ലോക്ക് ഡൗണ്‍ : വ്യാപാരികളുടെ പരാതിയില്‍ ഹൈക്കോടതി സര്‍ക്കാരിനോട് വിശദീകരണം തേടി
ഓള്‍ ഇന്ത്യ വ്യാപാരി വ്യവസായി കോണ്‍ഗ്രസ് സംസ്ഥാന പ്രസിഡന്റ് ജോയ് ഡാനിയേല്‍ സമര്‍പ്പിച്ച ഹരജിയാണ് കോടതി പരിഗണിച്ചത്
കൊച്ചി: ലോക്ഡൗണ്‍ കാലയളവില്‍ ദുരിതം നേരിട്ട വ്യാപാരികള്‍ ഉന്നയിച്ച പരാതികളെ സംബന്ധിച്ച് ഹൈക്കോടതി സര്‍ക്കാരിനോട് വിശദീകരണം തേടി. ഓള്‍ ഇന്ത്യ വ്യാപാരി വ്യവസായി കോണ്‍ഗ്രസ് സംസ്ഥാന പ്രസിഡന്റ് ജോയ് ഡാനിയേല്‍ സമര്‍പ്പിച്ച ഹരജിയാണ് കോടതി പരിഗണിച്ചത്.കൊവിഡ് പ്രതിസന്ധി മൂലം ദുരിതത്തിലായ വ്യാപാരികള്‍ക്ക് പണം നല്‍കാന്‍ കഴിയാതെ കുടിശിക വന്നതുമൂലം കെഎസ്ഇബി, വാട്ടര്‍ അതോറിട്ടി കണക്ഷനുകള്‍ വിച്ഛേദിക്കുന്നുവെന്നും നോട്ടീസ് നല്‍കിയെന്നും കടകള്‍ തുറന്ന് കച്ചവടം നടത്താന്‍ സാഹചര്യം ഇല്ലായെന്നും ചൂണ്ടിക്കാട്ടിയായിരുന്നു ഹരജി നല്‍കിയത്.
ലോക്ഡൗണില്‍ ദുരിതത്തിലായ വ്യാപാരികള്‍ക്ക് അമിത വൈദ്യുതി ബില്‍, വാട്ടര്‍ ബില്‍ തുടങ്ങിയവ ഈടാക്കുകയോ, കുടിശിക വന്നതിനാല്‍ വിച്ഛേദിക്കുകയോ ചെയ്തിട്ടുണ്ടെങ്കില്‍ അത്തരത്തിലുള്ള ഓരോ വ്യാപാരികളും കേസില്‍ കക്ഷി ചേര്‍ന്നാലോ, വ്യക്തിപരമായി ഹരജി ഫയല്‍ ചെയ്താലോ അത് പരിഗണിക്കാമെന്ന് കോടതി വാക്കാല്‍ പറഞ്ഞു.അതേസമയം കെഎസ്ഇബി ബില്‍ അടയ്ക്കാത്തതിന്റെ പേരില്‍ ആരുടെയും കണക്ഷന്‍ വിച്ഛേദിക്കുകയോ നോട്ടീസ് നല്‍കുകയോ ചെയ്തിട്ടില്ലെന്ന് കെഎസ്ഇബി കോടതിയില്‍ ബോധിപ്പിച്ചു.
പത്തുദിവസത്തിനകം വ്യാപാരികള്‍ക്കും ജോലി ചെയ്യുന്നവര്‍ക്കും വാക്‌സിനേഷന് മുന്‍ഗണന നല്‍കണം, വ്യാപാരികള്‍ക്കും വ്യവസായികള്‍ക്കും ചെറിയ പലിശയില്‍ ലോണുകള്‍ അനുവദിക്കുക, മാര്‍ച്ച് 2020 മുതല്‍ ഒരു വര്‍ഷത്തേക്ക് തദ്ദേശസ്വയംഭരണസ്ഥാപനങ്ങളിലെ വാടക ഒഴിവാക്കണം, ലൈസന്‍സ് ഫീസ്, ബില്‍ഡിങ് ടാക്‌സ് എന്നിവ ഒരു വര്‍ഷത്തേക്ക് ഒഴിവാക്കുക, വാട്ടര്‍ ബില്ല്, വൈദ്യുതി ബില്ല് എന്നിവ ഒഴിവാക്കി, കുടിശികയുടെ പേരില് ഒരു വര്‍ഷത്തേക്ക് കണക്ഷന്‍ വിച്ഛേദിക്കാതിരിക്കുക തുടങ്ങിയ ആവശ്യങ്ങളും ഹരജിയില്‍ ആവശ്യപ്പെട്ടു.കേസ് പിന്നീട് പരിഗണിക്കുന്നതിനായി കോടതി മാറ്റി.