കടതുറക്കുന്നതുമായി ബന്ധപ്പെട്ട് സംഘര്‍ഷം; മിഠായി തെരുവില്‍ തുറന്ന കട പോലിസ് അടപ്പിച്ചു

ഷോപ്പിങ് മാളുകളുടെ പരിധിയില്‍പ്പെടുത്തിയാണ് കൂടുതല്‍ കടകള്‍ ഒരുമിച്ചുള്ള സ്ഥലങ്ങളില്‍ കടകള്‍ തുറക്കരുതെന്ന് കലക്ടര്‍ ഉത്തരവിട്ടത്. മിഠായിതെരുവ്, വലിയങ്ങാടി പോലെയുള്ള സ്ഥലങ്ങളില്‍ അവശ്യ സാധനങ്ങള്‍ ഒഴികെയുള്ള കടകള്‍ തുറക്കാന്‍ അനുവാദമില്ല.

Update: 2020-05-09 06:08 GMT

കോഴിക്കോട്: കട തുറന്ന് പ്രവര്‍ത്തിക്കുന്നതുമായി ബന്ധപ്പെട്ട് കോഴിക്കോട് മിഠായി തെരുവില്‍ സംഘര്‍ഷം. വ്യാപാരി വ്യവസായി ഏകോപന സമിതി പ്രസിഡന്റ് ടി നസറുദ്ദീന്റെ കട തുറക്കാനുള്ള ശ്രമമാണ് സംഘര്‍ഷത്തിന് ഇടയാക്കിയത്. കലക്ടറുടെ ഉത്തരവ് മറി കടന്നു എന്നാരോപിച്ച് പോലിസ് കട അടപ്പിച്ചു. എന്നാല്‍, കട തുറക്കാനുള്ള നടപടിയുമായി മുന്നോട്ട് പോകുമെന്ന് നസറുദ്ദീന്‍ പറഞ്ഞു.

ഷോപ്പിങ് മാളുകളുടെ പരിധിയില്‍പ്പെടുത്തിയാണ് കൂടുതല്‍ കടകള്‍ ഒരുമിച്ചുള്ള സ്ഥലങ്ങളില്‍ കടകള്‍ തുറക്കരുതെന്ന് കലക്ടര്‍ ഉത്തരവിട്ടത്. മിഠായിതെരുവ്, വലിയങ്ങാടി പോലെയുള്ള സ്ഥലങ്ങളില്‍ അവശ്യ സാധനങ്ങള്‍ ഒഴികെയുള്ള കടകള്‍ തുറക്കാന്‍ അനുവാദമില്ല. എന്നാല്‍ മിഠായി തെരുവിലെ കടകള്‍ ചെറുകിട സ്ഥാപനങ്ങള്‍ ആയതിനാല്‍ തുറക്കാന്‍ അനുവദിക്കണമെന്നാണ് വ്യാപാരികളുടെ ആവശ്യം.

ഇന്ന് രാവിലെ കോസ്‌മെറ്റിക്‌സ് വില്‍ക്കുന്ന കട നസറുദ്ദീന്റെ നേതൃത്വത്തില്‍ നേരിട്ടെത്തി തുറക്കാന്‍ ശ്രമിച്ചു. ഉടന്‍ തന്നെ സ്ഥലത്തെത്തിയ പോലിസുകാര്‍ കട അടപ്പിച്ചു. നസറുദ്ദീനെ ബലം പ്രയോഗിച്ച് മാറ്റി നിര്‍ത്തുകയും മൂന്ന് പേരില്‍ കൂടുതല്‍ നിന്നാല്‍ കേസെടുക്കേണ്ടിവരുമെന്ന് മുന്നറിയിപ്പ് നല്‍കുകയും ചെയ്തു. എന്നാല്‍ ഇന്നലെ കലക്ടറെ വിളിച്ച് സംസാരിച്ചതാണെന്നും കട തുറക്കുമെന്ന് അദ്ദേഹത്തെ അറിയിച്ചതാണെന്നും നസറുദ്ദീന്‍ പറഞ്ഞു. 

Tags:    

Similar News