മറക്കാന്‍ പ്രവാചകനല്ല, എനിക്കെതിരേ പ്രവര്‍ത്തിച്ചവര്‍ക്ക് എട്ടിന്റെ പണി കൊടുത്തിരിക്കും; ഭീഷണിയുമായി കെ എം ഷാജി (വീഡിയോ)
ഒന്ന് ഉറപ്പിച്ച് പറയുന്നു, എന്റെ പേര് കെ എം ഷാജിയെന്നാണെങ്കില്‍ ചെയ്തവന് എട്ടിന്റെ പണി കൊടുത്തിരിക്കും. അനാവശ്യമായ കള്ളക്കഥകളുണ്ടാക്കിയത് ആരായിരുന്നാലും, ഇത് പൊതുവേദിയില്‍ വച്ചാണ് ഞാന്‍ പറയുന്നത്. അത് ഒരു വെല്ലുവിളിയായി തോന്നുന്നുണ്ടെങ്കില്‍ നിങ്ങള്‍ അങ്ങനെ എടുത്തോളൂ. അങ്ങനെ കളിച്ചവനെ സമൂഹത്തിന് മുന്നില്‍ കൊണ്ടുവന്നു നിര്‍ത്തുകതന്നെ ചെയ്യും. അവനേത് കൊമ്പത്തവന്‍ ആയാലും.
കണ്ണൂര്‍: തനിക്കെതിരേ പ്രവര്‍ത്തിച്ച പണ്ട് പാര്‍ട്ടിക്കകത്തുള്ളവരെയും ഉദ്യോഗസ്ഥരെയും വെറുതെവിടില്ലെന്ന ഭീഷണിയുമായി കെ എം ഷാജി എംഎല്‍എ രംഗത്ത്. കണ്ണൂര്‍ വളപട്ടണത്ത് യൂത്ത് ലീഗ് സംഘടിപ്പിച്ച പരിപാടിയിലാണ് ഷാജി വെല്ലുവിളി പ്രസംഗം നടത്തിയത്. എംഎല്‍എ സ്ഥാനത്തുനിന്ന് അയോഗ്യത കല്‍പ്പിക്കാന്‍ കാരണമായ സംഭവത്തെ പരോക്ഷമായി സൂചിപ്പിച്ചുകൊണ്ടായിരുന്നു ഭീഷണി. തനിക്കെതിരേ പാര്‍ട്ടിക്കകത്തുനിന്ന് നീക്കങ്ങളുണ്ടായിട്ടുണ്ട്. അതൊന്നും താന്‍ മറക്കില്ല. അങ്ങനെ മറന്നുപോവാന്‍ ഞാന്‍ പ്രവാചകനൊന്നുമില്ല, ഞാനും മനുഷ്യനാണ്. മറക്കാതെ ഓര്‍ത്തുവച്ചിരിക്കും.
ഒന്ന് ഉറപ്പിച്ച് പറയുന്നു, എന്റെ പേര് കെ എം ഷാജിയെന്നാണെങ്കില്‍ ചെയ്തവന് എട്ടിന്റെ പണി കൊടുത്തിരിക്കും. അനാവശ്യമായ കള്ളക്കഥകളുണ്ടാക്കിയത് ആരായിരുന്നാലും, ഇത് പൊതുവേദിയില്‍ വച്ചാണ് ഞാന്‍ പറയുന്നത്. അത് ഒരു വെല്ലുവിളിയായി തോന്നുന്നുണ്ടെങ്കില്‍ നിങ്ങള്‍ അങ്ങനെ എടുത്തോളൂ. അങ്ങനെ കളിച്ചവനെ സമൂഹത്തിന് മുന്നില്‍ കൊണ്ടുവന്നു നിര്‍ത്തുകതന്നെ ചെയ്യും. അവനേത് കൊമ്പത്തവന്‍ ആയാലും.
ഒരു സംശയവും നിങ്ങള്‍ വിചാരിക്കണ്ട. അതിന് വാങ്ങിയ അച്ചാരത്തിന്റെ കണക്കും പുറത്തുകൊണ്ടുവരും. അത് ആരായിരുന്നാലും. അത് പാര്‍ട്ടിയുടെ അകത്ത് പണ്ട് ഉണ്ടായിരുന്നതോ പുറത്ത് പണ്ടുണ്ടായിരുന്നതോ ഒന്നും നോക്കുന്ന പ്രശ്‌നമൊന്നുമില്ലെന്നും ഷാജി മുന്നറിയിപ്പ് നല്‍കി. കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പില്‍ വര്‍ഗീയപരാമര്‍ശമുള്ള നോട്ടീസുകള്‍ മണ്ഡലത്തില്‍ വിതരണം ചെയ്തുവെന്ന പരാതിയിലാണ് ഷാജിയെ കോടതി അയോഗ്യനാക്കിയത്.
എന്നാല്‍, ഈ ലഘുലേഖകള്‍ പോലിസിന് മറ്റ് ചിലര്‍ എത്തിച്ചുനല്‍കിയതാണെന്നാരോപിച്ച് ഷാജി നേരത്തേ കോടതിയെ സമീപിച്ചിരുന്നു. പ്ലസ്ടു കോഴ കേസിലും ഷാജിക്കെതിരേ അന്വേഷണം നടക്കുന്നുണ്ട്. ഈ സംഭവങ്ങളെ പരോക്ഷമായി പരാമര്‍ശിച്ചായിരുന്നു കെ എം ഷാജിയുടെ വിവാദപ്രസംഗം.