ജീവനക്കാര്‍ക്കായി കോഴിക്കോട് സിവില്‍ സ്‌റ്റേഷനിലേക്ക് കെഎസ്ആര്‍ടിസി സര്‍വീസ് ആരംഭിച്ചു
മൂന്ന് പേര്‍ക്ക് ഇരിക്കാവുന്ന സീറ്റില്‍ രണ്ടുപേരും രണ്ടാള്‍ക്കിരിക്കാവുന്ന സീറ്റില്‍ ഒരാളെയുമാണ് ഇരിക്കാന്‍ അനുവദിച്ചത്. പരമാവധി 30 ജീവനക്കാരെ മാത്രമാണ് ബസില്‍ പ്രവേശിപ്പിച്ചത്.
കോഴിക്കോട്: സിവില്‍ സ്‌റ്റേഷന് മുന്നിലൂടെ ഇന്ന് പതിവ് ദിവസത്തെ പോലെ കെഎസ്ആര്‍ടിസി ബസുകള്‍ വന്നു. പക്ഷേ ബസില്‍ സര്‍ക്കാര്‍ ജീവനക്കാര്‍ മാത്രമാണ് യാത്രക്കാരായി ഉണ്ടായിരുന്നത്. എല്ലാവരും മാസ്‌ക് ധരിച്ച് സാമൂഹിക അകലം പാലിച്ചാണ് ഓഫിസുകളിലേക്ക് എത്തിയത്.
സര്‍ക്കാര്‍ ഓഫിസുകളുടെ സുഗമമായ പ്രവര്‍ത്തനം ഉറപ്പുവരുത്തുന്നതിന് കോഴിക്കോട് ജില്ലയിലെ പ്രധാനപ്പെട്ട കേന്ദ്രങ്ങളില്‍ നിന്ന് സിവില്‍ സ്‌റ്റേഷനിലേക്കും തിരിച്ചും സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് മാത്രമായി കെഎസ്ആര്‍ടിസി ബസ് സര്‍വ്വീസുകള്‍ ആരംഭിക്കാന്‍ ജില്ലാകലക്ടര്‍ നിര്‍ദ്ദേശം നല്‍കിയിരുന്നു.
സാധാരണ നിരക്കിന്റെ ഇരട്ടിയാണ് യാത്രാ ചാര്‍ജ്ജായി ഈടാക്കിയത്. ജീവനക്കാര്‍ക്ക് കൈകള്‍ ശുചീകരിക്കാന്‍ സാനിറ്റൈസറും നല്‍കി. നിശ്ചിത അകലം പാലിച്ചാണ് യാത്രക്കാര്‍ക്ക് സീറ്റുകള്‍ നല്‍കിയത്. മൂന്ന് പേര്‍ക്ക് ഇരിക്കാവുന്ന സീറ്റില്‍ രണ്ടുപേരും രണ്ടാള്‍ക്കിരിക്കാവുന്ന സീറ്റില്‍ ഒരാളെയുമാണ് ഇരിക്കാന്‍ അനുവദിച്ചത്. പരമാവധി 30 ജീവനക്കാരെ മാത്രമാണ് ബസില്‍ പ്രവേശിപ്പിച്ചത്.
ജീവനക്കാര്‍ പ്രോട്ടോക്കോള്‍ പാലിച്ച് ഈ സൗകര്യം പരമാവധി ഉപയോഗപ്പെടുത്തണമെന്ന് ജില്ലാ കലക്ടര്‍ അറിയിച്ചിരുന്നു. ആദ്യദിവസം ആയതിനാല്‍ യാത്രക്കാര്‍ കുറവായിരുന്നെങ്കിലും വരും ദിവസങ്ങളില്‍ കൂടുതല്‍ ജീവനക്കാര്‍ ബസ് സൗകര്യം ഉപയോഗപ്പെടുത്തുമെന്ന് പ്രതീക്ഷിക്കുന്നതായി ബസ് ജീവനക്കാര്‍ പറഞ്ഞു.
ഇനി മുതല്‍ എല്ലാ പ്രവൃത്തി ദിവസങ്ങളിലും നിശ്ചിത സമയത്ത് സര്‍വീസ് ഉണ്ടാകും. അനുവദിച്ച റൂട്ടുകളിലെ ബസ് സ്‌റ്റോപ്പുകളില്‍ നിന്ന് ഔദ്യോഗിക തിരിച്ചറിയല്‍ രേഖയുടെ അടിസ്ഥാനത്തിലാണ് ജീവനക്കാര്‍ക്ക് ഈ സൗകര്യം ഒരുക്കിയത്. തൊട്ടില്‍പ്പാലം കുറ്റിയാടി ഉള്ള്യേരി (രാവിലെ 8.10), ബാലുശ്ശേരി നന്മണ്ട (8.30), മുക്കംകുന്നമംഗലം (8.45), വടകര-കൊയിലാണ്ടി (8.20), രാമനാട്ടുകര-ഫറോക്ക് (9.00), താമരശ്ശേരിനരിക്കുനി (വഴി) (8.30) എന്നീ റൂട്ടുകളില്‍ നിന്നാണ് ബസുകള്‍ സിവില്‍ സ്‌റ്റേഷനിലെത്തിയത്. സിവില്‍ സ്‌റ്റേഷനില്‍ നിന്നും വൈകീട്ട് 5.10 ന് തിരികെ പുറപ്പെട്ടു. സര്‍വ്വീസുമായി ബന്ധപ്പെട്ട സംശയങ്ങള്‍ക്ക് 8547616019, 0495 2370518 നമ്പറുകളില്‍ ബന്ധപ്പെടാം.