ജില്ലയ്ക്കകത്ത് പൊതുഗതാഗതം അനുവദിക്കും; പകലുള്ള അന്തർജില്ലാ യാത്രകൾക്ക് പാസ് വേണ്ട

സ്കൂളുകൾ, കോളജുകൾ, മറ്റ് ട്രെയിനിങ് കോച്ചിങ് സെൻ്ററുകൾ അനുവദനീയമല്ല. ഓൺലൈൻ വിദൂര വിദ്യാഭ്യാസം പരമാവധി പ്രോൽസാഹിപ്പിക്കും.

Update: 2020-05-18 12:15 GMT

തിരുവനന്തപുരം: ലോക്ക് ഡൗൺ മെയ് 31 വരെ നീട്ടിയ സാഹചര്യത്തിൽ സംസ്ഥാനത്ത് പൊതുമാനദണ്ഡമനുസരിച്ച് ചില നിയന്ത്രണങ്ങൾ വരുത്തുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ അറിയിച്ചു. സ്കൂളുകൾ, കോളജുകൾ, മറ്റ് ട്രെയിനിങ് കോച്ചിങ് സെൻ്ററുകൾ അനുവദനീയമല്ല. ഓൺലൈൻ വിദൂര വിദ്യാഭ്യാസം പരമാവധി പ്രോൽസാഹിപ്പിക്കും.

നിബന്ധനകളോട് കൂടി അനുവദിക്കുന്ന കാര്യങ്ങൾ ഇവയാണ്. ജില്ലയ്ക്കകത്തുള്ള പൊതുഗതാഗതം (ജല ഗതാഗതം ഉൾപ്പടെ) അനുവദിക്കും. സിറ്റിങ് കപ്പാസിറ്റിയുടെ അമ്പത് ശതമാനമേ അനുവദിക്കൂ. നിന്നു കൊണ്ട് യാത്ര അനുവദിക്കില്ല. ജില്ലയ്ക്കുള്ളിലെ കണ്ടെയ്ൻമെൻ്റ് സോൺ ഒഴികെയുള്ള പ്രദേശങ്ങളിൽ വാഹനങ്ങളുടേയും ആളുകളുടേയും സഞ്ചാരത്തിന് തടസ്സങ്ങളുണ്ടാവില്ല. അന്തർജില്ലാ യാത്രകൾക്ക് പൊതുഗതാഗതം ഉണ്ടാവില്ല, അല്ലാത്ത യാത്ര അനുവദിക്കും. രാവിലെ ഏഴു മുതൽ വൈകീട്ട് ഏഴു വരെ അന്തർജില്ലാ യാത്രകൾക്ക് തടസ്സമില്ല. ഈ യാത്രകൾക്ക് പാസ് ആവശ്യമില്ല. തിരിച്ചറിയൽ കാർഡ് കൈയിൽ കരുതണം. കൊവിഡ്19 നിർവ്യാപനവുമായി പ്രവർത്തനങ്ങളിലേർപ്പെട്ടവർ, അവശ്യ സേവനങ്ങളിലെ സർക്കാർ ജീവനക്കാർ എന്നിവർക്ക് അന്തർ ജില്ലാ യാത്രക്ക് സമയപരിധിയില്ല.

ഇലക്ട്രീഷ്യൻമാർ, മറ്റ് ടെക്നീഷ്യൻമാർ തങ്ങളുടെ ട്രേഡ് ലൈസൻസ് കോപ്പി കൈയിൽ കരുതണം. സമീപമല്ലാത്ത ജില്ലകളിലേക്ക് അനുവദനീയമായ യാത്ര ചെയ്യുന്നതിന് ബന്ധപ്പെട്ട പോലിസ് സ്റ്റേഷനിൽ നിന്നോ, ജില്ലാ കലക്ടറിൽ നിന്നോ അനുമതി നേടണം. അവശ്യ സർവീസിലെ ജീവനക്കാർക്ക് ഇത് ബാധകമല്ല. ജോലി ആവശ്യങ്ങൾക്കായി സ്ഥിരമായി ദൂരെയുള്ള ജില്ലകളിലേക്ക് യാത്ര ചെയ്യുന്നവർ പ്രത്യേക യാത്രാ പാസ് പോലിസ് സ്റ്റേഷനുകളിൽ നിന്നോ ജില്ലാ കലക്ടറിൽ നിന്നോ വാങ്ങണം.

കണ്ടെയൻമെന്റ് സോണുകളിൽ പ്രവേശനത്തിന് കൂടുതൽ ശക്തമായ നിരീക്ഷണമുണ്ടാകും. എന്നാൽ ലോക്ക്ഡൗൺ കാരണം കുടുങ്ങിയവരെ തിരികെ കൊണ്ടുവരുന്നതിന് അനുമതി നൽകും. മറ്റു അടിയന്തര ആവശ്യങ്ങൾക്കും അന്തർ ജില്ലാ യാത്ര അനുവദിക്കും. സ്വകാര്യ വാഹനങ്ങൾ, ടാക്സി, ഉൾപ്പടെയുള്ള നാലുചക്ര വാഹനത്തിൽ ഡ്രൈവർക്ക് പുറമെ രണ്ടുപേർക്ക് യാത്ര ചെയ്യാം. കുടുംബമാണെങ്കിൽ മൂന്ന് പേർക്ക് യാത്ര ചെയ്യാം. ഓട്ടോറിക്ഷകളിൽ ഡ്രൈവർക്ക് പുറമെ ഒരാൾ, കുടുംബമാണെങ്കിൽ മൂന്ന് പേർക്കും യാത്ര ചെയ്യാം. ഇരുചക്ര വാഹനത്തിൽ സാധാരണ നിലയിൽ ഒരാൾക്കും കുടുംബാംഗമാണെങ്കിൽ രണ്ട് പേർക്കും യാത്ര ചെയ്യാം. കണ്ടെയിൻമെന്റ് സോണുകളിലേക്കും അവിടുത്ത് പുറത്തേക്കും യാത്ര അനുവദിക്കില്ല. അങ്ങനെ പോകുന്നവർക്ക് ക്വാറന്റീൻ ഏർപ്പെടുത്തും. അനുവദനീയമായ പ്രവൃത്തികൾക്ക് ഇത് ബാധകമല്ല.

Tags:    

Similar News