മരട് ഫ്‌ളാറ്റ്: ഉടമകള്‍ക്ക് സാധനങ്ങള്‍ നീക്കംചെയ്യാനുള്ള സമയപരിധി ഇന്ന് അവസാനിക്കും

തങ്ങളുടെ ഉടമസ്ഥതയിലുള്ള ഫ്‌ളാറ്റുകളില്‍നിന്ന് മുഴുവന്‍ സാധനങ്ങളും നീക്കംചെയ്യുന്നതിന് ആവശ്യമായ സമയം ലഭിച്ചില്ലെന്ന് കാണിച്ച് ഏതാനും ഫ്‌ളാറ്റുടമകള്‍ നേരത്തെ ജസ്റ്റിസ് ബാലകൃഷ്ണന്‍ നായര്‍ കമ്മീഷനെ സമീപിച്ചിരുന്നു.

Update: 2019-11-06 01:39 GMT

കൊച്ചി: സുപ്രിംകോടതി വിധിയെത്തുടര്‍ന്ന് പൊളിക്കാനിരിക്കുന്ന മരടിലെ ഫ്‌ളാറ്റുകളിലെ ഉടമകള്‍ക്ക് തങ്ങളുടെ പേരിലുണ്ടായിരുന്ന ഫ്‌ളാറ്റുകളില്‍നിന്ന് സാധനങ്ങള്‍ നീക്കംചെയ്യാന്‍ ഇന്നുകൂടി അവസരം. രാവിലെ ഒമ്പതു മുതല്‍ വൈകീട്ട് അഞ്ചുവരെയാണ് സാധനങ്ങള്‍ നീക്കംചെയ്യാന്‍ അനുമതി നല്‍കിയിരിക്കുന്നത്. തങ്ങളുടെ ഉടമസ്ഥതയിലുള്ള ഫ്‌ളാറ്റുകളില്‍നിന്ന് മുഴുവന്‍ സാധനങ്ങളും നീക്കംചെയ്യുന്നതിന് ആവശ്യമായ സമയം ലഭിച്ചില്ലെന്ന് കാണിച്ച് ഏതാനും ഫ്‌ളാറ്റുടമകള്‍ നേരത്തെ ജസ്റ്റിസ് ബാലകൃഷ്ണന്‍ നായര്‍ കമ്മീഷനെ സമീപിച്ചിരുന്നു. ഇതോടൊപ്പം, ഫ്‌ളാറ്റ് സമുച്ചയങ്ങളിലെ ജനറേറ്റര്‍, ലിഫ്റ്റ് പോലുള്ള പൊതുസൗകര്യങ്ങളുടെ ഉടമസ്ഥാവകാശം ഉന്നയിച്ച് റസിഡന്റ്‌സ് അസോസിയേഷനുകളും കമ്മീഷനെ സമീപിച്ചിരുന്നു. തുടര്‍ന്നാണ് ഫ്‌ളാറ്റ് ഉടമകള്‍ക്കും അസോസിയേഷനും സാധനങ്ങള്‍ നീക്കുന്നതിന് എട്ടുമണിക്കൂര്‍ സമയംകൂടി അനുവദിക്കാന്‍ തീരുമാനമായത്.

സാധനസാമഗ്രികള്‍ നീക്കംചെയ്യുന്ന സമയത്ത്, ഫ്‌ളാറ്റ് ഉടമകള്‍, റസിഡന്റ്‌സ് അസോസിയേഷന്‍ പ്രതിനിധികള്‍ എന്നിവരെക്കൂടാതെ മുനിസിപ്പല്‍ അധികൃതര്‍, കെട്ടിടങ്ങള്‍ പൊളിക്കാന്‍ കരാര്‍ എടുത്ത കമ്പനികളുടെ പ്രതിനിധികള്‍ എന്നിവരുമുണ്ടാവണമെന്നും നിര്‍ദേശമുണ്ട്. അതിനിടെ, മരടിലെ ഫ്‌ളാറ്റുകളിലെ താമസക്കാരായ ഏഴുപേര്‍ക്കുകൂടി നഷ്ടപരിഹാരം നല്‍കാന്‍ ജസ്റ്റിസ് കെ ബാലകൃഷ്ണന്‍ നായര്‍ കമ്മിറ്റി ശുപാര്‍ശ ചെയ്തു. മുഖ്യമന്ത്രിയുടെ മാധ്യമ ഉപദേഷ്ടാവ് ജോണ്‍ ബ്രിട്ടാസ് അടക്കമുള്ളവര്‍ക്കാണ് 25 ലക്ഷം രൂപ നഷ്ടപരിഹാരത്തിന് ശുപാര്‍ശയുള്ളത്. ഇതോടെ 227 ഫ്‌ളാറ്റ് ഉടമകള്‍ക്ക് നഷ്ടപരിഹാരം നല്‍കാനുള്ള നടപടിയായി. അതേസമയം, മരടിലെ ഫഌറ്റ് സമുച്ചയങ്ങള്‍ നിയന്ത്രിത സ്‌ഫോടനത്തിലൂടെ പൊളിക്കാനുള്ള നടപടികള്‍ അധികൃതര്‍ വേഗത്തിലാക്കി. ഫ്‌ളാറ്റ് സമുച്ചയങ്ങളിലെ പാര്‍ക്കിങ് ഏരിയകള്‍ പൊളിച്ചുനീക്കിത്തുടങ്ങി. മുംബൈ ആസ്ഥാനമായ എഡിഫസ് കമ്പനിയാണ് ജെയിന്‍ കോറല്‍കോവ് ഫ്‌ളാറ്റ് സമുച്ചയം പൊളിക്കാനുള്ള നടപടികള്‍ക്ക് നേതൃത്വം നല്‍കുന്നത്. 

Tags:    

Similar News