിയോ കോണ്‍ഫറന്‍സ് മുഖേന നടന്ന യോഗത്തില്‍ സബ് കലക്ടര്‍ രാജീവ് കുമാര്‍ ചൗധരി, എഡിഎം അനില്‍ ഉമ്മന്‍, തിരഞ്ഞെടുപ്പ് ഡെപ്യൂട്ടി കലക്ടര്‍ ജിയോ ടി മനോജ് തുടങ്ങിയവര്‍ പങ്കെടുത്തു.