സ്വർണ്ണക്കടത്ത് കേസ്; ഐടി സെക്രട്ടറി എം ശിവശങ്കർ അവധിയിലേക്ക്
ആറ്മാസത്തേക്ക് അവധിയിൽ പ്രവേശിക്കാനുള്ള അനുമതി തേടിയാണ് അപേക്ഷ നൽകിയിരിക്കുന്നത്. മുഖ്യമന്ത്രിയുടെ നിർദേശത്തിനു പിന്നാലെയാണ് ശിവശങ്കറിന്റെ നീക്കമെന്നാണ് സൂചന.
തിരുവനന്തപുരം: സ്വർണക്കടത്ത് കേസിൽ ആരോപണ വിധേയനായ ഐടി സെക്രട്ടറി എം ശിവശങ്കർ അവധി അപേക്ഷ നൽകി. മുഖ്യമന്ത്രിയുടെ സെക്രട്ടറി സ്ഥാനത്തു നിന്ന് നീക്കിയതിന് പിന്നാാലെയാണ് അദ്ദേഹം സർക്കാരിന് അവധി അപേക്ഷ നൽകിയത്. ആറ്മാസത്തേക്ക് അവധിയിൽ പ്രവേശിക്കാനുള്ള അനുമതി തേടിയാണ് അപേക്ഷ നൽകിയിരിക്കുന്നത്. മുഖ്യമന്ത്രിയുടെ നിർദേശത്തിനു പിന്നാലെയാണ് ശിവശങ്കറിന്റെ നീക്കമെന്നാണ് സൂചന.
യുഎഇ കോൺസുലേറ്റ് സ്വർണക്കടത്തു കേസിലെ മുഖ്യപ്രതിയെന്ന് സംശയിക്കുന്ന സ്വപ്നയുമായി ശിവശങ്കറിന് അടുത്തബന്ധമുണ്ടെന്ന് സൂചിപ്പിക്കുന്ന നിരവധി വെളിപ്പെടുത്തലുകളുണ്ടായിരുന്നു. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല മുഖ്യമന്ത്രിക്കും ശിവശങ്കറിനും എതിരെ കടുത്ത വിമർശനങ്ങളും ഉന്നയിച്ചിരുന്നു.
അതേസമയം, സ്വർണ്ണക്കടത്തിൽ അറസ്റ്റിലായ സരിത്തും സ്വപ്ന സുരേഷും തമ്മിലുള്ള ബന്ധം തെളിയിക്കുന്ന തെളിവുകൾ കസ്റ്റംസ് കണ്ടെത്തിയത് മൊബൈൽ ഫോണിൽനിന്നാണ്. ഇരുവരും ഒരുമിച്ചു നിൽക്കുന്ന സെൽഫികൾ ഫോണിൽനിന്ന് കണ്ടെത്തി. ഫോണിൽനിന്ന് പരമാവധി സൈബർ തെളിവുകൾ കണ്ടെത്താനാണ് ശ്രമം. സരിത്തും സ്വപ്നയും തമ്മിൽ ഫോണിൽ നടത്തിയ സന്ദേശങ്ങളും പരിശോധിക്കും.
തിരുവല്ലം സ്വദേശിയായ സരിത്തിൻ്റെ വീട്ടിൽ കസ്റ്റംസ് പരിശോധന നടത്തി. മുമ്പുനടന്ന സ്വർണക്കടത്ത് കേസുകളിലും ഇയാൾക്ക് ബന്ധമുണ്ടെന്നാണ് കസ്റ്റംസ് നിഗമനം. പരിശോധനയിൽ ചില രേഖകൾ കണ്ടെത്തിയിട്ടുണ്ട്. എയർകാർഗോ വിഭാഗത്തിൽ സരിത്ത് സ്ഥിരമായി എത്തിയിരുന്നു. യുഎഇ കോൺസുലേറ്റിന് വരുന്ന പാഴ്സലുകളെല്ലാം ശേഖരിക്കാൻ എത്തിയിരുന്ന ഇയാൾ ഉദ്യോഗസ്ഥരുമായി അടുത്ത് ഇടപഴകിയിരുന്നു. മാന്യമായ പെരുമാറ്റമായതിനാൽ ഇയാളെ ഉദ്യോഗസ്ഥർ സംശയിച്ചിരുന്നില്ല. പാഴ്സൽ തടഞ്ഞപ്പോൾ മാത്രമാണ് കയർത്തു സംസാരിച്ചത്.
വിമാനത്താവളത്തിൽ എത്തുന്ന സ്വർണം പുറത്തെത്തിക്കുന്നത് സ്വപ്ന സുരേഷാണെന്നും കസ്റ്റംസ് കണ്ടെത്തിയിട്ടുണ്ട്. സരിത്ത് വിമാനത്താവളത്തിൽനിന്ന് കൈപ്പറ്റുന്ന ഡിപ്ലോമാറ്റിക് ബാഗേജുകളിലെ സ്വർണം പുറത്തെത്തിക്കലായിരുന്നു സ്വപ്നയുടെ ചുമതല. ഇവർ ആർക്കെല്ലാമാണ് സ്വർണം കടത്തിയതെന്ന് കസ്റ്റംസ് സംഘം വിശദമായി അന്വേഷിച്ചുവരികയാണ്.