ഫുഡ് കോര്‍പ്പറേഷന്‍ ഡിപ്പോയിലെ ഡ്രൈവര്‍ക്കെതിരേ കേസെടുത്തു; പോലിസ് നടപടിക്കെതിരേ തൊഴിലാളികളുടെ പ്രതിഷേധം
ഇന്നലെ രാവിലെ ഒമ്പത് മണിയോടെ ലോറികള്‍ എഫ്‌സിഐക്കുള്ളില്‍ പ്രവേശിക്കുന്നതിന് മുമ്പാണ് എസ്‌ഐ പി എം സുനില്‍കുമാറിന്റെ നേതൃത്വത്തില്‍ പോലിസ് എത്തി സിഐടിയു നേതാവും പയ്യോളി നഗരസഭ സിപിഎം മെമ്പറുമായ കെ എം രാമകൃഷ്ണനെ ലോക്ക് ഡൗണ്‍ ലംഘിച്ച് കൂട്ടം കൂടിയെന്നാരോപിച്ച് കസ്റ്റഡിയിലെടുത്തത്.
പയ്യോളി: ഫുഡ് കോര്‍പ്പറേഷന്‍ ഓഫ് ഇന്ത്യ തിക്കോടി ഡിപ്പോയില്‍ പോലിസ് അന്യായമായി ഇടപെട്ടെന്നാരോപിച്ച് തൊഴിലാളികള്‍ പ്രതിഷേധിച്ചു. ലോക്ക് ഡൗണ്‍ ലംഘിച്ചെന്നാരോപിച്ച് സിഐടിയു നേതാവിന്റെ പേരില്‍ കേസെടുത്തതാണ് പ്രതിഷേധത്തിന് ഇടയാക്കിയത്. എഫ്‌സിഐയിലെ ലോറി ഡ്രൈവര്‍മാര്‍ പയ്യോളി പോലിസ് സ്‌റ്റേഷനിലെത്തി സംഭവത്തില്‍ പ്രതിഷേധിച്ചു.
ഇന്നലെ രാവിലെ ഒമ്പത് മണിയോടെ ലോറികള്‍ എഫ്‌സിഐക്കുള്ളില്‍ പ്രവേശിക്കുന്നതിന് മുമ്പാണ് എസ്‌ഐ പി എം സുനില്‍കുമാറിന്റെ നേതൃത്വത്തില്‍ പോലിസ് എത്തി സിഐടിയു നേതാവും പയ്യോളി നഗരസഭ സിപിഎം മെമ്പറുമായ കെ എം രാമകൃഷ്ണനെ ലോക്ക് ഡൗണ്‍ ലംഘിച്ച് കൂട്ടം കൂടിയെന്നാരോപിച്ച് കസ്റ്റഡിയിലെടുത്തത്. പോലിസിന്റെ ബലപ്രയോഗത്തില്‍ രാമകൃഷ്ണന്റെ ഷര്‍ട്ട് കീറിയിരുന്നു. വടകര കൊയിലാണ്ടി താലൂക്കുകളിലേക്കുള്ള റേഷന്‍ വിതരണം നാല് മണിക്കൂറുകളോളം തടസ്സപ്പെട്ടു.
എഫ്‌സിഐ ഗോഡൗണിലേക്കെത്തിയ വാഗണില്‍ നിന്നും മൂന്ന് മണിക്കൂര്‍ കഴിഞ്ഞതിന് ശേഷമാണ് ഭക്ഷ്യധാന്യമിറക്കിയത്. പോലിസ് നടപടിയില്‍ പ്രതിഷേധിച്ച് ഡ്രൈവര്‍മാര്‍ പണിമുടക്കാന്‍ തീരുമാനമെടുത്തതിനെ തുടര്‍ന്ന് അസിസ്റ്റന്റ് മാനേജര്‍ വിനോദ് ,വടകര താലൂക്ക് സപ്ലൈ ഓഫിസര്‍ ടി സി സജീവന്‍, റേഷനിംഗ് ഇന്‍സ്‌പെക്ടര്‍മാരായ കെ ടി സജീഷ്, കെ ഷിംജിത്ത് എന്നിവരും പിന്നീട് പയ്യോളി സിഐ എം ആര്‍ ബിജുവും െ്രെഡവര്‍മാരും തമ്മില്‍ നടത്തിയ ചര്‍ച്ചയില്‍ ജോലി ചെയ്യാന്‍ െ്രെഡവര്‍മാര്‍ തീരുമാനമെടുക്കുകയായിരുന്നു. തിക്കോടി എഫ്‌സിഐയില്‍ സുരക്ഷിതമായി ജോലി ചെയ്യാനുള്ള സാഹചര്യം ഒരുക്കണമെന്നും അന്യായമായ പോലിസ് നടപടി തുടര്‍ന്നാല്‍ ശക്തമായ പ്രതിഷേധ സമരം സംഘടിപ്പിക്കുമെന്നും കോര്‍ഡിനേഷന്‍ കമ്മിറ്റി ഭാരവാഹികളായ എം അജിത്ത്, ശ്രീനിവാസന്‍ കോമത്ത്, മോഹനന്‍ ബാബു എന്നിവര്‍ അറിയിച്ചു.