മലപ്പുറം സ്പിന്നിംഗ് മില്ലിലെ അഴിമതി: വിജിലന്‍സ് അന്വേഷണം തുടങ്ങി
വിജിലന്‍സ് ആവശ്യപ്പെട്ട രേഖകള്‍ സഹിതം എംഡി എം കെ സലീമിനെ വിജിലന്‍സ് ജില്ലാ ആസ്ഥാനത്ത് വിളിച്ചു വരുത്തി ചോദ്യം ചെയ്തു.
മലപ്പുറം: വ്യവസായ വകുപ്പിനു കീഴിലുള്ള ജില്ലയിലെ പ്രമുഖ പൊതുമേഖലാ സ്ഥാപനമായ മലപ്പുറം സഹകരണ സ്പിന്നിംഗ് മില്ലില്‍ നടന്ന അഴിമതി സംബന്ധിച്ച പരാതിയില്‍ മലപ്പുറം വിജിലന്‍സ് ഡിവൈഎസ്പിയുടെ നേതൃതത്തിലുള്ള സംഘം അന്വേഷണം തുടങ്ങി. കഴിഞ്ഞ ആഴ്ചയില്‍ രണ്ട് തവണ വിജിലന്‍സ് സംഘം മലപ്പുറം മില്ലില്‍ പരിശോധന നടത്തിയിരുന്നു. പരിശോധനയില്‍ പല സുപ്രധാന രേഖകള്‍ വിജിലന്‍സിനു ലഭിച്ചിരുന്നതായാണ് സൂചന.
വിജിലന്‍സ് ആവശ്യപ്പെട്ട രേഖകള്‍ സഹിതം എംഡി എം കെ സലീമിനെ വിജിലന്‍സ് ജില്ലാ ആസ്ഥാനത്ത് വിളിച്ചു വരുത്തി ചോദ്യം ചെയ്തു. എംഡി മുന്‍കൂര്‍ ജാമ്യത്തിനും വിജിലന്‍സ് അന്വേഷണം സ്‌റ്റേ ചെയ്യണമെന്നാവശ്യപ്പെട്ടും ഹൈകോടതിയെ സമീപിക്കാനുള്ള നീക്കവും നടക്കുന്നതായി സൂചനയുണ്ട്.
മില്ലിലെ പഴയ മെഷിനറി കുറഞ്ഞ വിലക്ക് വില്‍പ്പന നടത്തിയത്, നിയമവിരുദ്ധമായ ഡെപ്യൂട്ടേഷന്‍, യാത്രാ ബത്തയില്‍ അഴിമതി, മില്‍ വാഹനം പേര്‍സണല്‍ ആവശ്യങ്ങള്‍ക്ക് ഉപയോഗിക്കുന്നത്, സ്വകാര്യ ഏജന്റുമാരെ ഇടനിലക്കാരനാക്കി ഉയര്‍ന്ന വിലക്ക് അസംസ്‌കൃത വസ്തുവായ പരുത്തി വാങ്ങുന്നത്, മാര്‍ക്കറ്റ് വിലയേക്കാള്‍ കുറഞ്ഞ വിലക്ക് കോയമ്പത്തൂരിലെ ഒരു വ്യക്തിക്ക് പോളിസ്റ്റര്‍ നൂല്‍ വില്‍പ്പന നടത്തിയത്, പുതിയ മെഷിനറി വാങ്ങിയതിലെ അഴിമതി തുടങ്ങിയവയുടെ തെളിവ് സഹിതം മില്ലിലെ മുന്‍ ജീവനക്കാരനും ട്രേഡ് യൂണിയന്‍ ഭാരവാഹിയുമായ വി.മോഹനന്‍ പിള്ള വിജിലന്‍സ് ഡയറക്ടര്‍ക്ക് പരാതി നല്‍ക്കിയിരുന്നു. പരാതികാരനില്‍ നിന്നും അന്വേഷണ സംഘം ആദ്യം വിശദമായ സ്‌റ്റേറ്റ്‌മെന്റ് എടുക്കുകയും തുടര്‍ന്ന് മൊഴി രേഖപെടുത്തുകയും ചെയ്തിട്ടുണ്ട്.