മരടിലെ നിരോധനാജ്ഞ ലംഘനം; ചാനല്‍ മാധ്യമപ്രവര്‍ത്തകര്‍ക്കെതിരേ കേസ്
മാതൃഭൂമി ന്യൂസ് റിപോര്‍ട്ടര്‍ ബിജു പങ്കജ്, കാമറാമാന്‍ ബിനു തോമസ് എന്നിവര്‍ക്കെതിരെയാണ് പനങ്ങാട് പോലിസ് കേസെടുത്തത്
കൊച്ചി: തീരദേശ പരിപാലന നിയമം ലംഘിച്ച് നിര്‍മിച്ച മരടിലെ ഫ്‌ളാറ്റുകള്‍ നിയന്ത്രിത സ്‌ഫോടനത്തിലൂടെ പൊളിച്ചുനീക്കുന്നതിനിടെ നിരോധനാജ്ഞ ലംഘിച്ച് സമീപത്തെ കെട്ടിടത്തിലെ കക്കൂസില്‍ ഒളിച്ചിരുന്ന് വാര്‍ത്ത ശേഖരിച്ച ചാനല്‍ മാധ്യമപ്രവര്‍ത്തകര്‍ക്കെതിരെ പോലിസ് കേസെടുത്തു. മാതൃഭൂമി ന്യൂസ് റിപോര്‍ട്ടര്‍ ബിജു പങ്കജ്, കാമറാമാന്‍ ബിനു തോമസ് എന്നിവര്‍ക്കെതിരെയാണ് പനങ്ങാട് പോലിസ് കേസെടുത്തത്.
ജില്ലാ കലക്ടര്‍ പ്രഖ്യാപിച്ച നിരോധനാജ്ഞ മറികടന്ന് റിപോര്‍ട്ട് ചെയ്തതിനെതിരേ ഉന്നത ഉദ്യോഗസ്ഥന്റെ ഉത്തരവ് ലംഘിച്ചതിനു ഐപിസി സെക്്ഷന്‍ 188 പ്രകാരമാണ് കേസെടുത്തത്. ഇക്കഴിഞ്ഞ ശനിയാഴ്ചയാണു സംഭവം. മരടിലെ എച്ച്ടുഒ ഫ്‌ളാറ്റ്, ആല്‍ഫാ സെറീന്‍ ഇരട്ട കെട്ടിടങ്ങള്‍ എന്നിവ നിയന്ത്രിത സ്‌ഫോടനത്തിലൂടെ പൊളിച്ചുനീക്കുന്നത് സമീപത്തെ കെട്ടിടത്തിന്റെ കക്കൂസില്‍ ഒളിച്ചിരുന്നാണ് ഇവര്‍ റിപോര്‍ട്ട് ചെയ്തത്. കെട്ടിടത്തിലെ മുഴുവന്‍ പേരെയും പോലിസ് ഒഴിപ്പിച്ചെങ്കിലും പോലിസിന്റെ കണ്ണുവെട്ടിച്ചാണ് മാധ്യമപ്രവര്‍ത്തകര്‍ കക്കൂസിനുള്ളില്‍ കഴിഞ്ഞത്. ഇക്കാര്യം സ്വന്തം ചാനലിലൂടെ മറ്റൊരു വാര്‍ത്തയിലൂടെയാണ് പുറംലോകത്തെ അറിയിച്ചതും. ഇതേത്തുടര്‍ന്ന് മാധ്യമപ്രവര്‍ത്തകരുടെ നടപടിക്കെതിരേ സാമൂഹിക മാധ്യമങ്ങളില്‍ വിമര്‍ശനമുയര്‍ന്നിരുന്നു.