മഞ്ചേശ്വരം നിയമസഭാ തിരഞ്ഞെടുപ്പ്: ക്രമക്കേട് ആരോപിച്ച് കെ സുരേന്ദ്രന്‍ നല്‍കിയ ഹരജി പിന്‍വലിച്ചു

ഹരജി പിന്‍വലിക്കാന്‍ അനുവദിക്കണമെന്നഭ്യര്‍ഥിച് സുരേന്ദ്രന്‍ അപേക്ഷ നല്‍കിയിരുന്നു. ഇത് പരിഗണിച്ച ഹൈക്കോടതി സുരേന്ദ്രന് ഹരജി പിന്‍വലിക്കാന്‍ അനുമതി നല്‍കുകയായിരുന്നു

Update: 2019-06-21 07:44 GMT

കൊച്ചി : മഞ്ചേശ്വരം നിയമസഭാമണ്ഡലം തിരഞ്ഞെടുപ്പില്‍ ക്രമക്കേട് നടന്നതായി ആരോപിച്ച് നല്‍കിയ ഹരജി ബിജെപി നേതാവ് കെ സുരേന്ദ്രന്‍ പിന്‍വലിച്ചു. ഹരജി പിന്‍വലിക്കാന്‍ അനുവദിക്കണമെന്നഭ്യര്‍ഥിച് സുരേന്ദ്രന്‍ അപേക്ഷ നല്‍കിയിരുന്നു. ഇത് പരിഗണിച്ച ഹൈക്കോടതി സുരേന്ദ്രന് ഹരജി പിന്‍വലിക്കാന്‍ അനുമതി നല്‍കുകയായിരുന്നു. മുസ് ലിം ലീഗിലെ പി വി അബ്ദുള്‍ റസാഖായിരുന്നു മഞ്ചേശ്വരത്ത് നിന്നും വിജയിച്ചിരുന്നത്. എന്നാല്‍ അദ്ദേഹത്തിന്റെ തിരഞ്ഞെടുപ്പില്‍ ക്രമക്കേട് നടന്നുവെന്ന് ആരോപിച്ച് സുരേന്ദ്രന്‍ ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു.ഇതിന്റെ തുടര്‍ നടപടികള്‍ ഹൈക്കോടതിയില്‍ നടന്നുവരുന്നതിനിടയില്‍ കഴിഞ്ഞ ഒക്ടോബറില്‍ അബ്ദുള്‍ റസാഖ് രോഗബാധിതനായി അന്തരിച്ചു. ഇതോടെ സുരേന്ദ്രന്‍ നല്‍കിയ കേസിന്റെ തുടര്‍ നടപടികള്‍ പ്രതിസന്ധിയിലായിരുന്നു. തുടര്‍ന്ന് ഏതാനും നാളുകള്‍ക്ക് മുമ്പ് ഹരജി പിന്‍വലിക്കാനുള്ള അപേക്ഷയുമായി സുരേന്ദ്രന്‍ ഹൈക്കോടതിയെ സമീപിച്ചിരുന്നു.ഇതിലാണ് ഇപ്പോള്‍ ഹൈക്കോടതിയുടെ അനുമതി ലഭിച്ചിരിക്കുന്നത്.അബ്ദുള്‍ റസാഖിന്റെ മരണത്തോടെ മഞ്ചേശ്വരത്ത് ഉപതിരഞ്ഞെടുപ്പിനു കളമൊരുങ്ങിയിരിക്കുകയാണ്. ഇതിന്റെ കൂടി പശ്ചാത്തലത്തിലാണ് സുരേന്ദ്രന്‍ ഹരജി പിന്‍വലിക്കാനുള്ള അപേക്ഷയുമായി കോടതിയെ സമീപിച്ചത്.

Tags:    

Similar News