കൊവിഡ് പ്രതിരോധം: എറണാകുളത്ത് പരിശോധനകള്‍ ശക്തമാക്കി പോലീസ്;337 കേസുകള്‍ രജിസ്റ്റര്‍ ചെയ്തു

എറണാകുളം റൂറല്‍ ജില്ലാ പരിധിയില്‍ കഴിഞ്ഞ നാല് ദിവസത്തിനുളളില്‍ കൊവിഡ് മാനദണ്ഡങ്ങള്‍ പാലിക്കാത്തതുമായി ബന്ധപ്പെട്ട് 337 കേസുകള്‍ രജിസ്റ്റര്‍ ചെയ്തു.സാമൂഹിക അകലം പാലിക്കാതിരിക്കുക, മാസ്‌ക് ധരിക്കാതിരിക്കുക എന്നീ സംഭവങ്ങളില്‍ പെറ്റി കേസുകള്‍ രജിസ്റ്റര്‍ ചെയ്യും.

Update: 2021-04-13 11:24 GMT

കൊച്ചി: കൊവിഡ് രോഗവ്യാപനം രൂക്ഷമാകുന്ന സാഹചര്യത്തില്‍ എറണാകുളത്ത് നിയന്ത്രണങ്ങള്‍ കൂടുതല്‍ കടുപ്പിച്ചു.കൊവിഡ് മാനദണ്ഡ പരിശോധനകള്‍ പോലിസും ശക്തമാക്കി. എറണാകുളം റൂറല്‍ ജില്ലാ പരിധിയില്‍ കഴിഞ്ഞ നാല് ദിവസത്തിനുളളില്‍ കൊവിഡ് മാനദണ്ഡങ്ങള്‍ പാലിക്കാത്തതുമായി ബന്ധപ്പെട്ട് 337 കേസുകള്‍ രജിസ്റ്റര്‍ ചെയ്തു.സാമൂഹിക അകലം പാലിക്കാതിരിക്കുക, മാസ്‌ക് ധരിക്കാതിരിക്കുക എന്നീ സംഭവങ്ങളില്‍ പെറ്റി കേസുകള്‍ രജിസ്റ്റര്‍ ചെയ്യും. കൊവിഡ് പ്രതിരോധം ശകതമാക്കുന്നതിന്റെ ഭാഗമായി പോലിസ് പട്രോളിംഗ് സംഘങ്ങള്‍ പൊതു സ്ഥലങ്ങള്‍, വ്യാപാര സ്ഥാപനങ്ങള്‍, പൊതു, സ്വകാര്യ ചടങ്ങുകള്‍ നടക്കുന്നിടങ്ങള്‍ എന്നിവിടങ്ങളില്‍ നിരീക്ഷണം നടത്തുന്നുണ്ട്.

സ്വകാര്യ വാഹനങ്ങളിലും സര്‍വ്വീസ് വാഹനങ്ങളിലും കൊവിഡ് ചട്ടങ്ങള്‍ പാലിക്കുന്നത് ഉറപ്പാക്കാനായി പ്രത്യേക പരിശോധന നടത്തും. കൊവിഡ് പ്രതിരോധ മാര്‍ഗങ്ങളെക്കുറിച്ചുള്ള വിവിധ ബോധവത്ക്കണ പ്രവര്‍ത്തനങ്ങള്‍ക്കും പോലീസ് സേന രൂപം നല്‍കിയിട്ടുണ്ട്. കൂടുതല്‍ ആളുകളിലേക്ക് വാക്‌സിനേഷന്‍ കൃത്യമായി എത്തിയാക്കുന്നതിനുള്ള നടപടികളും ജില്ലാ ഭരണകൂടം സ്വീകരിച്ചു.നിലവില്‍ 10.75 ആണ് കേരളത്തിലെ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക്. ഈ സാഹചര്യത്തില്‍ ആര്‍ ടി - പി സി ആര്‍ പരിശോധനയും കൊവിഡ് പ്രോട്ടോകോള്‍ എന്‍ഫോഴ്‌സുമെന്റിനും പ്രാധാന്യം നല്‍കിയുള്ള പ്രവര്‍ത്തനങ്ങളാണ് നടപ്പിലാക്കുന്നത്.

രോഗ വ്യാപനം രൂക്ഷമായ സാഹചര്യത്തില്‍ ഇന്‍ഡോര്‍ പരിപാടികളില്‍ 100 ഉം ഔട്ട് ഡോര്‍ പരിപാടികളില്‍ 200 ഉം ആളുകള്‍ മാത്രമേ പങ്കെടുക്കാവൂ. ഇതില്‍ കൂടുതല്‍ ആളുകളെ പങ്കെടുപ്പിക്കണമെങ്കില്‍ പങ്കെടുക്കുന്ന എല്ലാവരും പരിപാടി നടക്കുന്ന 72 മണിക്കൂറിനുള്ളില്‍ ആര്‍ ടി - പി സി ആര്‍ , ആര്‍ ടി ലാംപ് എന്നിവയിലേതെങ്കിലും ടെസ്റ്റ് നടത്തി നെഗറ്റീവ് ആയവരോ വാക്‌സിന്‍ എടുത്തവരോ ആയിരിക്കണം. വിവാഹം ,കലാ-കായിക, സാംസ്‌കാരിക പരിപടികള്‍, ഉത്സവങ്ങള്‍ തുടങ്ങി എല്ലാ പൊതുപരിപാടികള്‍ക്കും ഇത് ബാധകമായിരിക്കും. യോഗങ്ങള്‍ രണ്ട് മണിക്കൂര്‍ സമയത്തില്‍ പരിമിതപ്പെടുത്തണം.ഹോട്ടലുകളിലും ,റെസ്റ്റോറന്റുകളിലും ഹോം ഡെലിവറി സംവിധാനം അല്ലങ്കില്‍ ടേക്ക് ഹോം സംവിധാനം ഏര്‍പ്പെടുത്തണം. സീറ്റിംഗ് കപ്പാസിറ്റിയുടെ 50 ശതമാനം ആളുകളെ മാത്രം ഒരേ സമയം അനുവദിക്കാവൂ.

സിവില്‍ സപ്ലൈസ് കോര്‍പറേഷന്‍, ഹോര്‍ട്ടി കോര്‍പ്പ്, പൗള്‍ട്രി കോര്‍പറേഷന്‍ ,മത്സ്യഫെഡ്, മില്‍മ തുടങ്ങിയ സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ ഏകോപിപ്പിച്ചു ഓണ്‍ലൈന്‍ സംവിധാനമുപയോഗിച്ചു നിത്യോപയോഗ സാധനങ്ങള്‍ വീടുകളില്‍ എത്തിക്കുന്നതിനുള്ള ഓണ്‍ലൈന്‍ സംവിധാനം ഏര്‍പ്പെടുത്തും. ഷോപ്പുകളും ഹോം ഡെലിവറി സംവിധാനം വിപുലപ്പെടുത്തണം. ടെലിഡോക്ടര്‍ സംവിധാനമായ ഇ- സഞ്ജീവനി എല്ലാ ആശുപത്രികളിലും ഏര്‍പ്പെടുത്തും.ട്രയിനുകളിലും ബസ്സുകളിലും ആളുകള്‍ തിങ്ങി നിറഞ്ഞ് യാത്ര ചെയ്യാന്‍ പാടുള്ളതല്ല. അത്യാവശ്യമായ യോഗങ്ങള്‍ കഴിവതും മൂന്നാഴ്ചത്തേക്ക് സംഘാടകര്‍ നീട്ടി വയ്ക്കണം. ഭക്ഷണ വിതരണമുള്ള യോഗങ്ങളില്‍ അത് കഴിയുന്നതും ഭക്ഷണപ്പൊതികളായി നല്‍കണം. അടുത്ത രണ്ടാഴ്ച ഷോപ്പുകളും മാളുകളും രാത്രി ഒന്‍പതു വരെ മാത്രമേ തുറന്നു പ്രവര്‍ത്തിക്കാവൂ.മറ്റു സംസ്ഥാനങ്ങളില്‍ നിന്ന് കേരളത്തിലേക്ക് വരുന്ന എല്ലാവരും കൊവിഡ് ജാഗ്രതാ പോര്‍ട്ടലില്‍ രജിസ്റ്റര്‍ ചെയ്യണം.

ജില്ലയില്‍ കൊറോണ വ്യാപനം കൂടിയ പ്രദേശങ്ങളില്‍ ബോധവത്ക്കരണ പ്രവര്‍ത്തനങ്ങള്‍ ശക്തമാക്കി ജില്ലാ ദുരന്തനിവാരണ അതോറിറ്റിയും, ആരോഗ്യ വകുപ്പും. ജില്ലയില്‍ കൊവിഡ് കേസുകള്‍ കൂടി വരുന്ന സാഹചര്യത്തില്‍ ബാക്ക് ടു ബേസിക്‌സ് ക്യാംപയിന്റ ഭാഗമായി കൊവിഡ് പ്രതിരോധ മാര്‍ഗങ്ങള്‍ പാലിക്കുന്നതിന്റെയും കൊവിഡ് വാക്‌സിന്‍ എടുക്കുന്നതിന്റെയും പ്രാധാന്യത്തെക്കുറിച്ച് ജനങ്ങളെ ബോധവത്ക്കരിക്കുന്നതിനായുള്ള പ്രവര്‍ത്തനങ്ങളാണ് നടത്തുന്നത്. കൊവിഡ് കേസുകള്‍ കൂടുതല്‍ റിപ്പോര്‍ട്ട് ചെയ്യപ്പെടുന്ന തൃക്കാക്കര മുനിസിപ്പാലിറ്റി, കൊച്ചി നഗരസഭ പ്രദേശങ്ങള്‍ക്ക് പുറമേ മറ്റ് പ്രദേശങ്ങളിലും ബോധവത്ക്കരണ സന്ദേശങ്ങള്‍ പ്രദര്‍ശിപ്പിട്ടുള്ള പ്രചാരണ വാഹനം ഉപയോഗിച്ച് ബോധവത്ക്കരണ പ്രവര്‍ത്തനങ്ങള്‍ നടത്താണ് ലക്ഷ്യമിടുന്നത്. നാളെ മുതല്‍ എട്ടു ദിവസം ജില്ലയിലെ വിവിധ പ്രദേശങ്ങളില്‍ കൊവിഡ് പ്രതിരോധ മാര്‍ഗങ്ങളെക്കുറിച്ചുള്ള മൈക്ക് പ്രചാരണം ഉള്‍പ്പെടെയുള്ള പ്രവര്‍ത്തനങ്ങളാണ് നടത്തുന്നത്. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുമായി സഹകരിച്ച് വരും ദിവസങ്ങളില്‍ ബോധവത്ക്കരണ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജിതപ്പെടുത്തുന്നതാണ്.

പനി , തലവേദന, ക്ഷീണം തുടങ്ങിയ ചെറിയ രോഗലക്ഷണങ്ങള്‍ പോലും അവഗണിക്കാതിരിക്കുക, രോഗലക്ഷണങ്ങളുള്ളവര്‍ സ്വയം നിരീക്ഷണത്തിന്‍ കഴിയേണ്ടതും, ടെസ്‌ററ് ചെയ്യേണ്ടതുമാണ്. കൊവിഡ് രോഗികളുമായി സമ്പര്‍ക്കത്തില്‍ വന്നവര്‍ നിരീക്ഷണത്തില്‍ കഴിയേണ്ടതും, ടെസ്റ്റിങ്ങിന് വിധേയരാകേണ്ടതുമാണ് വാക്‌സിനേഷന്റെയും, കൊവിഡ് പ്രതിരോധ മാര്‍ഗങ്ങളായ മാസ്‌കും, സാമൂഹിക അകലവും, കൈകളുടെ ശുചിത്വവും ഉറപ്പാക്കേണ്ട പ്രാധാന്യം ജനങ്ങളിലേക്ക് എത്തിക്കുക എന്നതാണ് വാഹന പ്രചാരണത്തിലൂടെ ലക്ഷ്യമിടുന്നത്. കൊവിഡ് പ്രതിരോധ ബോധവത്ക്കരണ പ്രവര്‍ത്തനങ്ങള്‍ ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായി ജില്ലയിലെ എഫ്എം.റേഡിയോകളുടെ യോഗം ചേര്‍ന്നു.കൊവിഡ് ബോധവത്ക്കരണ സന്ദേശങ്ങള്‍ റേഡിയോ വഴി കൂടുതല്‍ പ്രചാരണം നല്‍കുന്നതിന്റെ ഭാഗമായാണ് യോഗം ചേര്‍ന്നത്.

Tags:    

Similar News