മഞ്ചേശ്വരം എംഎല്‍എ എംസി കമറുദ്ദീനെതിരായ സാമ്പത്തിക തട്ടിപ്പുകേസ് ക്രൈംബ്രാഞ്ചിന്
എംസി കമറുദ്ദീന്‍ ചെയര്‍മാനായ ഫാഷന്‍ ഗോള്‍ഡ് ഇന്റര്‍നാഷണല്‍ എന്ന ജ്വല്ലറിയുടെ നിക്ഷേപവുമായി ബന്ധപ്പെട്ടുള്ള പരാതികളാണ് ജില്ലാ ക്രൈംബ്രാഞ്ചിന് കൈമാറിയത്.
കാസര്‍കോട്: മഞ്ചേശ്വരം എംഎല്‍എയും മുസ്ലിം ലീഗ് നേതാവുമായ എംസി കമറുദ്ദീനെതിരായ സാമ്പത്തിക തട്ടിപ്പുകേസ് ക്രൈംബ്രാഞ്ച് അന്വേഷിക്കും. ജില്ലാ ക്രൈംബ്രാഞ്ച് ഡിവൈഎസ്പി സതീഷിനാണ് അന്വേഷണ ചുമതല.
എംസി കമറുദ്ദീന്‍ ചെയര്‍മാനായ ഫാഷന്‍ ഗോള്‍ഡ് ഇന്റര്‍നാഷണല്‍ എന്ന ജ്വല്ലറിയുടെ നിക്ഷേപവുമായി ബന്ധപ്പെട്ടുള്ള പരാതികളാണ് ജില്ലാ ക്രൈംബ്രാഞ്ചിന് കൈമാറിയത്. നിക്ഷേപ തട്ടിപ്പുമായി ബന്ധപ്പെട്ട് ചന്തേര പോലിസ് സ്‌റ്റേഷനില്‍ മാത്രം 12 കേസുകള്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. ഇതിന് പുറമേ കാസര്‍കോട് ടൗണ്‍ സ്‌റ്റേഷനില്‍ ഉദുമ സ്വദേശികളായ അഞ്ച് പേര്‍കൂടി ഞായറാഴ്ച പരാതി നല്‍കിയിരുന്നു. ഈ സാഹചര്യത്തിലാണ് കേസുകളെല്ലാം ക്രൈംബ്രാഞ്ചിന് കൈമാറാന്‍ ജില്ലാ പോലിസ് മേധാവി നിര്‍ദേശിച്ചത്.
ജ്വല്ലറിയിലെ നിക്ഷേപവുമായി ബന്ധപ്പെട്ട് നിലവിലുള്ള 17 പരാതികള്‍ പ്രകാരം 1.83 കോടി രൂപയുടെ തട്ടിപ്പ് നടന്നുവെന്നാണ് ലഭ്യമാകുന്ന വിവരം. 700 ഓളം നിക്ഷേപകരില്‍ നിന്ന് 163 കോടി രൂപയോളം എംസി കമറുദ്ദീനും ജ്വല്ലറിയിലെ മറ്റ് അംഗങ്ങളും ചേര്‍ന്ന് പിരിച്ചെടുത്തുവെന്നുമാണ് റിപോര്‍ട്ടുകള്‍.
ഇതിന് പുറമേ 78 ലക്ഷം രൂപയുടെ വണ്ടി ചെക്ക് നല്‍കി വഞ്ചിച്ചെന്ന കേസും എംഎല്‍എക്കെതിരേയുണ്ട്. ജുവലറിയിലെ നിക്ഷേപകരായ കള്ളാര്‍ സ്വദേശികളായ രണ്ടുപേര്‍ നല്‍കിയ പരാതിയില്‍ എംസി കമറുദ്ദീനും ജ്വല്ലറിയുടെ എംഡിയായ ടികെ പൂക്കോയ തങ്ങള്‍ ഉള്‍പ്പെടെയുള്ളവര്‍ക്കും ഹോസ്ദുര്‍ഗ് കോടതി സമന്‍സ് അയക്കുകയും ചെയ്തിരുന്നു.