തദ്ദേശ തിരഞ്ഞെടുപ്പ്: 2020 ലെ വോട്ടര്‍പട്ടിക അടിസ്ഥാനമാക്കി കരട് വോട്ടര്‍പട്ടിക തയ്യാറാക്കണമെന്ന് വെല്‍ഫെയര്‍ പാര്‍ട്ടി
എല്ലാ പരിശോധനകളും പൂര്‍ത്തിയാക്കിയ വോട്ടര്‍പട്ടിക ലഭ്യമായിരിക്കെ 5 വര്‍ഷം പിന്നിലുള്ള വോട്ടര്‍പട്ടികയെ അടിസ്ഥാനമാക്കുന്നതിന്റെ യുക്തി ആര്‍ക്കും മനസ്സിലാവുന്നില്ല.
തിരുവനന്തപുരം: 2020 ഒക്ടോബറില്‍ നടക്കാന്‍ പോവുന്ന തദ്ദേശ തിരഞ്ഞെടുപ്പില്‍ 2015 ലെ വോട്ടര്‍പട്ടിക ഉപയോഗിച്ച് കരട് വോട്ടേഴ്‌സ് ലിസ്റ്റ് തയ്യാറാക്കാനുള്ള സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷന്റെ തീരുമാനം ദൂരൂഹമാണെന്നും ഇതുവഴി ലക്ഷക്കണക്കിന് വോട്ടര്‍മാര്‍ക്ക് ജനാധിപത്യാവകാശം നിഷേധിക്കപ്പെടുമെന്നും വെല്‍ഫെയര്‍ പാര്‍ട്ടി സംസ്ഥാന പ്രസിഡന്റ് ഹമീദ് വാണിയമ്പലം. സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷന്‍ ഈ തീരുമാനം പിന്‍വലിക്കണം. 2020 ഫെബ്രുവരി 7ന് പ്രസിദ്ധീകരിക്കാന്‍ പോവുന്ന കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷന്റെ വോട്ടര്‍പട്ടിക അവലംബമാക്കി കരട് വോട്ടര്‍പട്ടിക തയ്യാറാക്കണം.
എല്ലാ പരിശോധനകളും പൂര്‍ത്തിയാക്കിയ വോട്ടര്‍പട്ടിക ലഭ്യമായിരിക്കെ 5 വര്‍ഷം പിന്നിലുള്ള വോട്ടര്‍പട്ടികയെ അടിസ്ഥാനമാക്കുന്നതിന്റെ യുക്തി ആര്‍ക്കും മനസ്സിലാവുന്നില്ല. ഇതില്‍ സംസ്ഥാന സര്‍ക്കാര്‍ സ്വീകരിക്കുന്ന സമീപനം കാണുമ്പോള്‍ തിരഞ്ഞെടുപ്പിനെ ദുര്‍ബലപ്പെടുത്താനുള്ള ശ്രമം ഇതിന് പിന്നിലുണ്ടോ എന്ന് സംശയിക്കേണ്ടിവരുമെന്ന് അദ്ദേഹം വാര്‍ത്താക്കുറിപ്പില്‍ പറഞ്ഞു. 2015 ല്‍ തദ്ദേശതിരഞ്ഞെടുപ്പിന് കരട് വോട്ടര്‍പട്ടിക തയ്യാറാക്കാനുപയോഗിച്ചത് 2014 ലെ ലോക്‌സഭാ തിരഞ്ഞെടുപ്പിനായി കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷന്‍ തയ്യാറാക്കിയ പട്ടികയായിരുന്നു.
പഞ്ചായത്ത് രാജ് നിയമം വന്നതിനുശേഷം നടന്ന എല്ലാ തിരഞ്ഞെടുപ്പുകളിലും സമാനരീതിയാണ് സ്വീകരിച്ചത്. 2016 ലും 2019 ലും നടന്ന പൊതുതിരഞ്ഞെടുപ്പില്‍ വോട്ടുചെയ്തവര്‍ വിണ്ടും വോട്ടുചേര്‍ക്കണമെന്ന വാശി സാങ്കേതികവിദ്യ കൂടുതല്‍ മെച്ചപ്പെട്ട ഈ കാലത്ത് അശാസ്ത്രീയമാണ്. 2015നുശേഷം അഞ്ചുതവണ കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷന്‍ വോട്ടര്‍പട്ടിക പുതുക്കിയിട്ടുണ്ട്. ഇതില്‍ ഉള്‍പ്പെട്ടവരെ വീണ്ടും ചേര്‍ക്കാനായി ചെലവഴിക്കുന്ന മനുഷ്യാധ്വാനവും സമയവും പണവും സംസ്ഥാനത്തിന് വലിയ നഷ്ടമുണ്ടാക്കുമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.