ഇളവുകൾ ദുരുപയോഗം ചെയ്യുന്നു; വാഹന രജിസ്ട്രേഷനും ലൈസൻസും റദ്ദാക്കുമെന്ന് മുഖ്യമന്ത്രി

ജാഗ്രത കൈവിട്ടാൽ തിരിച്ചടിയാവുമെന്ന് നിരവധി തവണ പറഞ്ഞിട്ടും വിവാഹം, മരണം എന്നിവിടങ്ങളിലെല്ലാം ആളുകൾ കൂടുന്നതായും പരാതികളുണ്ട്.

Update: 2020-05-26 13:00 GMT

തിരുവനന്തപുരം: ലോക്ക് ഡൗൺ ഇളവുകൾ പലരും ദുരുപയോഗം ചെയ്യുന്നതായി മുഖ്യമന്ത്രി. ജനങ്ങളുടെ സ്വാഭാവിക ജീവിതത്തിന് തടസ്സമില്ലാതിരിക്കാനാണ് ഇളവുകൾ നൽകിയത്. ലോക്ക് ഡൗണിൽ ഇളവ് വന്നതോടെ ബസ്സുകളിലും ബസ് സ്റ്റാൻഡുകളിലും അനിയന്ത്രിതമായ തിരക്ക് അനുഭവപ്പെടുന്നു. ഓട്ടോകളിലും മറ്റ് വാഹനങ്ങളിലും ചിലയിടത്ത് കൂടുതൽ ആളുകൾ കയറുന്നതായി സംസ്ഥാനത്തിന്റെ പലഭാഗങ്ങളിൽ നിന്നും പരാതി ലഭിക്കുന്നുണ്ട്. 

ജാഗ്രത കൈവിട്ടാൽ തിരിച്ചടിയാവുമെന്ന് നിരവധി തവണ പറഞ്ഞിട്ടും വിവാഹം, മരണം എന്നിവിടങ്ങളിലെല്ലാം ആളുകൾ കൂടുന്നതായും പരാതികളുണ്ട്. മരണാനന്തര ചടങ്ങിൽ 20 പേർക്കാണ് അനുമതി. എന്നാൽ ഇതിൽ സ്വയം ദുർവ്യാഖ്യാനം നടത്തി ആളുകൾ കൂടുന്നു. വിവാഹ ചടങ്ങിൽ അമ്പത് പേർക്കാണ് അനുമതി. എന്നാൽ വിവാഹത്തിന് മുമ്പും ശേഷവും ആളുകളെത്തുന്നു. ഇതൊന്നും അനുവദിക്കാവുന്ന കാര്യമല്ല. 

വിലക്ക് ലംഘിച്ച് ആളുകളെ കയറ്റുന്ന വാഹനങ്ങൾക്കെതിരെ നടപടിയുണ്ടാവും. ഉടമയുടെ രജിസ്ട്രേഷനും ഡ്രൈവറുടെ ലൈസൻസും റദ്ദാക്കും. തിരക്ക് ഒഴിവാക്കാൻ പോലിസ് കാർക്കശ്യത്തോടെ ഇടപെടുമെന്നും മുഖ്യമന്ത്രി പറഞ്ഞു. മാർഗ നിർദേശങ്ങൾ പാലിക്കാൻ എല്ലാവരും തയ്യാറാവണം. ഇക്കാര്യം ഓരോരുത്തരും ഉറപ്പ് വരുത്തണം. കടകളിലും ചന്തകളിലും വലിയ ആൾക്കൂട്ടം കാണുന്നുണ്ട്. ഈ രീതി തുടരാൻ പറ്റില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.

Tags:    

Similar News