കണ്ണൂര്‍ എസ്പിയുടെ ഏത്തമിടുവിക്കല്‍: മനുഷ്യാവകാശ കമ്മീഷന്‍ സ്വമേധയാ കേസെടുത്തു

സര്‍ക്കാര്‍ നിര്‍ദേശങ്ങള്‍ പാലിക്കാന്‍ ബാധ്യതയുള്ള പോലിസ് ഉദ്യോഗസ്ഥന് സ്വയം ശിക്ഷ നടപ്പാക്കാന്‍ അധികാരമില്ലെന്ന് ജുഡീഷ്യല്‍ അംഗം പി മോഹനദാസ് ഉത്തരവില്‍ പറഞ്ഞു.

Update: 2020-03-28 15:05 GMT

കണ്ണൂര്‍: ലോക്ക് ഡൗണ്‍ നിര്‍ദേശം ലംഘിച്ച് പുറത്തിറങ്ങിയവരെ കണ്ണൂര്‍ എസ്പി യതീഷ് ചന്ദ്ര ഏത്തമിടുവിച്ച സംഭവം സംസ്ഥാന പോലിസ് മേധാവി നേരിട്ട് അന്വേഷിക്കണമെന്ന് സംസ്ഥാന മനുഷ്യാവകാശ കമ്മീഷന്‍. സര്‍ക്കാര്‍ നിര്‍ദേശങ്ങള്‍ പാലിക്കാന്‍ ബാധ്യതയുള്ള പോലിസ് ഉദ്യോഗസ്ഥന് സ്വയം ശിക്ഷ നടപ്പാക്കാന്‍ അധികാരമില്ലെന്ന് ജുഡീഷ്യല്‍ അംഗം പി മോഹനദാസ് ഉത്തരവില്‍ പറഞ്ഞു. എസ്പിയുടെ നിര്‍ദേശാനുസരണം ഏത്തമിട്ടവര്‍ അതിന് തക്ക എന്തുതെറ്റാണ് ചെയ്തതെന്ന് സംസ്ഥാന പോലിസ് മേധാവി അന്വേഷിക്കണമെന്നും കമ്മീഷന്‍ ആവശ്യപ്പെട്ടു.

മൂന്നാഴ്ചയ്ക്കുള്ളില്‍ അന്വേഷണ റിപോര്‍ട്ട് സമര്‍പ്പിക്കണം. റിപോര്‍ട്ട് ലഭിച്ച ശേഷം കേസ് കണ്ണൂരില്‍ നടക്കുന്ന സിറ്റിങ്ങില്‍ പരിഗണിക്കും. മാധ്യമ വാര്‍ത്തയുടെ അടിസ്ഥാനത്തില്‍ സ്വമേധയാ രജിസ്റ്റര്‍ ചെയ്ത കേസിലാണ് നടപടി.  കൊവിഡ് ബാധയുടെ പശ്ചാത്തലത്തില്‍ പോലിസ് ഉദ്യോഗസ്ഥരും ആരോഗ്യപ്രവര്‍ത്തകരും നടത്തുന്ന മഹത്തായ സേവനം ഹൈക്കോടതി പോലും എടുത്തുപറഞ്ഞിട്ടുണ്ട്. ഒരു സാഹചര്യത്തിലും പോലിസ് നിയമം ലംഘിക്കരുതെന്ന് ഹൈക്കോടതി ചൂണ്ടിക്കാണിച്ചിട്ടുണ്ട്.

എന്നാല്‍, കണ്ണൂര്‍ എസ്പിയെ പോലെ ഉന്നതനായ ഒരു ഉദ്യോഗസ്ഥന്‍ പരസ്യമായി ശിക്ഷ വിധിക്കുന്ന കാഴ്ചയാണ് കണ്ണൂരില്‍ കണ്ടത്. നിയമം കര്‍ശനമായി നടപ്പാക്കണം. എന്നാല്‍, ശിക്ഷ പോലിസ് തന്നെ നടപ്പാക്കുന്നത് പോലിസ് ആക്ടിന്റെ ലംഘനമാണ്. ശിക്ഷ വിധിക്കാന്‍ പോലിസിന് അധികാരമില്ല. വീട്ടില്‍ സുരക്ഷിതരായിരിക്കണമെന്ന സര്‍ക്കാര്‍ നിര്‍ദേശം കൃത്യമായി അനുസരിക്കണമെന്നും കമ്മീഷന്‍ അംഗം പി മോഹനദാസ് ആവശ്യപ്പെട്ടു. 

Tags:    

Similar News