മരടിലെ ഫ്‌ളാറ്റ് പൊളിക്കല്‍: പ്രതീക്ഷിച്ച ആഘാതം ഉണ്ടായില്ല; ആശ്വസത്തോടെ സമീപവാസികള്‍

ഇന്നലെ രണ്ടാമതായി തകര്‍ത്ത ആല്‍ഫ സെറിന്റെ രണ്ടു ടവറുകള്‍ക്ക് സമീപമായാണ് ഏറ്റവും കൂടുതല്‍ വീടുകളും താമസക്കാരുമുണ്ടായിരുന്നത്. 200 മീറ്റര്‍ ചുറ്റളവില്‍ 148 കെട്ടിടങ്ങള്‍, ഇതില്‍ 37 എണ്ണവും അമ്പത് മീറ്റര്‍ ചുറ്റളവിലായിരുന്നു. ആല്‍ഫയുടെ മതിലിനോട് ചേര്‍ന്ന് മാത്രം ആറിലേറെ വീടുകളുണ്ടായിരുന്നു. ആല്‍ഫയുടെ ഇരട്ട ടവറുകള്‍ തകര്‍ത്തതോടെ സമീപ പ്രദേശം പൊടിപടലങ്ങള്‍ കൊണ്ട് മൂടപ്പെട്ടെങ്കിലും കെട്ടിടങ്ങള്‍ക്ക് കാര്യമായ നാശ നഷ്ടങ്ങള്‍ സംഭവിക്കാത്തത് ജനങ്ങള്‍ക്ക് ആശ്വാസമായി. അതേസമയം സ്ഫോടനത്തിന്റെ ആഘാതത്തില്‍ കോണ്‍ക്രീറ്റ് കഷ്ണങ്ങളടക്കം സമീപത്തെ വീടുകളില്‍ പതിച്ചു. ആല്‍ഫക്ക് തൊട്ട് സമീപത്തുണ്ടായിരുന്ന യത്തീംഖാനയുടെ ജനല്‍ ചില്ലുകള്‍ തകര്‍ന്നു.

Update: 2020-01-11 15:13 GMT

കൊച്ചി: മരടില്‍ രണ്ടു ഫ്‌ളാറ്റ് സമുച്ചയങ്ങള്‍ തകര്‍ത്തതോടെ ആശ്വാസത്തിന്റെ നെടുവീര്‍പ്പിടുകയാണ് സമീപവാസികള്‍. പൊളിക്കുന്ന ഫ്‌ളാറ്റുകളില്‍ ഇന്നലെ രണ്ടാമതായി തകര്‍ത്ത ആല്‍ഫ സെറിന്റെ രണ്ടു ടവറുകള്‍ക്ക് സമീപമായാണ് ഏറ്റവും കൂടുതല്‍ വീടുകളും താമസക്കാരുമുണ്ടായിരുന്നത്. 200 മീറ്റര്‍ ചുറ്റളവില്‍ 148 കെട്ടിടങ്ങള്‍, ഇതില്‍ 37 എണ്ണവും അമ്പത് മീറ്റര്‍ ചുറ്റളവിലായിരുന്നു. ആല്‍ഫയുടെ മതിലിനോട് ചേര്‍ന്ന് മാത്രം ആറിലേറെ വീടുകളുണ്ടായിരുന്നു. ആല്‍ഫയുടെ ഇരട്ട ടവറുകള്‍ തകര്‍ത്തതോടെ സമീപ പ്രദേശം പൊടിപടലങ്ങള്‍ കൊണ്ട് മൂടപ്പെട്ടെങ്കിലും കെട്ടിടങ്ങള്‍ക്ക് കാര്യമായ നാശ നഷ്ടങ്ങള്‍ സംഭവിക്കാത്തത് ജനങ്ങള്‍ക്ക് ആശ്വാസമായി. അതേസമയം സ്ഫോടനത്തിന്റെ ആഘാതത്തില്‍ കോണ്‍ക്രീറ്റ് കഷ്ണങ്ങളടക്കം സമീപത്തെ വീടുകളില്‍ പതിച്ചു. ആല്‍ഫക്ക് തൊട്ട് സമീപത്തുണ്ടായിരുന്ന യത്തീംഖാനയുടെ ജനല്‍ ചില്ലുകള്‍ തകര്‍ന്നു.

ആല്‍ഫയുടെ 25 മീറ്റര്‍ പരിധിയിലാണ് യതീംഖാന. ഫ്‌ളാറ്റ് നില്‍ക്കുന്ന സ്ഥലത്ത് തന്നെ അവശിഷ്ടങ്ങള്‍ വീഴുന്ന രീതിയില്‍ ഇംപ്ലോഷന്‍ (അകത്തേക്കുള്ള പൊട്ടല്‍) മാത്രമായിരിക്കും ഉണ്ടാവുകയെന്നാണ് സമീപ വാസികളെ അറിയിച്ചിരുന്നതെങ്കിലും കോണ്‍ക്രീറ്റ് അവശിഷ്ടങ്ങള്‍ വലിയ തോതില്‍ പുറത്തേക്ക് പതിക്കുന്ന രീതിയിലായിരുന്നു (എക്സ്പ്ലോഷന്‍) സ്ഫോടനം നടന്നതെന്ന് സമീപവാസിയായ രാജീവന്‍ നായര്‍ പറഞ്ഞു. കോണ്‍ക്രീറ്റ് കഷണങ്ങള്‍ പുറത്ത് പോവാതിരിക്കാന്‍ ഫ്‌ളാറ്റിനു ചുറ്റും ഷീറ്റ് മതില്‍ സ്ഥാപിച്ചെങ്കിലും ഇതും തകര്‍ത്ത് കോണ്‍ക്രീറ്റ് കഷണങ്ങള്‍ സമീപത്തെ വീട്ടുമുറ്റങ്ങളിലും ടെറസുകളിലും വീണു. രാജീവിന്റേതടക്കം ആല്‍ഫയുടെ 10മുതല്‍ 20 മീറ്റര്‍ ചുറ്റളവില്‍ ആറു വീടുകളാണുള്ളത്. ഹരി, ആന്റണി, ബെന്നി, അനൂപ്, അജിത് എന്നിവരുടെ ഉടമസ്ഥതയിലുള്ളതാണ് മറ്റു വീടുകള്‍. ഇവിടങ്ങളിലും കോണ്‍ക്രീറ്റ് കഷണങ്ങള്‍ പതിച്ചു.


14 നിലകള്‍ വീതമുള്ള രണ്ടു ടവറുകളാണ് ആല്‍ഫ സെറിന്‍ ഫ്ളാറ്റിനുണ്ടായിരുന്നത്. ആകെ 80 അപാര്‍ട്ട്മെന്റുകള്‍. ആല്‍ഫയുടെ രണ്ടാം ടവറിലാണ് ആദ്യ സ്ഫോടനം നടന്നത്. കെട്ടിടാവശിഷ്ടങ്ങള്‍ വലിയ തോതില്‍ കായലില്‍ വീണത് ആശങ്ക സൃഷ്ടിച്ചു. സമീപത്ത് വീടുകളുണ്ടായിരുന്നതിനാല്‍ 40 ഡിഗ്രി കായലിലേക്ക് ചെരിച്ചായിരുന്നു ഇവിടെ പൊളിക്കല്‍ നടന്നത്. എന്നാല്‍ പ്രതീക്ഷിച്ചതിനേക്കാള്‍ കൂടുതല്‍ ചെരിവില്‍ കെട്ടിടം കായലിലേക്ക് പതിച്ചെന്നാണ് പ്രാഥമിക വിലയിരുത്തല്‍. ചുറ്റുമതിലിന്റെ ഒരു ഭാഗമടക്കം കായലില്‍ വീണു. സമീപത്തെ ആറു വീടുകള്‍ക്ക് പൊടി കയറാതിരിക്കാന്‍ നല്‍കിയ പ്ലാസ്റ്റിക് കവറുകള്‍ക്ക നിലവാരമില്ലായിരുന്നതായിരുന്നു എന്ന ആക്ഷേപം ഉണ്ട്. ഷീറ്റുകള്‍ മതിയാവാത്തതിനാല്‍ വീട്ടുകാര്‍ തന്നെ അധികം ഷീറ്റുകള്‍ വാങ്ങി ജനാല അടക്കമുള്ള പ്രധാന ഭാഗങ്ങള്‍ മറയ്ക്കുകയായിരുന്നു. എന്നിട്ടും പല വീടുകളിലും അകത്തേക്ക് പൊടി കയറുന്ന സാഹചര്യമുണ്ടായി.ദിവസങ്ങള്‍ നീണ്ട കാത്തിരിപ്പിനും അനിശ്ചിതത്വത്തിനുമൊടുവില്‍ ഫ്‌ളാറ്റുകള്‍ പൊളിച്ചുനീക്കിയെങ്കിലും സ്വന്തം വീടുകളിലേക്കുള്ള തിരിച്ചുവരവ് ഇപ്പോള്‍ ആലോചനയിലില്ലെന്ന് ആല്‍ഫ സെറിന്റെ സമീപത്ത്് താമസിക്കുന്ന കുടുംബങ്ങള്‍ വ്യക്തമാക്കി.


ഫ്‌ളാറ്റ് പൊളിച്ചുനീക്കുന്നതിനാല്‍ പലരും നേരത്തെ തന്നെ വാടക വീടുകളിലേക്ക് താമസം മാറ്റിയിരുന്നു. ഫ്‌ളാറ്റുകള്‍ പൊളിഞ്ഞുവീണതോടെ വീടും പരിസരവുമെല്ലാം പൊടിപടലം കൊണ്ട് നിറഞ്ഞു. അര ഇഞ്ച് കനത്തില്‍ വീടുകളിലെ വരാന്തയിലടക്കം പൊടി നിറഞ്ഞു. സ്ഫോടനം കഴിഞ്ഞ് ഒരു മണിക്കൂറോളം കഴിഞ്ഞാണ് പ്രദേശവാസികളെ വീടുകളിലേക്ക് കയറ്റിയത്. പ്രതീക്ഷിച്ച ആഘാതം സംഭവിക്കാത്തത് വീട്ടുകാര്‍ക്ക് ആശ്വാസമായി. തകര്‍ക്കപ്പെട്ട ഫ്‌ളാറ്റുകളുടെ അവശിഷ്ടങ്ങള്‍ മാറ്റാന്‍ രണ്ടു മാസത്തിലേറെ വരുമെന്നാണ് ചുമതലയുള്ള കമ്പനി അറിയിക്കുന്നത്. ഇതിനാല്‍ മാര്‍ച്ച് മാസം അവസാനത്തോടെ മാത്രമേ വാടകവീടുകളിലേക്ക് താമസം മാറ്റിയവര്‍ക്ക് തിരികെ വീട്ടിലെത്താന്‍ കഴിയുകയുള്ളു. പൊടിനിറഞ്ഞ് ഉപയോഗ ശൂന്യമായ രീതിയിലാണ് ഇപ്പോള്‍ പല വീടുകളും. പൊളിച്ചുമാറ്റിയ ഫല്‍റ്റിന്റെ കെട്ടിട അവശിഷ്ടങ്ങള്‍ പൂര്‍ണമായും മാറ്റിയ ശേഷം തിരികെ വീടുകളിലെത്താനാണ് സമീപവാസികളുടെ തീരുമാനം. വീടുകളുടെ ശുചീകരണം അടക്കമുള്ള കാര്യങ്ങളില്‍ നഗരസഭയുടെയും സര്‍ക്കാരിന്റെയും സഹായമുണ്ടാവുമെന്നാണ് ഇവരുടെ പ്രതീക്ഷ. 

Tags:    

Similar News