ലോക്ഡൗണ്‍ ലംഘനം: എറണാകുളം ജില്ലയില്‍ 318 കേസുകള്‍ രജിസ്റ്റര്‍ ചെയ്തു;189 വാഹനങ്ങള്‍ പിടിച്ചെടുത്തു
മാസ്‌ക് ധരിക്കാത്തതിന് 1438 പേര്‍ക്കെതിരെയും സാമൂഹിക അകലം പാലിക്കാത്തതിന് 1713 പേര്‍ക്കെതിരെയും പോലിസ് കേസെടുത്തു.എറണാകുളം റൂറല്‍ ജില്ലയിലാണ് ഏറ്റവും അധികം കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്
കൊച്ചി: ലോക്ക് ഡൗണ്‍ ലംഘനവുമായി ബന്ധപ്പെട്ട് കൊച്ചി സിറ്റി പോലിസിന്റെയും എറണാകുളം റൂറല്‍ ജില്ലാ പോലിസിന്റെയും നേതൃത്വത്തില്‍ ഇന്ന് എറണാകുളം ജില്ലയില്‍ 318 കേസുകള്‍ രജിസ്റ്റര്‍ ചെയ്തു.189 വാഹനങ്ങള്‍ പിടിച്ചെടുത്തു.76 പേരെ അറസ്റ്റു ചെയ്തു. മാസ്‌ക് ധരിക്കാത്തതിന് 1438 പേര്‍ക്കെതിരെയും സാമൂഹിക അകലം പാലിക്കാത്തതിന് 1713 പേര്‍ക്കെതിരെയും പോലിസ് കേസെടുത്തു.എറണാകുളം റൂറല്‍ ജില്ലയിലാണ് ഏറ്റവും അധികം കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്.കൊവിഡ് നിയന്ത്രണങ്ങള്‍ പാലിയ്ക്കാത്തതിന് 221 കേസുകള്‍ രജിസ്റ്റര്‍ ചെയ്തു. 76 പേരെ അറസ്റ്റ് ചെയ്തു. 127വാഹനങ്ങള്‍ കണ്ടു കെട്ടി. സാമൂഹ്യ അകലം പാലിയ്ക്കാത്തതിന് 1438 പേര്‍ക്കെതിരെയും മാസ്‌ക്ക് ധരിക്കാത്തതിന് 1201 പേര്‍ക്കെതിരെയും നടപടി സ്വീകരിച്ചു. ക്വാറന്റെന്‍ ലംഘനത്തിന് നാലു പേര്‍ ക്കെതിരെയും കേസ് രജിസ്റ്റര്‍ ചെയ്തു.
ഇന്നു മാത്രം കൊച്ചി നഗരത്തില്‍ നടത്തിയ പരിശോധനയില്‍ കൊവിഡ് മാനദണ്ഡം പാലിക്കാത്തവര്‍ക്കെതിരെ 97 കേസുകള്‍ രജിസ്റ്റര്‍ ചെയ്തു. മാസ്‌ക് ധരിക്കാത്തതിന് 237 പേര്‍ക്കെതിരെയും സാമൂഹിക അകലം പാലിക്കാത്തതിന് 275 പേര്‍ക്കെതിരെയും പെറ്റികേസ് എടുത്തു. വിവിധ സ്റ്റേഷനുകളിലായി ലോക്‌ഡോണ്‍ നിര്‍ദ്ദേശങ്ങള്‍ ലംഘിച്ച് 62 വാഹനങ്ങളും പിടിച്ചെടുത്തിട്ടുണ്ടെന്ന് കൊച്ചി സിറ്റി പോലിസ് പറഞ്ഞു.കൊവിഡ് മാനദണ്ഡങ്ങള്‍ ലംഘിക്കാന്‍ ശ്രമിക്കുന്നവര്‍ക്കെതിരെ2005ലെ ദുരന്തനിവാരണ നിയമം 2020-ലെ പകര്‍ച്ചവ്യാധി ഓഡിനന്‍സ് കൂടാതെ ഇന്ത്യന്‍ ശിക്ഷാനിയമം എന്നിവയിലെ വകുപ്പുകള്‍ പ്രകാരമാണ് കേസ് എടുക്കുന്നത്. ലോക് ഡൗണ്‍ മൂലം കൊച്ചി സിറ്റിയില്‍ ഒഴിഞ്ഞുകിടക്കുന്ന റോഡുകളിലൂടെ അമിതവേഗതയില്‍ വാഹനമോടിക്കുന്നവര്‍ക്കെതിരെയും നടപടിയുണ്ടാകും.
സിസിടിവി വഴി കണ്ടെത്തിയവര്‍ക്കെതിരെ ശക്തമായ നിയമനടപടികള്‍ സ്വീകരിക്കും. കൂടാതെ കോവിഡ് മാനദണ്ഡങ്ങള്‍ പാലിക്കാത്തവര്‍ക്കെതിരെയുള്ള കേസുകളില്‍ പെടുന്നവര്‍ക്ക് പാസ്‌പോര്‍ട്ട് ലഭിക്കുന്നതിന് പോലീസ് ക്ലിയറന്‍സ് സര്‍ട്ടിഫിക്കറ്റ് അനുവദിക്കുന്നതല്ല. ഇ- പാസിനു വേണ്ടി വളരെ അത്യാവശ്യക്കാര്‍ മാത്രം അപേക്ഷിക്കേണ്ടതാണെന്നും സിറ്റി പോലീസ് കമ്മീഷ്ണര്‍ അറിയിച്ചു. അപേക്ഷയില്‍ കാരണം എന്തെന്ന് വ്യക്തമായി ബോധിപ്പിക്കണം. വ്യക്തമായ കാരണങ്ങള്‍ ഇല്ലാത്ത അപേക്ഷകള്‍ നിരസിക്കും .ഇതര സംസ്ഥാന തൊഴിലാളികളുടെ ക്യാംപുകളിലും പോലീസ് പരിശോധന ശക്തമാക്കി. അവര്‍ക്ക് ആവശ്യമായ ഭക്ഷണവും മറ്റും ഉറപ്പുവരുത്തുകയും ബോധവല്‍ക്കരണം നടത്തുകയും ചെയ്തതായും പോലിസ് പറഞ്ഞു.