കാറുമായി കറങ്ങുന്നതിനിടെ പോലിസ് തടഞ്ഞപ്പോള്‍ ഭീഷണി; യുവാവ് അറസ്റ്റില്‍
പോലിസുകാരെ ഭീഷണിപ്പെടുത്തുകയും യൂനിഫോം വലിച്ചുകീറി കൈയേറ്റം ചെയ്തതായാണ് പരാതി.ജാമ്യമില്ലാ വകുപ്പുകള്‍ പ്രകാരമാണ് കേസ്.
മാനന്തവാടി: ലോക്ക് ഡൗണും നിരോധനാജ്ഞയും ലംഘിച്ച് കാറുമായി കറങ്ങിയത് തടയാന്‍ ശ്രമിച്ച പോലിസ് ഉദ്യോഗസ്ഥരെ കൈയേറ്റം ചെയ്യുകയും ഭീഷണിപ്പെടുത്തുകയും ചെയ്തതായി പരാതി. സംഭവവുമായി ബന്ധപ്പെട്ട് എടവക രണ്ടേനാല്‍ കുറ്റിത്തൊടുവില്‍ സാദിഖലി (27)യെ മാനന്തവാടി പോലിസ് അറസ്റ്റുചെയ്തു.
ഇന്നലെ വൈകീട്ട് പള്ളിക്കലിലായിരുന്നു സംഭവം. പോലിസുകാരെ ഭീഷണിപ്പെടുത്തുകയും യൂനിഫോം വലിച്ചുകീറി കൈയേറ്റം ചെയ്തതായാണ് പരാതി.ജാമ്യമില്ലാ വകുപ്പുകള്‍ പ്രകാരമാണ് കേസ്. കേരള എപിഡമിക് ഡിസീസ് ഓര്‍ഡിനന്‍സ് 2020 പ്രകാരവും കേസ് ചുമത്തിയ യുവാവിനെ സ്റ്റേഷന്‍ ജാമ്യത്തില്‍ വിട്ടയച്ചില്ല. ഇന്ന് കോടതിയില്‍ ഹാജരാക്കും. ലോക്ക് ഡൗണ്‍ ലംഘനവുമായി ബന്ധപ്പെട്ട് വയനാട്ടില്‍ പരിശോധന കര്‍ശനമാക്കിയിരിക്കുകയാണ്.
വിവിധ സ്റ്റേഷനുകളിലായി ഇന്നലെ 67 കേസുകള്‍ രജിസ്റ്റര്‍ ചെയ്തു. 33 പേരെ അറസ്റ്റ് ചെയ്ത് ജാമ്യത്തില്‍ വിടുകയും 52 വാഹനങ്ങള്‍ പിടിച്ചെടുക്കുകയും ചെയ്തു. ഇതിനകം ജില്ലയില്‍ ആകെ 721 കേസുകളാണ് രജിസ്ട്രര്‍ ചെയ്തത്. 492 പേരെ അറസ്റ്റ് ചെയ്യുകയും 381 വാഹനങ്ങള്‍ പിടിച്ചെടുക്കുകയും ചെയ്തിട്ടുണ്ട്.