അഞ്ച് കോടി സമ്മാനമടിച്ച ലോട്ടറി ടിക്കറ്റ് മോഷ്ടിച്ചെന്ന് പരാതി

കണ്ണൂര്‍ പറശ്ശിനിക്കടവ് മുത്തപ്പന്‍ ക്ഷേത്രത്തില്‍ വച്ച് ടിക്കറ്റ് സൂക്ഷിച്ച പഴ്‌സ് മോഷണം പോയെന്നാണ് കോഴിക്കോട് പുതിയങ്ങാടി സ്വദേശി മുനിയന്‍ തളിപ്പറമ്പ് പൊലിസില്‍ നല്‍കിയ പരാതിയില്‍ പറയുന്നത്.

Update: 2019-10-25 04:30 GMT

കണ്ണൂര്‍: 5 കോടി രൂപയുടെ മണ്‍സൂണ്‍ ബംപര്‍ ഒന്നാം സമ്മാനം ലഭിച്ച ലോട്ടറി ടിക്കറ്റ് മോഷണം പോയെന്ന പരാതിയുമായി കോഴിക്കോട് സ്വദേശി. കണ്ണൂര്‍ പറശ്ശിനിക്കടവ് മുത്തപ്പന്‍ ക്ഷേത്രത്തില്‍ വച്ച് ടിക്കറ്റ് സൂക്ഷിച്ച പഴ്‌സ് മോഷണം പോയെന്നാണ് കോഴിക്കോട് പുതിയങ്ങാടി സ്വദേശി മുനിയന്‍ തളിപ്പറമ്പ് പൊലിസില്‍ നല്‍കിയ പരാതിയില്‍ പറയുന്നത്.

തനിക്ക് സമ്മാനം ലഭിച്ച ടിക്കറ്റ് മറ്റൊരാള്‍ കണ്ണൂര്‍ പുതിയതെരുവിലെ കാനറ ബാങ്കില്‍ ഏല്‍പിച്ചെന്നും പരാതിയില്‍ മുനിയന്‍ പറയുന്നു. ലോട്ടറി ടിക്കറ്റ് വാങ്ങിയ ഉടന്‍ പിറകില്‍ തന്റെ പേര് എഴുതി വച്ചിരുന്നു. ഈ പേര് മായ്ച്ചു കളഞ്ഞാണ് ടിക്കറ്റ് ബാങ്കില്‍ ഏല്‍പിച്ചതെന്നും പരാതിയില്‍ ആരോപിക്കുന്നു.

തളിപ്പറമ്പ് പൊലിസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. കണ്ണൂര്‍ പറശ്ശിനിക്കടവ് സ്വദേശിയായ അജിതനാണ് മണ്‍സൂണ്‍ ബംപര്‍ ഒന്നാം സമ്മാനം ലഭിച്ച ടിക്കറ്റ് ബാങ്കില്‍ ഹാജരാക്കിയത്. ഇയാള്‍ക്കെതിരെയാണ് മുനിയന്റെ പരാതി. വന്‍തുകയുടെ ടിക്കറ്റ് ആയതിനാല്‍ തളിപ്പറമ്പ് ഡിവൈഎസ്പിയുടെ നേരിട്ടുള്ള മേല്‍നോട്ടത്തിലാണ് അന്വേഷണം നടക്കുന്നത്. സംഭവത്തില്‍ ലോട്ടറി വിറ്റ ഏജന്റില്‍ നിന്നു പോലിസ് മൊഴിയെടുത്തിട്ടുണ്ട്.

കഴിഞ്ഞ ജൂലൈ 20നാണ് മണ്‍സൂണ്‍ ബംപറിന്റെ നറുക്കെടുപ്പ് നടന്നത്. ME 174253 എന്ന കണ്ണൂരില്‍ വിറ്റ ടിക്കറ്റിനായിരുന്നു ഒന്നാം സമ്മാനം. പോലിസ് കേസെടുത്ത സ്ഥിതിക്ക് അജിതന് ഒന്നാം സമ്മാനം കൈമാറുന്നത് മരവിപ്പിക്കാനാണു സാധ്യത. 

Tags:    

Similar News