സ്വർണക്കടത്ത് കേസ്: എം ശിവശങ്കറിൻ്റെ സസ്പെൻഷൻ ഉടനുണ്ടാവും

സർവീസ് ചട്ടലംഘനവും സ്വപ്നയുടെ നിയമനത്തിലെ ജാഗ്രതക്കുറവും കണക്കിലെടുത്ത് ഇന്നോ, നാളെയൊ ഇക്കാര്യത്തിൽ സർക്കാർ തീരുമാനമുണ്ടാവും.

Update: 2020-07-16 07:15 GMT

തിരുവനന്തപുരം: സ്വർണക്കടത്ത് കേസിൽ ആരോപണ വിധേയനായ മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറിയും ഐടി സെക്രട്ടറിയുമായിരുന്ന എം ശിവശങ്കറിൻ്റെ സസ്പെൻഷൻ ഉടനുണ്ടാവും. സർവീസ് ചട്ടലംഘനവും സ്വപ്നയുടെ നിയമനത്തിലെ ജാഗ്രതക്കുറവും കണക്കിലെടുത്ത് ഇന്നോ, നാളെയൊ ഇക്കാര്യത്തിൽ സർക്കാർ തീരുമാനമുണ്ടാവും. ചീഫ് സെക്രട്ടറി അധ്യക്ഷനായ സമിതിയുടെ റിപ്പോർട്ടും ഉടൻ ലഭിക്കും. ഇത് ലഭിച്ചാലുടൻ സസ്പെൻഷൻ ഉത്തരവിറങ്ങും. നിലവിൽ ശിവശങ്കർ ദീർഘകാല അവധിയിലാണ്.

സ്വപ്നയുമായി ചേർന്ന് ഗൂഡാലോചനയിൽ പങ്കാളിയായെന്ന നിഗമനത്തിലാണ് അന്വേഷണ സംഘം. ഈ സാഹചര്യത്തിൽ അന്വേഷണവിധേയമായാവും ശിവശങ്കറിനെ സസ്പെൻഡ് ചെയ്യുക. ഇന്ന് വൈകീട്ട് മുഖ്യമന്ത്രിയുടെ വാർത്താസമ്മേളനത്തിൽ തീരുമാനം പ്രഖ്യാപിക്കാനും സാധ്യതയുണ്ട്. നടപടിയെടുക്കാൻ പര്യാപ്തമായ വസ്തുതകളില്ലെന്ന നിലപാടിലായിരുന്നു ഇതുവരെ സർക്കാർ. എന്നാൽ ദിനംപ്രതി ആരോപണങ്ങൾ ഉയർന്നുവരുന്ന സാഹചര്യത്തിൽ ശിവശങ്കർ സർവീസിൽ തുടരുന്നത് സർക്കാരിനും മുന്നണിക്കും കളങ്കമേൽപ്പിക്കുമെന്ന പൊതുവിലയിരുത്തലാണ് സിപിഎമ്മിനും സർക്കാരിനുമുള്ളത്. ഈ വിഷയം ഇന്നലെ പാർട്ടി നേതൃത്വവുമായി മുഖ്യമന്ത്രി പിണറായി വിജയൻ സംസാരിച്ചിരുന്നു. 

Tags:    

Similar News