കോട്ടയം: ജില്ലയില്‍ തദ്ദേശതിരഞ്ഞെടുപ്പില്‍ മല്‍സരിക്കുന്ന സ്ഥാനാര്‍ഥികളുടെ പ്രചാരണച്ചെലവ് പരിശോധിക്കുന്നതിന് സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷന്‍ നാലുനിരീക്ഷരെ നിയോഗിച്ചു. ഓഡിറ്റ് വകുപ്പ് ജോയിന്റ് ഡയറക്ടര്‍മാരായ സാലമ്മ ബസേലിയസ് (ഫോണ്‍-9447763953), ജി.ബിനുകുമാര്‍ (9447728354), സീനിയര്‍ ഡെപ്യൂട്ടി ഡയറക്ടര്‍ ഹബീബ് മുഹമ്മദ് (9048830678), പൊതുഭരണ വകുപ്പ് ജോയിന്റ് സെക്രട്ടറി എന്‍. സുകുമാരന്‍ (9497176451) എന്നിവരാണ് നിരീക്ഷകര്‍. തിരഞ്ഞെടുപ്പില്‍ മല്‍സരിക്കുന്ന സ്ഥാനാര്‍ഥികള്‍ അനുവദനീയമായതില്‍ കൂടുതല്‍ തുക പ്രചരണത്തിനായി ചെലവഴിക്കുന്നുണ്ടോ എന്ന് ഇവര്‍ പരിശോധിക്കും.
ഗ്രാമപ്പഞ്ചായത്തിലെ സ്ഥാനാര്‍ഥികള്‍ക്ക് 25,000 രൂപയും ബ്ലോക്ക് പഞ്ചായത്തിലും മുനിസിപ്പാലിറ്റിയിലും മല്‍സരിക്കുന്നവര്‍ക്ക് 75,000 രൂപയും ജില്ലാ പഞ്ചായത്തിലെ സ്ഥാനാര്‍ഥികള്‍ക്ക് 150,000 രൂപയുമാണ് പരമാവധി ചിലവഴിക്കാനാകുക. നാമനിര്‍ദേശം ചെയ്യപ്പെട്ടത് മുതല്‍ തിരഞ്ഞെടുപ്പിന്റെ ഫലപ്രഖ്യാപനം വരെയുള്ള ദിവസങ്ങളില്‍ സ്ഥാനാര്‍ഥിയോ ഏജന്റോ സ്ഥാനാര്‍ഥിക്കുവേണ്ടി മറ്റാരെങ്കിലുമോ ചെലവഴിക്കുന്ന തുക ഇതിനായി കണക്കിലെടുക്കും. ചെലവ് സംബന്ധിച്ച കണക്ക് നിശ്ചിത ഫോറത്തില്‍ എഴുതി സൂക്ഷിക്കണം. ഫോറം അതത് വരണാധികാരികളുടെ പക്കല്‍ ലഭ്യമാണ്.
ഗ്രാമപ്പഞ്ചായത്തുകളില്‍ മല്‍സരിക്കുന്നവര്‍ ബ്ലോക്ക് പഞ്ചായത്ത് സെക്രട്ടറിക്കും ബ്ലോക്കുകളിലെ സ്ഥാനാര്‍ഥികള്‍ ജില്ലാ പഞ്ചായത്ത് സെക്രട്ടറിക്കും ജില്ലാ പഞ്ചായത്തിലും മുനിസിപ്പാലിറ്റികളിലും മത്സരിക്കുന്നവര്‍ ജില്ലാ കളക്ടര്‍ക്കുമാണ് കണക്കുകള്‍ സമര്‍പ്പിക്കേണ്ടത്. തിരഞ്ഞെടുപ്പിനായി ചെലവഴിച്ച തുകയുടെ കൃത്യമായ കണക്ക് രസീത്, ബില്ല്, വൗച്ചര്‍ എന്നിവയുടെ പകര്‍പ്പ് സഹിതം സ്ഥാനാര്‍ഥികള്‍ തിരഞ്ഞെടുപ്പ് ഫല പ്രഖ്യാപനം മുതല്‍ 30 ദിവസത്തിനകം ഹാജരാക്കണം. സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷന്‍ നിര്‍ദ്ദേശിച്ചിട്ടുള്ള മാനദണ്ഡങ്ങള്‍ക്ക് വിരുദ്ധമായി തുക ചെലഴിക്കുകയോ കൃത്യമായ കണക്കുകള്‍ രേഖപ്പടുത്തി ഹാജരാക്കാതിരിക്കുകയോ ചെയ്യുന്നവരെ തിരഞ്ഞെടുപ്പ് കമ്മീഷന്‍ അയോഗ്യരാക്കും.