ലോകായുക്ത നിയമഭേദഗതി ബില്‍ ചര്‍ച്ചയ്ക്ക് ശേഷമെ നിയമസഭയില്‍ കൊണ്ടുവരൂ; സിപിഐക്ക് ഉറപ്പ് നല്‍കി സിപിഎം

ഓര്‍ഡിനന്‍സ് ഒപ്പിട്ടാല്‍ കോടതിയെ സമീപിക്കാനാണ് പ്രതിപക്ഷ തീരുമാനം

Update: 2022-02-07 05:21 GMT

തിരുവനന്തപുരം:ലോകായുക്ത നിയമഭേദഗതി ബില്‍ ഇടതുമുന്നണിയിലെ ചര്‍ച്ചയ്ക്ക് ശേഷമേ നിയമസഭയില്‍ കൊണ്ടുവരുകയുളളൂവെന്ന് സിപിഐക്ക് ഉറപ്പ് നല്‍കി സിപിഎം.ഓര്‍ഡിനന്‍സില്‍ ഗവര്‍ണര്‍ ഒപ്പിട്ടാലും നിയമസഭയില്‍ ബില്‍ വരുമ്പോള്‍ ഭേദഗതികളാവാമെന്നും സിപിഎം അറിയിച്ചു.സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനും സിപിഐ സംസ്ഥാന സെക്രട്ടറി കാനം രജേന്ദ്രനും നടത്തിയ കൂടിക്കാഴ്ചയിലാണ് ഇത് സംബന്ധിച്ച് ഉറപ്പുനല്‍കിയത്.

ഓര്‍ഡിനന്‍സിനെതിരെ സിപിഐ കടുത്ത എതിര്‍പ്പുയര്‍ത്തിയിരുന്നു.കൂടിയാലോചന നടത്താതെ ഓര്‍ഡിനന്‍സ് കൊണ്ടു വന്നതിനാലാണ് സിപിഐ എതിര്‍പ്പ് ഉന്നയിച്ചിരുന്നത്. മുഖ്യമന്ത്രി ഗവര്‍ണറെ നേരില്‍ക്കണ്ട് കാര്യങ്ങള്‍ വിശദീകരിച്ചതിനാല്‍ ഇന്ന് ഓര്‍ഡിനന്‍സില്‍ ഒപ്പിടുമെന്നാണ് സര്‍ക്കാര്‍ പ്രതീക്ഷിക്കുന്നത്. നിലവിലെ ലോകായുക്ത നിയമത്തിലെ പതിനാലാം വകുപ്പ് ഭരണഘടനാ വിരുദ്ധമെന്നതും ഓര്‍ഡിനന്‍സ് കൊണ്ടുവരാന്‍ ഉണ്ടായ സാഹചര്യവും മുഖ്യമന്ത്രി ഗവര്‍ണറെ ധരിപ്പിച്ചിട്ടുണ്ട്.

ഇന്ന് ഓര്‍ഡിനന്‍സില്‍ ഒപ്പിട്ടാല്‍ നാളെ ചേരുന്ന മന്ത്രിസഭാ യോഗത്തില്‍ നിയമസഭ വിളിച്ചു ചേര്‍ക്കാനുള്ള തീരുമാനം ഉണ്ടാകും.അതേസമയം ഒപ്പിട്ടാല്‍ കോടതിയെ സമീപിക്കാനാണ് പ്രതിപക്ഷ തീരുമാനം. ഗവര്‍ണര്‍ തീരുമാനം വൈകിപ്പിച്ചാല്‍ സര്‍ക്കാരിന് അത് കനത്ത തിരിച്ചടിയാകും. ഓര്‍ഡിനന്‍സ് ശ്രമം തത്കാലം ഉപേക്ഷിച്ച് നിയമസഭാ സമ്മേളനവുമായി സര്‍ക്കാരിന് മുന്നോട്ട് പോകേണ്ടി വരും. നിയമ ഭേദഗതി ബില്ലായി അവതരിപ്പിക്കുകയാണ് പിന്നീട് സര്‍ക്കാരിന് മുന്നിലുള്ള വഴി. പക്ഷെ അതിന് മുന്‍പ് മുന്നണിയില്‍ ഉള്‍പ്പെടെ ചര്‍ച്ച നടത്തി സമവായം ഉണ്ടാക്കേണ്ടതുണ്ട്.ഇന്ന് നടത്തിയ കൂടിക്കാഴ്ച സിപിഐക്കുളളിലെ മഞ്ഞുരുക്കത്തിന് കാരണമായേക്കാമെന്നാണ് ഇടതുമുന്നണി പ്രതീക്ഷിക്കുന്നത്.

Tags:    

Similar News