തെരുവ് നായ്ക്കളുടെ 'വിശപ്പിന്റെ വിളി' കേട്ട് അവരെത്തി (വീഡിയോ)

കാരാപറമ്പിലെ 'വിശപ്പിന്റെ വിളി' എന്ന ഈ കൊച്ചു കൂട്ടായ്മയാണ് ഒരു മാസത്തോളമായി മഞ്ചേരിയിലെ തെരുവു പട്ടികളുടെ അന്ന ദാദാക്കള്‍.

Update: 2020-05-02 01:43 GMT

മഞ്ചേരി: ലോക്ക് ഡൗണ്‍ കാലത്ത് കാരുണ്യത്തിന്റെ അടയാളങ്ങളായ കുറേ മനുഷ്യരെ നമുക്ക് കാണാന്‍ കഴിഞ്ഞു. മനുഷ്യരോടെന്നപോലെ പക്ഷി മൃഗാദികളോടും കരുതലിന്റെ കരങ്ങളും ലോക്ക് വീഴാത്ത ഹൃദയങ്ങളുമായി അവര്‍ കര്‍മ്മ നിരതരാണ്. അത്തരമൊരു കൊച്ചു സംഘത്തെ തേജസ് പ്രതിനിധികള്‍ കഴിഞ്ഞ ദിവസം മലപ്പുറം ജില്ലയിലെ മഞ്ചേരിയില്‍ കണ്ടു.

Full View

സമയം വൈകുന്നേരം നാലുമണി. ലോക്ക് ഡൗണ്‍മൂലം വിജനമായ നിരത്തില്‍ അങ്ങിങ്ങായി തെരുവു നായ്ക്കള്‍ അലഞ്ഞു നടക്കുന്നുണ്ട്. പാണ്ടിക്കാട് റോഡിലെ സിഎച്ച് ബൈപ്പാസ് ജങ്ഷനില്‍ ഇതിനിടെ ചാരനിറത്തിലുള്ള ഒരു ഇന്നോവ കാര്‍ വന്നു തിരിച്ചു നിറത്തി.ലോക്ക് ഡൗണ്‍ നിയമം ലംഘിച്ച് ഇരിക്കുന്ന നാലുപേരെ വണ്ടിക്കകത്ത് കണ്ടപ്പോള്‍ ഒന്നു നോക്കിയതാണ്. വണ്ടി നിര്‍ത്തിയതും നാലു പാടു നിന്നും തെരുവുനായ്ക്കള്‍ കുതിച്ചെത്തുന്നു. ഞങ്ങള്‍ ആദ്യമൊന്ന് പേടിച്ചുപേയി. വാലാട്ടിക്കൊണ്ട് അവ വാനിനു ചുറ്റും നടക്കുകയാണ്. വണ്ടിയിലുള്ളവര്‍ ഇറങ്ങി അവയോട് എന്തൊക്കെയോ പറഞ്ഞതോടെ എല്ലാം അനുസരണയോടെ റോഡരിലേക്ക് നീങ്ങി നിന്നു. ഡിക്കിയില്‍ നിന്ന് ആവിപറക്കുന്ന ചോറും ചിക്കന്‍ പാര്‍ട്‌സും ഇലകളില്‍ വിളമ്പി നായകള്‍ക്ക് വിതരണം ചെയ്യുകയാണ് ചെറുപ്പക്കാര്‍. അപ്പോഴേക്കും കാക്കകളും പറന്നെത്തി. ഒന്നു രണ്ടു പൂച്ചകളും. കാരാപറമ്പിലെ 'വിശപ്പിന്റെ വിളി' എന്ന ഈ കൊച്ചു കൂട്ടായ്മയാണ് ഒരു മാസത്തോളമായി മഞ്ചേരിയിലെ തെരുവു പട്ടികളുടെ അന്ന ദാദാക്കള്‍.

കടക്കള്‍ അടഞ്ഞു കിടക്കുന്നതിനാല്‍ സഹജീവികള്‍ പട്ടിണിയിലാകരുതെന്ന ലക്ഷ്യത്തോടെയാണ് തങ്ങള്‍ അവയ്ക്ക് ഭക്ഷണം നല്‍കുന്നതെന്ന് അവര്‍ പറഞ്ഞു. കാരാപറമ്പിലെ ഷാജിഫിസ, അലവിക്കുട്ടി, അഫീസല്‍, ഷാജഹാന്‍ മോങ്ങം, കുഞ്ഞു കൊടവണ്ടി മഞ്ചേരി എന്നിവരാണ് ഭക്ഷണ വിതരണത്തിനായി കഴിഞ്ഞ ദിവസം എത്തിയത്. കൂടായ്മയില്‍ വേറയും പ്രവര്‍ത്തകരുണ്ട്. എസ്ഡിപിഐ ബ്രാഞ്ച് സെക്രട്ടറി കൂടിയായ ഷാജിഫിസയുടെ വീട്ടില്‍ വച്ചാണ് ദിവസവും ഭക്ഷണം പാകം ചെയ്യുന്നത്. വൈകുന്നേരത്തോടെ വിതരണത്തിനായി ടൗണിലെത്തും. 100 ഓളം തെരുവു നായ്ക്കള്‍ക്ക്യും പൂച്ചകള്‍ക്കും കാക്കകള്‍ക്കും ഭക്ഷണം നല്‍കുന്നുണ്ടന്ന് അവര്‍ പറഞ്ഞു. എത്തിയവയ്‌ക്കെല്ലാം കിട്ടി എന്ന് ഉറപ്പ് വരുത്തിയ ശേഷം സംഘം പുതിയ ബസ് സ്റ്റാന്റിന് സമീപത്തേക്ക് തിരിച്ചു.അവിടെയും അവരെക്കാത്ത് വിജനമായ തെരുവിന്റെ ഉടമസ്ഥരുണ്ട്. ഇതിനിടെ തൊട്ടടുത്ത കുഴിയില്‍ നായ്ക്കുട്ടി വീണ് കിടക്കുന്നത് ശ്രദ്ധയില്‍ പെട്ട ഷാജഹാന്‍ കുഴിയിലിറങ്ങി അതിനെ രക്ഷപ്പെടുത്തി. പിന്നെ ഭക്ഷണം വിളിമ്പി. പാവങ്ങള്‍ക്കുള്ള റിലീഫ് കിറ്റ് വിതരണമടക്കം ഇവര്‍ നേരത്തെ തന്നെ നിര്‍വഹിച്ചിരുന്നു. അതിനിടെയാണ് മിണ്ടാപ്രാണികളുടെ കാര്യം ശ്രദ്ധയില്‍ പെട്ടതെന്ന് ഷാജിഫിസ പറഞ്ഞു. ലീഗ് അനുഭാവിയായ ഷാജഹാനും ഇടത് അനുഭവമുള്ള അലവിക്കുട്ടിയുമെല്ലാം കരുണയുടെ ഒരേ കുടനിവര്‍ത്തി സഹജീവികള്‍ക്കും തണലൊരുക്കുകയാണ്. 

Tags:    

Similar News