തദ്ദേശ സ്ഥാപന തിരഞ്ഞെടുപ്പ്: സംവരണ സീറ്റ് നിര്‍ണയം ചോദ്യം ചെയ്തു സമര്‍പ്പിച്ച ഹരജികള്‍ ഹൈക്കോടതി തള്ളി

87 വാര്‍ഡുകളിലെ സീറ്റു നിര്‍ണയം ചോദ്യം ചെയ്തു സമര്‍പ്പിച്ച ഹരജികളാണ് കോടതി തള്ളിയത്. തിരഞ്ഞെടുപ്പ് ഷെഡ്യൂള്‍ വന്ന ശേഷമാണ് ഹരജിക്കാര്‍ കോടതിയെ സമീപിച്ചതെന്നും ഇതില്‍ ഇടപെടുന്നത് ശരിയല്ലെന്നും ചൂണ്ടിക്കാട്ടിയാണ് കോടതി ഹരജികള്‍ തളളിയത്

Update: 2020-11-11 12:11 GMT

കൊച്ചി: തദ്ദേശസ്ഥാപനങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പില്‍ സംവരണ സീറ്റുകള്‍ നിര്‍ണയിച്ചത് ചോദ്യം ചെയ്തു സമര്‍പ്പിച്ച ഹരജികള്‍ ഹൈക്കോടതി തള്ളി. 87 വാര്‍ഡുകളിലെ സീറ്റു നിര്‍ണയം ചോദ്യം ചെയ്തു സമര്‍പ്പിച്ച ഹരജികളാണ് കോടതി തള്ളിയത്. തിരഞ്ഞെടുപ്പ് ഷെഡ്യൂള്‍ വന്ന ശേഷമാണ് ഹരജിക്കാര്‍ കോടതിയെ സമീപിച്ചതെന്നും ഇതില്‍ ഇടപെടുന്നത് ശരിയല്ലെന്നും ചൂണ്ടിക്കാട്ടിയാണ് കോടതി ഹരജികള്‍ തളളിയത്. തദ്ദേശ സ്ഥാപന തെരഞ്ഞെടുപ്പില്‍ തുടര്‍ച്ചയായി മൂന്നു തവണ സംവരണ സീറ്റായി നിശ്ചയിച്ച നടപടി ചോദ്യം ചെയ്തായിരുന്നു ഹരജികള്‍ സമര്‍പ്പിച്ചത്. റൊട്ടേഷന്‍ പാലിക്കാതെ സംവരണ സീറ്റുകള്‍ നിശ്ചയിക്കുന്നതിലൂടെ പൊതുവിഭാഗത്തിലുള്ളവരുടെ അവസരം നഷ്ടപ്പെടുകയാണെന്നായിരുന്നു ആരോപണം.

ഹരജികള്‍ 100-ലധികം വാര്‍ഡുകളെ ബാധിക്കുന്നതായിരുന്നു.ദീര്‍ഘകാലത്തേക്ക് വാര്‍ഡുകള്‍ സംവരണ സീറ്റുകളായി മാറുന്നതിലൂടെ പൊതുവിഭാഗത്തില്‍പ്പെട്ടവര്‍ക്ക് തിരഞ്ഞെടുപ്പ് പ്രക്രിയയില്‍ പങ്കാളികളാകാന്‍ കഴിയാത്തത് അവസരം നിഷേധിക്കലാണെന്ന് ഹൈക്കോടതിയുടെ തന്നെ മുന്‍ വിധിയിലുണ്ടെന്നു ഹരജിക്കാര്‍ കോടതിയില്‍ ബോധിപ്പിച്ചിരുന്നു. പാലാ നഗരസഭ, കാലടി ഗ്രാമപ്പഞ്ചായത്ത് എന്നിവിടങ്ങളിലെ ഓരോ വാര്‍ഡുകളിലെ സംവരണ സീറ്റ് നിര്‍ണയം പുനപരിശോധിക്കാന്‍ നിര്‍ദേശിച്ചു കോടതി മുന്‍പു വിധി പ്രസ്താവിച്ചിരുന്നു. ഇതേ തുടര്‍ന്നാണ് നൂറിലധികം ഹരജികള്‍ കോടതിയുടെ പരിഗണനക്കെത്തിയത്. തിരഞ്ഞെടുപ്പ് നടപടിക്രമങ്ങള്‍ ആരംഭിച്ചതു കൊണ്ടു വാര്‍ഡുകളുടെ പുനര്‍നിര്‍ണയം ബുദ്ധിമുട്ടാണെന്ന് തിരഞ്ഞെടുപ്പു കമ്മീഷന്‍ കോടതിയില്‍ ബോധിപ്പിച്ചു.

Tags:    

Similar News