മുന്നണി പ്രവേശ ആലോചനകളില്‍ മാണി സി കാപ്പന്‍ മുഖ്യമന്ത്രിയെ കണ്ട് വിയോജിപ്പ് അറിയിച്ചു
കേരള കോണ്‍ഗ്രസിലെ തര്‍ക്കം കാരണമാണ് താന്‍ വിജയിച്ചതെന്ന പ്രചാരണങ്ങളില്‍ പ്രതിഷേധമുണ്ട്. പാലായില്‍ ജോസ് കെ മാണി വന്നാല്‍ പോലും വിജയിക്കില്ലെന്നും മാണി സി കാപ്പന്‍ പറഞ്ഞു.
കോട്ടയം: ജോസ് കെ മാണി വിഭാഗത്തെ മുന്നണിയില്‍ പ്രവേശനവുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രിയെ നേരില്‍ കണ്ട് വിയോജിപ്പ് അറിയിച്ച് മാണി സി കാപ്പന്‍.
പാലാ അസംബ്ലി ഉപതെരഞ്ഞെടുപ്പിലെ തന്റെ വിജയം കേരള കോണ്‍ഗ്രസിലെ ചേരിപ്പോര് കൊണ്ടല്ലെന്ന് അദ്ദേഹം പറഞ്ഞു. ഇത്തരത്തില്‍ ചില ഇടത് നേതാക്കള്‍ നടത്തുന്ന പ്രസ്താവനയില്‍ മുഖ്യമന്ത്രിയോട് അദ്ദേഹം അതൃപ്തി രേഖപ്പെടുത്തി. തന്റെ കഴിവ് കൊണ്ടാണ് പാലായില്‍ വിജയിച്ചത്.
പാലാ സീറ്റ് വിട്ടുകൊടുക്കാമെന്ന നിലപാട് എല്‍ഡിഎഫ് എടുക്കില്ലെന്ന് മാണി സി കാപ്പന്‍ പറഞ്ഞു. കേരള കോണ്‍ഗ്രസിലെ തര്‍ക്കം കാരണമാണ് താന്‍ വിജയിച്ചതെന്ന പ്രചാരണങ്ങളില്‍ പ്രതിഷേധമുണ്ട്. പാലായില്‍ ജോസ് കെ മാണി വന്നാല്‍ പോലും വിജയിക്കില്ലെന്നും അദ്ദേഹം പറഞ്ഞു.
ജോസ് കെ മാണി വിഭാഗത്തെ മുന്നണിയില്‍ എടുക്കുന്നതിനോട് സിപിഐയും എതിര്‍പ്പ് അറിയിച്ചിരുന്നു. എല്‍ഡിഎഫ് ജോസ് വിഭാഗത്തിന്റെ വെന്റിലേറ്ററല്ലെന്നായിരുന്നു കാനം രാജേന്ദ്രന്റെ പ്രതികരണം.