തദ്ദേശതിരഞ്ഞടുപ്പ് കൊവിഡ് പ്രോട്ടോക്കോള്‍ പാലിച്ച്; തിയ്യതി രാഷ്ട്രീയപ്പാര്‍ട്ടികളുമായുള്ള ചര്‍ച്ചയ്ക്കുശേഷമെന്ന് തിരഞ്ഞെടുപ്പ് കമ്മീഷന്‍
നവംബര്‍ 11ന് കാലാവധി അവസാനിക്കുന്ന സാഹചര്യത്തില്‍ 12ന് മുമ്പ് തിരഞ്ഞെടുപ്പ് നടത്തണമെന്നതാണ് ഭരണഘടനാ ബാധ്യത. അതിന് വേണ്ടിയുള്ള പ്രവര്‍ത്തനങ്ങളാണ് ഇപ്പോള്‍ നടത്തിക്കൊണ്ടിരിക്കുന്നത്.
തിരുവനന്തപുരം: സംസ്ഥാനത്തെ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തിരഞ്ഞടുപ്പ് കൊവിഡ് പ്രോട്ടോക്കോള്‍ പാലിച്ച് നടത്തുമെന്ന് സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷണര്‍ വി ഭാസ്‌കരന്‍. രാഷ്ട്രീയപ്പാര്‍ട്ടി പ്രതിനിധികളുമായുള്ള ചര്‍ച്ചകള്‍ക്കുശേഷം തദ്ദേശതിരഞ്ഞെടുപ്പ് തിയ്യതി സംബന്ധിച്ച് തീരുമാനമെടുക്കും. അവരുടെ നിര്‍ദേശങ്ങളും എല്ലാവരുടെ നിര്‍ദേശങ്ങളും സ്വീകരിക്കും. എല്ലാ വശങ്ങളും പരിശോധിച്ച് മാത്രമേ തിരഞ്ഞെടുപ്പ് തിയ്യതി തീരുമാനിക്കുകയുള്ളൂ എന്നും അദ്ദേഹം വാര്‍ത്താസമ്മേളനത്തില്‍ വ്യക്തമാക്കി. തിരഞ്ഞെടുപ്പ് മാറ്റിവയ്ക്കാന്‍ രാഷ്ട്രീയകക്ഷികള്‍ ആവശ്യപ്പെട്ടിട്ടില്ല.
നവംബര്‍ 11ന് കാലാവധി അവസാനിക്കുന്ന സാഹചര്യത്തില്‍ 12ന് മുമ്പ് തിരഞ്ഞെടുപ്പ് നടത്തണമെന്നതാണ് ഭരണഘടനാ ബാധ്യത. അതിന് വേണ്ടിയുള്ള പ്രവര്‍ത്തനങ്ങളാണ് ഇപ്പോള്‍ നടത്തിക്കൊണ്ടിരിക്കുന്നത്. തിരഞ്ഞെടുപ്പിന്റെ മുന്നൊരുക്കങ്ങള്‍ പുരോഗമിക്കുകയാണ്. വോട്ടര്‍പട്ടിക പുതുക്കുന്ന നടപടികള്‍ നടക്കുന്നു. ഇനി നടക്കാനുള്ളത് റിട്ടേണിങ് ഓഫിസര്‍മാരുടെ പരിശീലനമാണ്. അത് ഈ മാസം ആരംഭിക്കും. ഒക്ടോബര്‍ ആവസാനം തിരഞ്ഞെടുപ്പ് നടത്താനുള്ള നിലയിലാണ് പ്രവര്‍ത്തനങ്ങള്‍ സജ്ജീകരിച്ചിരിക്കുന്നത്. തിരഞ്ഞെടുപ്പ് തിയ്യതിയെക്കുറിച്ച് തീരുമാനിക്കുന്നതിന് മുമ്പ് വിശദമായ ചര്‍ച്ചകള്‍ നടത്തേണ്ടതുണ്ട്.
തിരഞ്ഞെടുപ്പ് നടത്താമെന്ന് ആരോഗ്യവകുപ്പ് അറിയിച്ചിട്ടുണ്ട്. എങ്ങനെ തിരഞ്ഞെടുപ്പ് നടത്താമെന്നതിനെക്കുറിച്ച് ആരോഗ്യപ്രവര്‍ത്തകരുമായി ചര്‍ച്ച ചെയ്തു. കൊവിഡ് പ്രോട്ടോക്കോള്‍ പാലിച്ച് തിരഞ്ഞെടുപ്പ് നടത്തുന്നതില്‍ പോസിറ്റീവായാണ് ആരോഗ്യവകുപ്പ് പ്രതികരിച്ചത്. അവരുമായി ഇനിയും ചര്‍ച്ചകള്‍ തുടരും. പോളിങ് ബൂത്തുകളില്‍ സാമൂഹിക അകലം പാലിച്ച് ക്യൂ നിര്‍ത്തും. മൂന്നുപേരില്‍ കൂടുതല്‍ വീടുകളില്‍ പ്രചാരണത്തിനായി പോവരുതെന്നതടക്കമുള്ള നിര്‍ദേശങ്ങള്‍ പരിഗണനയിലാണെന്നും കമ്മീഷണര്‍ കൂട്ടിച്ചേര്‍ത്തു.