ലോക്ക് ഡൗണ്‍: പൊതുഗതാഗതം പുനരാരംഭിക്കാത്ത സാഹചര്യത്തില്‍ സര്‍വകലാശാല പരീക്ഷകള്‍ മാറ്റണമെന്ന്മനുഷ്യാവകാശ കമ്മീഷന്‍

പരീക്ഷ മുന്‍ നിശ്ചയിച്ച പ്രകാരം നടത്തുകയാണെങ്കില്‍ പഠിക്കുന്ന കോളജില്‍ എത്തി പരീക്ഷയെഴുതാനുള്ള ബുദ്ധിമുട്ട് കണക്കിലെടുത്ത് ഒരു കോളജിലെ വിദ്യാര്‍ഥികള്‍ക്ക് വീടിന് സമീപമുള്ള പരീക്ഷാ കേന്ദ്രങ്ങളില്‍ നിന്ന് പരീക്ഷ എഴുതാന്‍ അവസരം നല്‍കണം. എന്നാല്‍ പൊതു ഗതാഗതം സുഗമമാകുന്നത് വരെ പരീക്ഷ മാറ്റിവയ്ക്കുന്നതായിരിക്കും ഉചിതമെന്ന് കമ്മീഷന്‍ ജുഡിഷ്യല്‍ അംഗം പി മോഹനദാസ് ഉത്തരവില്‍ പറഞ്ഞു

Update: 2020-05-15 11:39 GMT

കൊച്ചി: പൊതു ഗതാഗതം പുനരാരംഭിച്ചിട്ടില്ലാത്ത സാഹചര്യത്തില്‍ ബിരുദ പരീക്ഷകള്‍ നടത്താനുള്ള കേരള സര്‍വകലാശാലയുടെ തീരുമാനം പുന:പരിശോധിക്കണമെന്ന് സംസ്ഥാന മനുഷ്യാവകാശ കമ്മീഷന്‍.പരീക്ഷ മുന്‍ നിശ്ചയിച്ച പ്രകാരം നടത്തുകയാണെങ്കില്‍ പഠിക്കുന്ന കോളജില്‍ എത്തി പരീക്ഷയെഴുതാനുള്ള ബുദ്ധിമുട്ട് കണക്കിലെടുത്ത് ഒരു കോളജിലെ വിദ്യാര്‍ഥികള്‍ക്ക് വീടിന് സമീപമുള്ള പരീക്ഷാ കേന്ദ്രങ്ങളില്‍ നിന്ന് പരീക്ഷ എഴുതാന്‍ അവസരം നല്‍കണം. എന്നാല്‍ പൊതു ഗതാഗതം സുഗമമാകുന്നത് വരെ പരീക്ഷ മാറ്റിവയ്ക്കുന്നതായിരിക്കും ഉചിതമെന്ന് കമ്മീഷന്‍ ജുഡിഷ്യല്‍ അംഗം പി മോഹനദാസ് ഉത്തരവില്‍ പറഞ്ഞു.

കേരള സര്‍വകലാശാല രജിസ്ട്രാറും വിദ്യാഭ്യാസ വകുപ്പ് സെക്രട്ടറിയും ഇക്കാര്യം പരിശോധിച്ച് പരാതിക്ക് പരിഹാരം കാണണമെന്ന് കമ്മീഷന്‍ ആവശ്യപ്പെട്ടു. മൂന്നാഴ്ചക്കകം ഇരുവരും റിപോര്‍ട്ട് നല്‍കണം.സംസ്ഥാനത്തെ മറ്റ് സര്‍വകലാശാലകളും ഉത്തരവ് പാലിക്കണമെന്നും കമ്മീഷന്‍ ആവശ്യപ്പെട്ടു.ചേര്‍ത്തല സെന്റ് മൈക്കിള്‍സ് കോളേജ് വിദ്യാര്‍ത്ഥികള്‍ സമര്‍പ്പിച്ച പരാതിയിലാണ് നടപടി. വിദൂര സ്ഥലങ്ങളില്‍ താമസിക്കുന്ന തങ്ങള്‍ക്ക് പൊതുഗതാഗതമില്ലാതെ കോളേജിലെത്തി പരീക്ഷ എഴുതാന്‍ കഴിയില്ലെന്നാണ് പരാതി.കൊവിഡ് 19 നിയന്ത്രണവിധേയമാക്കാന്‍ കഴിഞ്ഞിട്ടില്ലെന്ന് കമ്മീഷന്‍ നിരീക്ഷിച്ചു. ബസ്, ട്രെയിന്‍ ഗതാഗതം പുനരാരംഭിക്കുന്നതിനെ കുറിച്ച് സര്‍ക്കാരുകള്‍ ആലോചിക്കാത്ത സാഹചര്യത്തില്‍ പരീക്ഷാ തീയതി പ്രഖ്യാപിച്ചത് പ്രായോഗികമല്ലെന്ന് കമ്മീഷന്‍ ഉത്തരവില്‍ പറഞ്ഞു.

Tags:    

Similar News